പാര്‍ട്ടിക്ക് ഒന്നും ഒളിച്ചുവെക്കാന്‍ ഇല്ല, പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടോയെന്നും കത്തിന്റെ ഉറവിടവും പാര്‍ട്ടി അന്വേഷിക്കും: ആനാവൂര്‍
തിരുവനന്തപുരം: നിയമന വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെയും കോര്പറേഷന് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര് അനിലിന്റെയും പേരില്‍ പുറത്തുവന്ന കത്തുകളെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്. രണ്ടുപേരും എഴുതിയ കത്തുകളെക്കുറിച്ചും പരിശോധിക്കുമെന്നും ജില്ലാ കമ്മറ്റി യോഗത്തിനു ശേഷം അദ്ദേഹം പറഞ്ഞു.
കത്ത് വിവാദത്തില്‍ ഒന്നും ഒളിച്ചുവെക്കാനില്ല. പുറത്തുവന്ന കത്ത് വ്യാജമാണോ അല്ലയോ എന്ന് അന്വേഷണത്തില്‍ വ്യക്തമാകട്ടേ. എല്ലാ വശങ്ങളും അന്വേഷിക്കും. പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടോ എന്നതടക്കം അന്വേഷിക്കും. ആര് തെറ്റ് ചെയ്താലും നടപടിയെടുക്കുമെന്നും ആനാവൂര്‍ പറഞ്ഞു.
കരാര്‍ നിയമനത്തിന് പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ടുള്ള ഡി ആര് അനിലിന്റെ കത്തിനെ ആനാവൂര്‍ ന്യായീകരിച്ചു. കുടുംബശ്രീയില്‍ നിന്ന് പെട്ടെന്ന് ലിസ്റ്റ് കിട്ടാനായിരുന്നു കത്ത്. അനിലിന്റെ കത്ത് ശരിയാണോയെന്ന് പരിശോധിച്ച് നടപടിയെടുക്കുമെന്നും ആനാവൂര്‍ പറഞ്ഞു.
അഴിമതി കണ്ടെത്തിയ മേയറെ ക്രൂശിക്കാനാണ് ചിലരുടെ ശ്രമമെന്ന് ആനാവൂര്‍ ആരോപിച്ചു. മാധ്യമങ്ങള്‍ പ്രതിഷേധങ്ങള്‍ക്ക് ഇന്ധനം പകരുകയാണ്. എസ്.സി ഫണ്ട് തട്ടിപ്പില്‍ സിപിഎമ്മുകാര്‍ക്ക് പങ്കില്ല. നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും ആനാവൂര്‍ അവകാശപ്പെട്ടു. തെളിവുണ്ടെങ്കില്‍ തെറ്റ് ചെയ്ത ആര്‍ക്കെതിരെയും പാര്‍ട്ടി നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."