HOME
DETAILS
MAL
യാത്രാനിയന്ത്രണ ഇളവ്: സത്യവാങ്മൂലം നല്‍കാന്‍ സമയം ആവശ്യപ്പെട്ട് കര്‍ണാടക
backup
August 26 2021 | 03:08 AM
കൊച്ചി: കര്‍ണാടക അതിര്‍ത്തി കടന്നുള്ള യാത്രാനിയന്ത്രണത്തില്‍ ഇളവ് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രോഗികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കച്ചവടക്കാര്‍ക്കും കര്‍ണാടക അതിര്‍ത്തി കടന്ന് യാത്ര ചെയ്യുന്നതിന് ഇളവ് അനുവദിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് സമര്‍പ്പിച്ച ഹരജിയിലാണ് കര്‍ണാടക കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. രോഗികളുള്‍പ്പെടെ അടിയന്തര ആവശ്യത്തിന് അതിര്‍ത്തി കടന്നു പോകുന്നതിന് അനുമതി നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പൂര്‍ണമായും പാലിച്ചിട്ടുണ്ടെന്നും കര്‍ണാടക എ.ജി കോടതിയെ അറിയിച്ചു. മരണാനന്തര ചടങ്ങുകളില്‍ സംബന്ധിക്കല്‍, രോഗികളുമായുള്ള യാത്ര എന്നിവ ഏതെങ്കിലും തരത്തില്‍ തടസപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. അടിയന്തര ചികിത്സ ആവശ്യമുള്ളവരെ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലമില്ലാതെ അതിര്‍ത്തി കടത്തി വിടണമെന്നായിരുന്നു കഴിഞ്ഞയാഴ്ച ഹൈക്കോടതി കര്‍ണാടകയോടു നിര്‍ദേശിച്ചത്. കര്‍ണാടക അതിര്‍ത്തി കടക്കാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ ഫലം വേണമെന്ന നിബന്ധനയ്‌ക്കെതിരേയാണ് പൊതുതാല്‍പര്യ ഹരജി നല്‍കിയത്. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."