'ഗോദി മീഡിയയായി' മാധ്യമങ്ങളെ മാറ്റാനാണ് ഗവര്‍ണറുടെ ശ്രമം, മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടത് ജനാധിപത്യത്തോടുള്ള അവഹേളനമെന്ന്: സി.പി.എം
തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തില്‍ നിന്നും മാധ്യമ പ്രതിനിധികളെ ഇറക്കി വിട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ജനാധിപത്യ മൂല്യങ്ങളോടുള്ള കടുത്ത അവഹേളനമാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. നേരത്തെ അനുവാദം വാങ്ങിയ ശേഷം വാര്‍ത്താ സമ്മേളനത്തിന് എത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് ഗവര്‍ണര്‍ പുറത്താക്കിയെന്നത് അത്യന്തം ഗൗരവതരമാണ്. ഈ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരേയുള്ള കടന്നുകയറ്റമാണ്.
അടിയന്തരാവസ്ഥക്കാലത്ത് പോലും കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് ഗവര്‍ണറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഗവര്‍ണറുടെ ഈ നപടി സത്യപ്രതിജ്ഞാ ലംഘനവും, ഭരണഘടനാ ലംഘനവും കൂടിയാണ്. ഭരണഘടനയിലെ 19(1) (എ) വകുപ്പ് ഉറപ്പ് നല്‍കുന്ന അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെയാണ് അത് സംരക്ഷിക്കാന്‍ ചുമതലപ്പെട്ട ഗവര്‍ണര്‍ തന്നെ ചവിട്ടിമെതിച്ചത്. സ്‌റ്റേറ്റ് പൗരനോട് വിവേചനം കാട്ടരുതെന്ന് വിഭാവനം ചെയ്യുന്ന ഭരണഘടനയുള്ള രാജ്യത്താണ് ഗവര്‍ണര്‍ തന്നെ അത് ലംഘിക്കാന്‍ തയ്യാറായിട്ടുള്ളത്.
ജനാധിപത്യത്തോടും, തുറന്ന സംവാദത്താടും താല്‍പര്യമില്ലാത്ത ഗവര്‍ണര്‍ താന്‍ പറയുന്നത് മാത്രം കേട്ടാല്‍ മതിയെന്ന ധാര്‍ഷ്ട്യമാണ് പ്രകടിപ്പിച്ചത്. ഭരണാധികാരിയുടെ മടിയില്‍ കയറിയിരുന്ന് അവരെ സുഖിപ്പിച്ച് മാത്രം സംസാരിക്കുന്ന 'ഗോദി മീഡിയയായി' കേരളത്തിലെ മാധ്യമങ്ങളെയും മാറ്റാനാണ് ഗവര്‍ണറുടെ ശ്രമം. അതിന് വഴങ്ങികൊടുത്തില്ലെങ്കില്‍ പുറത്താക്കുമെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കിയത്.
ഗവര്‍ണറുടെ ജനാധിപത്യവിരുദ്ധവും എകാധിപത്യപരവുമായ ഈ നടപടികള്‍ക്കെതിരെ പുരോഗമന ജനാധിപത്യ കേരളം പ്രതിഷേധമാണുയര്‍ത്തിയത്. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റത്തിനെതിരെ മാധ്യമങ്ങളില്‍ നിന്ന് തന്നെ കടുത്ത പ്രതിഷേധം ഉയര്‍ന്നുവരുമെന്ന് പ്രതീക്ഷിക്കുന്നതായും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."