സവർണ സംവരണം വിധി സൃഷ്ടിക്കുന്ന തുടർചലനങ്ങൾ
വി.ആർ ജോഷി
103ാം ഭരണഘടന ഭേദഗതി നിയമത്തിലൂടെ സവർണ ജാതികൾക്ക് ഏർപ്പെടുത്തിയ സംവരണത്തിന്റെ സാധുത സുപ്രിംകോടതി ശരിവച്ചിരിക്കുന്നു. അഞ്ചംഗ ഭരണഘടന ബെഞ്ചിൽ മൂന്നുപേർ അനുകൂലിച്ചും രണ്ടുപേർ എതിർത്തും വിധിയെഴുതി. എതിർത്ത് വിധിയെഴുതിയത് ചീഫ് ജസ്റ്റിസ് യു.യു ലളിതും ജസ്റ്റിസ് ഭട്ടുമാണ്. അനുകൂലിച്ച് വിധിയെഴുതിയത് ജസ്റ്റിസുമാരായ ബേലത്രിവേദി, മഹേശ്വരി, പാർഡിവാല എന്നിവരാണ്. സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധവും ഭരണഘടനയുടെ ധാർമികതയും അടിത്തറയും തകർക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി റിട്ട. ജസ്റ്റിസ് വി. ഈശ്വരയ്യ ദേശീയ ചെയർമാനും ഈ ലേഖകൻ സംസ്ഥാന പ്രസിഡൻ്റുമായ ഓൾ ഇന്ത്യ ബാക്ക്‌വേർഡ് ക്ലാസസ് ഫെഡറേഷനും ഹരജി സമർപ്പിച്ചിരുന്നു. ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളുടെ നിലവിലെ നിലവാരവും നിലപാടുകളും പരിശോധിച്ചാൽ സവർണ ജാതികൾക്ക് ഏർപ്പെടുത്തിയ സംവരണം റദ്ദാക്കപ്പെടുമെന്ന ഒരു പ്രതീക്ഷയും ഹർജിക്കാരായ ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല.
അതേസമയം, ചീഫ് ജസ്റ്റിസ് അടക്കം രണ്ടുപേർ ഈ നിയമത്തെ എതിർത്തു എന്നുള്ളത് പിന്നോക്ക സമുദായങ്ങൾക്ക് വലിയ ആവേശവും പ്രതീക്ഷയും നൽകുന്നതാണ്. അതുപോലെ 3:2 എന്ന അനുപാതത്തിലുള്ള വിധി സർക്കാരിനും സവർണ സമുദായങ്ങൾക്കും അത്ര ദഹിച്ചിട്ടില്ല. എന്തായാലും പുനഃപരിശോധന ഹരജിയിലൂടെ ഭൂരിപക്ഷ വിധി ചോദ്യം ചെയ്യാൻ ആലോചിക്കുന്നുണ്ട്. ഭൂരിപക്ഷ വിധിയിലെ അപാകതകളും പോരായ്മകളും പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ഈ വിധി പൊതുസമൂഹത്തിലും രാഷ്ട്രീയമേഖലയിലും തുടർചലനങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. പാവപ്പെട്ടവർക്ക് നൽകിയ സംവരണത്തിൽനിന്ന് എന്തുകൊണ്ടാണ് പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നോക്ക സമുദായങ്ങളെ ഒഴിവാക്കിയതെന്ന് വിശദീകരിക്കാൻ അവർ ബാധ്യസ്ഥരാകും, അഥവാ അതിന് അവർ നിർബന്ധിതരാകും.
ഇന്ത്യയുടെ പരമോന്നത നീതിപീഠങ്ങളിൽ സമൂഹത്തിൻ്റെ വ്യത്യസ്ത തലങ്ങളിലുള്ള, നാടിൻ്റെ സാമൂഹിക യാഥാർഥ്യങ്ങളെ തിരിച്ചറിയുന്ന ജഡ്ജിമാർ ഉണ്ടാവേണ്ടതിന്റെ ആവശ്യകത ഉയർന്നുവരികയും ഇതുവരെ പങ്കാളിത്തം ഇല്ലാതിരുന്ന സമൂഹങ്ങളുടെ പങ്കാളിത്തം ഹൈക്കോടതികളിലും സുപ്രിംകോടതിയിലും ആവശ്യമായി വന്നിരിക്കുന്നു എന്ന യാഥാർഥ്യവും ചർച്ച ചെയ്യപ്പെടും. നിയമസഭകളിലും പാർലമെന്റിലും പൊതുസമൂഹത്തെ ബാധിക്കുന്ന നിർണായക വിഷയങ്ങളിൽ യാതൊരു ചർച്ചയും ഇല്ലാതെ തീരുമാനങ്ങൾ എടുക്കുന്ന സാഹചര്യം ഒഴിവാക്കാൻ സമുദായങ്ങളോട് കൂറും കടപ്പാടുമുള്ള വ്യക്തികളെ തെരഞ്ഞെടുക്കാനുള്ള സാധ്യതകളും ഉയർന്നുവരും.
നിലവിൽ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ രാഷ്ട്രീയപാർട്ടികളോടുള്ള കൂറാണ് പുലർത്തുന്നത്. പാർട്ടികളെല്ലാം സവർണ താൽപര്യത്തിനൊപ്പമാണ്. ഈ സാഹചര്യത്തിൽ 'കമ്യൂണൽ അവാർഡ്' പോലുള്ള നിയമനിർമാണത്തെക്കുറിച്ചും ചർച്ചകളുണ്ടാവും. വി.പി സിങ് ഗവൺമെന്റിന്റെ കാലത്ത് മണ്ഡൽ ശുപാർശകൾ നടപ്പാക്കിയ ശേഷമുണ്ടായ രാഷ്ട്രീയ ധ്രുവീകരണത്തിന് സമാനമായ രാഷ്ട്രീയ സാഹചര്യങ്ങൾക്കും സാധ്യത വളർന്നുവരും. എന്തായാലും ഈ വിധി ഇന്ത്യയിലെയും വിശിഷ്യാ കേരളത്തിലെയും മുസ് ലിം അടക്കമുള്ള പിന്നോക്ക സമുദായങ്ങൾക്കും പട്ടിക വിഭാഗങ്ങൾക്കും വഴിത്തിരിവായിരിക്കും.
(പിന്നോക്ക വിഭാഗ വികസന വകുപ്പ് മുൻ
ഡയരക്ടറും ഓൾ ഇന്ത്യ ബാക്ക്‌വേർഡ് ക്ലാസസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റുമാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."