HOME
DETAILS
MAL
ആദ്യം കൊവിഡെത്തിയ കേരളം ഇപ്പോഴും പൊരുതുന്നു
backup
August 26 2021 | 03:08 AM
മറ്റു സംസ്ഥാനങ്ങള്‍ സാധാരണനിലയില്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങള്‍ സാധാരണനിലയിലെത്തിയിട്ടും കേരളം ഇപ്പോഴും കൊവിഡിനെതിരേ പൊരുതുന്നു. ചൊവ്വാഴ്ച രാജ്യത്ത് 37,593 പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട്‌ചെയ്തതില്‍ 24,000ഉം മൂന്നരക്കോടി മാത്രം ജനസംഖ്യയുള്ള കേരളത്തിലാണ്. രാജ്യത്ത് ആദ്യം കൊവിഡ് റിപ്പോര്‍ട്ട്‌ചെയ്ത കേരളത്തില്‍ കേസുകളുടെ നിരക്ക് കുത്തനെ ഉയരുമ്പോള്‍ നേരത്തെ ഭീകരമായ സാഹചര്യമുണ്ടായിരുന്ന ഡല്‍ഹിയടക്കമുള്ള സംസ്ഥാനങ്ങളെല്ലാം ഏറെക്കുറേ സാധാരണനിലയിലാണിപ്പോള്‍. കേരളത്തില്‍ ഇന്നലെ 31,445 പുതിയ രോഗികളാണുണ്ടായത്. ഡല്‍ഹിയില്‍ നൂറില്‍ താഴെയാണ് ഇപ്പോള്‍ പ്രതിദിന കേസുകള്‍. കര്‍ണാടകയില്‍ 1,200നും തമിഴ്‌നാട്ടില്‍ 1,500നും അടുത്താണ് ഒരാഴ്ചയായി പ്രതിദിന കേസുകള്‍.
തീവ്രസ്വഭാവം കുറഞ്ഞു
കേരളത്തില്‍ കേസുകള്‍ ഉയര്‍ന്നനിലയില്‍ എത്തിയെങ്കിലും വാക്‌സിനേഷന്‍ വിപുലമാക്കിയതോടെ തീവ്ര കൊവിഡ് ലക്ഷണങ്ങള്‍ കുറഞ്ഞിട്ടുണ്ട്. ജൂണ്‍ ഒന്നിന് തീവ്രപരിചരണവിഭാഗത്തില്‍ 3,825ഉം വെന്റിലേറ്ററില്‍ 1,459ഉം പേരാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച ഇത് യഥാക്രമം 2,057, 761 ആയി കുറഞ്ഞത് ആശ്വാസമാണ്. ചൊവ്വാഴ്ച ഇന്ത്യയിലെ ആകെ കൊവിഡ് കേസുകളില്‍ 65 ശതമാനത്തിന് മുകളിലും കേരളത്തിലാണെങ്കില്‍ മൊത്തം മരണത്തിന്റെ മൂന്നിലൊന്ന് മാത്രമേ സംസ്ഥാനത്തുള്ളൂ.
കര്‍ണാടക
കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് കടക്കാന്‍ ഏഴുദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. കേരളത്തില്‍ നിന്നെത്തിയവരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ നിരവധിപേര്‍ പോസിറ്റീവ് ആയതായി കണ്ടെത്തിയതോടെയാണ് ഒരാഴ്ചത്തെ ക്വാറന്റൈന്‍ എന്ന വ്യവസ്ഥ കര്‍ണാടക മുന്നോട്ടുവച്ചത്. കര്‍ണാടകയില്‍ നിയന്ത്രണങ്ങളോടെയെങ്കിലും സ്‌കൂളുകളും കോളജുകളും തുറന്നു. രാത്രി ഒമ്പത് മണിക്കു ശേഷമുള്ള കര്‍ഫ്യൂവും ഞായറാഴ്ചകളില്‍ അതിര്‍ത്തിജില്ലകളിലെ ലോക്ക്ഡൗണും മാത്രമാണ് നിലവിലുള്ളത്.
തമിഴ്‌നാട്
തമിഴ്‌നാട്ടിലേക്ക് പോവാന്‍ ഈ മാസം അഞ്ചുമുതല്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. റോഡ് മാര്‍ഗം വരുന്നവര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസും എടുത്ത സര്‍ട്ടിഫിക്കറ്റോ കൈയില്‍ കരുതണമെന്ന് തമിഴ്‌നാട് അതിര്‍ത്തിയില്‍ ബോര്‍ഡ് വച്ചിട്ടുമുണ്ട്. സിനിമാ തിയേറ്ററുകളും ബീച്ചുകളും മാളുകളും തുറന്നു. ഹൈസ്‌കൂള്‍ ക്ലാസുകള്‍ അടുത്തമാസം ഒന്നിന് തുറക്കും. ഏപ്രില്‍, മെയ് മാസങ്ങളില്‍ 37,000ന് മുകളില്‍ പ്രതിദിന കേസുകളാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അതാണ് കുത്തനെ കുറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."