കോടതിയിൽ ഉറക്കംനടിച്ച് കേരളത്തിന്റെ കൊടുംചതി ; ജഡ്ജിമാരെപ്പോലും അമ്പരപ്പിച്ച് കേരള അഭിഭാഷകൻ്റെ മൗനം
ഫൈസൽ കോങ്ങാട്
പാലക്കാട് • സാമ്പത്തികസംവരണ കേസിൽ സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചിനു മുന്നിൽ കേരളവും കേന്ദ്രവും കൈകോർത്തു പിന്നോക്കക്കാരെ വഞ്ചിച്ചു. ഭരണഘടനാ ബെഞ്ചിന് മുമ്പാകെ വാദം കേൾക്കുമ്പോൾ കേരള നിലപാട് വ്യക്തമാക്കാൻ അഭിഭാഷകർ ആരും ഹാജരായില്ലെന്നത് ഗൂഢാലോചനയുടെ ആഴം വ്യക്തമാക്കുന്നു. തമിഴ്നാടിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ശേഖർ നാഫ്‌ഡേ, ഭേദഗതിയെ എതിർത്ത് ശക്തമായ വാദം ഉന്നയിച്ചപ്പോൾ കേരളത്തിൻ്റെ അഭിഭാഷകൻ മുൻനിരയിൽ ഇരുന്ന് മൗനം പാലിച്ചത് ജഡ്ജിമാരെപ്പോലും അമ്പരപ്പിച്ചു. കേരളത്തിന്റെ അഭിഭാഷകനെ നോക്കി ചീഫ് ജസ്റ്റിസ് യു.യു ലളിത് അടുത്തിരുന്ന ജസ്റ്റിസ് ദിനേശ് മഹേശ്വരിയോട് 'കേരളം സംസാരിക്കാൻ ബാക്കിയുണ്ട്, അവരുടെ വാദം കേൾക്കാം' എന്ന് പറഞ്ഞിട്ടും അഭിഭാഷകൻ വാ തുറന്നില്ല. ഹരജികളിൽ കേരള സർക്കാരിന് നോട്ടിസ് ലഭിക്കാത്തതിനാലാണ് ഭരണഘടനാ ബെഞ്ചിന് മുമ്പാകെ വാദിക്കാതിരുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ സർക്കാർ നിലപാട് എഴുതി നൽകിയുമില്ല. സെപ്റ്റംബർ 13മുതൽ ആറര ദിവസം നീണ്ട വാദമാണ് നടന്നത്.
അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ ഉൾപ്പെടെ പങ്കാളിയായെങ്കിലും ക്രിയാത്മക വാദമുഖങ്ങളുയർത്തുകയോ, സർക്കാർ നിലപാട് വ്യക്തമാക്കുകയോ ചെയ്തില്ലെന്നതാണ് ശ്രദ്ധേയം. ഈ കേസിൽ സർക്കാർ നിലപാട് മുന്നോക്കക്കാരുടെ കൂടെയാണെന്ന് വ്യക്തമാകുന്ന രീതിയിലാണ് അഭിഭാഷകർ പ്രവർത്തിച്ചത്. അതേസമയം തമിഴ്‌നാടിൻ്റെ അഭിഭാഷകർ ശക്തമായ വാദമുഖങ്ങളുയർത്തിയെങ്കിലും കേരളത്തിന്റെ നിസഹകരണം അവരെ ഒറ്റപ്പെടുത്തുന്നതിന് സമാനമായ സാഹചര്യമാണുണ്ടാക്കിയത്. സുപ്രിംകോടതി വിധി കൂടുതൽ സ്വാധീനിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്നറിഞ്ഞിട്ടും സർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ച സമീപനം പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തുമെന്ന് ഉറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."