സംവരണം എന്ന ആശയം അട്ടിമറിക്കപ്പെടുന്നു
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും 10 ശതമാനം സംവരണം നൽകുന്ന 103ാം ഭരണഘടനാ ഭേദഗതി സുപ്രിംകോടതി ശരിവച്ചിരിക്കുന്നു. ഇതോടെ സാമ്പത്തിക സംവരണം ഇന്ത്യയിൽ ഏറെക്കാലത്തേക്ക് മാറ്റാൻ കഴിയാത്തവണ്ണം ഉറപ്പിക്കപ്പെട്ടു. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി, ജെ.ബി പാർഡിവാല എന്നിവർ മുന്നോക്ക സംവരണത്തെ അനുകൂലിച്ചപ്പോൾ ബെഞ്ചിന് നേതൃത്വം നൽകിയ ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവർ എതിർത്തു. സംവരണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളുടെ ലംഘനമാണ് സാമ്പത്തിക സംവരണമെന്ന നിലപാടാണ് ഈ രണ്ടു ജഡ്ജിമാരും സ്വീകരിച്ചത്. സാമ്പത്തികം അടിസ്ഥാനത്തിലുള്ള സംവരണത്തിൽ നിന്ന് പിന്നോക്ക വിഭാഗങ്ങളെ മാറ്റിക്കൊണ്ടുള്ള നടപടി ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കും സാമൂഹിക നീതിക്കും എതിരാണെന്ന ജസ്റ്റിസ് രവീന്ദ്രഭട്ടിന്റെ നിരീക്ഷണത്തെ ചീഫ് ജസ്റ്റിസും പിന്തുണച്ചിട്ടുണ്ട്.
മുന്നോക്ക സാമ്പത്തിക സംവരണം എന്ന ആശയം സംവരണത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ ലക്ഷ്യങ്ങളെ തകിടം മറിക്കുന്നതാണ്. ദാരിദ്ര്യ നിർമാർജന പദ്ധതിയല്ല പിന്നോക്ക സംവരണം. അത് രാഷ്ട്രീയമായും സാമൂഹ്യമായും അടിച്ചമർത്തപ്പെട്ട സാമൂഹ്യവിഭാഗങ്ങൾക്കുള്ള ഭരണഘടനാ പദ്ധതിയാണെന്നുമുള്ള ആശയം ഇതോടെ അട്ടിമറിക്കപ്പെടുകയാണ്. സാമ്പത്തിക സംവരണം, അവസര തുല്യത സംബന്ധിച്ച അടിസ്ഥാന ഭരണഘടനാ കാഴ്ചപ്പാടിന് തന്നെ എതിരാണ്. ഭരണഘടനയുടെ പതിനാറാം വകുപ്പാണ് അവസരങ്ങളിലെ തുല്യ പരിഗണന വിഭാവനം ചെയ്യുന്നത്. ഇതിലെ നാലാം ഉപവകുപ്പാണ് സംവരണത്തിന് ഭരണഘടനാ പരിരക്ഷ നൽകുന്നത്. രാഷ്ട്രത്തിനു കീഴിൽ മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത പിന്നോക്ക വിഭാഗത്തിൽ പെടുന്ന പൗരൻമാർക്ക് നിയമനങ്ങളും തസ്തികകളും നീക്കിവയ്ക്കുന്ന ഏതെങ്കിലും നിയമനിർമാണത്തിന് തടസ്സമല്ലെന്ന് ഈ ഉപവകുപ്പ് പറയുന്നു.
1993 ലെ ഇന്ദിര സാഹ്നി കേസിൽ സുപ്രിംകോടതി സംവരണം സംബന്ധിച്ച ഭരണഘടനാ തത്വം അസന്നിഗ്ധമായി വിശദീകരിച്ചിട്ടുണ്ട്. സാമ്പത്തിക പിന്നോക്കാവസ്ഥയല്ല, സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയാണ് സംവരണത്തിന് അടിസ്ഥാനമാക്കേണ്ടത് എന്നാണ് കോടതി വിധിച്ചത്. സാമ്പത്തിക പിന്നോക്കാവസ്ഥ മാനദണ്ഡമല്ലെന്നും പറഞ്ഞു. സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കലല്ല സംവരണത്തിന്റെ ലക്ഷ്യം. പ്രാതിനിധ്യത്തിലെ നീതിയാണ് അതുകൊണ്ട് ലക്ഷ്യമാക്കുന്നത്. തുല്യാവസരവും അർഹിക്കുന്ന പ്രാതിനിധ്യവും എല്ലാ മനുഷ്യർക്കും ഇല്ലാതെപോയത് നമ്മുടെ സാമൂഹ്യ വ്യവസ്ഥയുടെ കുഴപ്പമാണ്. മുന്നോക്ക വിഭാഗങ്ങൾക്ക് പ്രാതിനിധ്യത്തിന്റെ പ്രശ്‌നമില്ല. രാഷ്ട്രത്തിന് കീഴിൽ സകല പ്രാതിനിധ്യവും അനുഭവിച്ചുവരുന്നവർക്ക്, സാമ്പത്തിക പിന്നോക്കാവസ്ഥ മാത്രം മാനദണ്ഡമാക്കി നൽകുന്നത് ഭരണഘടനയോടുള്ള വഞ്ചനയാണ്.
സംവരണം ഇനിയും ഏറെ നാൾ വേണ്ടതില്ലെന്ന പതിവ് സവർണ പൊതുബോധ വ്യാകുലതകളും സുപ്രിംകോടതിയുടെ ഭൂരിപക്ഷ വിധി പങ്കുവയ്ക്കുന്നുണ്ട്. ജാതി വിവേചനം ജനനം മൂലം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് സഞ്ചരിക്കുന്നതാണ്. എന്നാൽ ദാരിദ്ര്യം അങ്ങനെയല്ല. സംവരണമില്ലാത്ത കുടുംബങ്ങളിൽ തലമുറകളോളം ദാരിദ്ര്യം ഉണ്ടെന്ന് കാണിക്കാൻ പഠനങ്ങളൊന്നും നടന്നിട്ടില്ല. താൽക്കാലികമായി ദാരിദ്ര്യമുണ്ടെന്നത് ശാശ്വത പ്രശ്‌നമായി കാണുകയും അതിന്റെ പേരിൽ സംവരണം ഏർപ്പെടുത്തുകയും ചെയ്യാനാവില്ലെന്നും കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് യു.യു ലളിത് നിരീക്ഷിച്ചിരുന്നു. സംവരണത്തിന്റെ പേരിൽ നടന്ന വലിയ വിവേചനം കൂടിയാണ് 103ാം ഭരണഘടനാ ഭേദഗതി. മുന്നോക്ക ജാതിക്കാരിലെ പിന്നോക്കക്കാർക്ക് മാത്രമേ സംവരണമുള്ളൂ. പിന്നോക്ക ജാതിക്കാരിലൊരാൾ സാമ്പത്തികമായി അതിലും വലിയ ദാരിദ്ര്യാവസ്ഥയിലാണെങ്കിലും അവർക്ക് ഈ സംവരണത്തിന് അർഹതയുണ്ടാകില്ല. സംവരണവും ദാരിദ്ര്യവും തമ്മിൽ ബന്ധമൊന്നുമില്ല.
അതോടൊപ്പമാണ് പരമാവധി സംവരണം 50 ശതമാനത്തിൽ കൂടരുതെന്ന സുപ്രിംകോടതി വിധി. പല സംസ്ഥാനങ്ങളിലും നിലവിൽ 50 ശതമാനം സംവരണമുണ്ട്. അതിലേക്ക് 10 ശതമാനം മുന്നോക്ക സംവരണം കൂടി ചേരുന്നതോടെ ഇത് 50 കടക്കും. ഇതും സുപ്രിംകോടതിയുടെ മുൻകാല വിധിക്ക് എതിരാണ്. സാമ്പത്തിക സംവരണത്തിൽ പിന്നോക്ക വിഭാഗങ്ങളെ ഒഴിവാക്കിയത് ഭരണഘടനാവിരുദ്ധമല്ലെന്നാണ് സംവരണത്തെ അനുകൂലിച്ച മൂന്ന് ജസ്റ്റിസുമാരും ചൂണ്ടിക്കാട്ടിയത്. 2019 ജനുവരിയിലാണ് 103ാമത് ഭരണഘടനാ ഭേദഗതി പാർലമെന്റ് പാസാക്കുന്നത്. അന്ന് അതിനെ ലോക്‌സഭയിൽ എതിർത്തത് മുസ്‌ലിം ലീഗിന്റെ രണ്ടംഗങ്ങളും അസദുദ്ദീൻ ഉവൈസിയും മാത്രമാണ്. ഇടതുപാർട്ടികൾ അന്ന് ഒളിച്ചുകളിച്ചു. കേരളത്തിലും മുന്നോക്ക സംവരണം നടപ്പാക്കി. സുപ്രിംകോടതിയിൽ നിലപാട് അറിയിക്കാൻ അവസരമുണ്ടായിട്ടും കേരളം അതിന് തയാറായില്ല.
ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഒന്നാം കേരള സർക്കാർ തന്നെ നടപ്പാക്കാൻ ശ്രമിച്ച ആശയമാണ് സാമ്പത്തിക സംവരണം. ഇ.എം.എസിന്റെ അധ്യക്ഷതയിലുള്ള ഒന്നാം ഭരണപരിഷ്‌കരണ കമ്മിഷൻ ഇത് ശുപാർശ ചെയ്തിരുന്നു. എന്നാൽ പിന്നോക്കന്യൂനപക്ഷ സംഘടനകൾ ഇതിനെ പ്രതിരോധിച്ചു. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ശ്രമം മുസ് ലിം ലീഗ് എതിർത്തു തോൽപിച്ചു. മണ്ഡൽ കമ്മിഷൻ ശുപാർശ അനുസരിച്ച് പിന്നോക്കക്കാർക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്തിയതിനൊപ്പം പത്ത് ശതമാനം മുന്നോക്ക സംവരണവും നൽകിയത് സുപ്രിംകോടതി റദ്ദാക്കി. തുടർന്നാണ് ഒന്നാം നരേന്ദ്രമോദി സർക്കാർ ഭരണഘടന ഭേദഗതി ചെയ്ത് മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം സാധ്യമാക്കിയത്. ഏറെക്കാലമായി സംവരണം എന്ന ആശയത്തെത്തന്നെ എതിർക്കുന്ന സവർണ, മുന്നോക്ക വിഭാഗങ്ങൾ സംവരണത്തിലൂടെത്തന്നെ തങ്ങളുടെ സാമൂഹ്യാധീശത്വം തിരിച്ചുപിടിക്കാൻ നടത്തിയ ഏറ്റവും പുതിയ നീക്കമാണ് സാമ്പത്തിക സംവരണം. സാമൂഹ്യനീതിക്കായുള്ള പോരാട്ടം തുടരേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."