സഊദി സിവിൽ എവിയേഷൻ സർക്കുലർ പുറത്തിറക്കി, പ്രവേശന മാർഗ്ഗനിർദേശങ്ങൾ നൽകി വിമാന കമ്പനികൾ
റിയാദ്: സഊദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് പ്രത്യേക മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് അനുമതി നൽകിയതോടെ വിമാന കമ്പനികളും ഒരുക്കങ്ങൾ തുടങ്ങി. ഇത് സംബന്ധിച്ച് വിമാന കമ്പനികൾ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. സഊദിയിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് സഊദിയിൽ വെച്ച് രണ്ട് ഡോസും സ്വീകരിച്ചവർക്കാണ് നേരിട്ട് തിരിച്ചെത്താൻ അനുമതി നൽകിയിരിക്കുന്നത്.
ഇത്തരത്തിൽ യാത്രക്കാരെ കൊണ്ട് പോകുമെന്ന് ഈജിപ്ത് എയർലൈൻസ് അറിയിച്ചു. സെപ്തംബർ ഒന്നു മുതൽ സർവീസ് തുടങ്ങുമെന്നാണ് ഈജിപ്ത് എയർ വ്യക്തമാക്കിയത്. കൊവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി സഊദി നേരിട്ട് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിലൊന്നായിരുന്നു ഈജിപ്ത്. റിയാദ്, ജിദ്ദ, മദീന, ദമാം, ഖസീം സെക്ടറുകളിലേക്കാണ് സെപ്തംബർ ഒന്നു മുതൽ സർവീസ് തുടങ്ങാനിരിക്കുന്നത്.
ഇതേ മാനദണ്ഡത്തിൽ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുള്ള മാതാപിതാക്കളുടെ മടക്കയാത്രയിൽ 18 വയസ്സിന് താഴെയുള്ള അവരുടെ സഊദി താമസക്കാരായ കുട്ടികൾക്കും അനുമതി നൽകുമെന്ന് സിവിൽ എവിയേഷൻ അതോറിറ്റി അറിയിച്ചതായി വിമാന കമ്പനി അറിയിച്ചു. ഈ കുട്ടികൾ രാജ്യത്തിനകത്ത് പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ലെങ്കിൽ പോലും അവർക്ക് സഊദിയിൽ നിന്ന് കുത്തിവെപ്പ് എടുത്ത രക്ഷിതാക്കൾക്കൊപ്പം പ്രവേശനം അനുവദിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ, ഇങ്ങനെ വന്നുകഴിഞ്ഞാൽ അവരെ ഹോം ക്വാറന്റൈനിൽ വിധേയരാക്കുമെന്നും സഊദി സിവിൽ എവിയേഷൻ അതോറിറ്റി അറിയിച്ചതായി വിമാന കമ്പനി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."