വിരമിച്ച എന്‍.പി.എസ് ജീവനക്കാര്‍ക്ക് ഉത്സവബത്തയും ലഭിച്ചില്ല
നിസാം കെ അബ്ദുല്ല
കല്‍പ്പറ്റ: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട് വിരമിച്ച ജീവനക്കാര്‍ക്ക് ഉത്സവബത്തയുമില്ല. ഇക്കഴിഞ്ഞ രണ്ട് ഓണക്കാലത്തും ഇത്തരം ജീവനക്കാര്‍ക്ക് ഉത്സവബത്തയായി ഒരു രൂപ പോലും ലഭിച്ചില്ല. ധനകാര്യവകുപ്പിന്റെ 105/2020ലെ ഉത്തരവ് പ്രകാരം പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട വിരമിച്ച ജീവനക്കാര്‍ക്ക് 1000 രൂപ ഉത്സവബത്ത നല്‍കാന്‍ തീരുമാനിച്ചിരുന്നു. വിരമിച്ച ജീവനക്കാര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ഉത്തരവിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ രണ്ട് ഓണക്കാലങ്ങള്‍ പിന്നിട്ടിട്ടും ഇവര്‍ക്ക് പണം ലഭിച്ചില്ലെന്ന് മാത്രം.
നിരവധി ജീവനക്കാരാണ് ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടത്. അതേസമയം ഉത്സവ ബത്തയായി അനുവദിച്ച തുക വിരമിച്ച ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ അവകാശവാദം. വിവരാവകാശത്തിന് ലഭിച്ച മറുപടിയില്‍ 75ഓളം ആളുകള്‍ക്ക് പണം നല്‍കിയെന്നാണ് ധനകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി പറയുന്നത്. എന്നാല്‍ ഭൂരിഭാഗം വരുന്ന ആളുകള്‍ക്കും ഇത്തരത്തില്‍ ഒരു തുക അക്കൗണ്ടുകളില്‍ വന്നിട്ടില്ലെന്നതാണ് വസ്തുത.
സാലറി ചലഞ്ചില്‍ അടക്കം പങ്കെടുത്ത് സര്‍ക്കാരിന് പിന്തുണ നല്‍കിയ ജീവനക്കാരാണ് വിരമിച്ചവരില്‍ ഭൂരിഭാഗവും. എന്നിട്ടും തങ്ങളുടെ അവകാശങ്ങള്‍ പോലും അനുവദിച്ച് തരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന ആരോപണമാണ് ജീവനക്കാര്‍ ഉയര്‍ത്തുന്നത്. പതിറ്റാണ്ടുകളോളം താല്‍ക്കാലിക ജോലിയിലും മറ്റും സേവനം ചെയ്ത് വിരമിക്കലിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രം സ്ഥിരപ്പെട്ട ഇവര്‍ക്ക് പെന്‍ഷനായി ലഭിക്കുന്നത് പോലും 1500ല്‍ കുറഞ്ഞ തുകയാണ്. ഇത്തരത്തിലുള്ള ജീവനക്കാര്‍ക്കാണ് അവര്‍ക്ക് അവകാശപ്പെട്ട ഉത്സവബത്ത പോലും നല്‍കാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരിഹസിക്കുന്നത്്.
ഉത്സവബത്ത ലഭിച്ചില്ലെന്ന് കാണിച്ച് സാമൂഹിക ശിശു വികസന പദ്ധതിയില്‍ നിന്ന് വിരമിച്ച കോഴിക്കോട് നരിക്കുനി സ്വദേശിനി കൗസല്യ പരാതി നല്‍കിയിട്ടും നടപടികള്‍ ഒന്നുമുണ്ടായിട്ടില്ല. ഇക്കഴിഞ്ഞ ഓണത്തിന് മുന്‍പ് നല്‍കിയ പരാതി പോലും ഈ ജീവനക്കാരുടെ കാര്യത്തില്‍ പരിഗണിക്കപ്പെട്ടില്ലെന്നതാണ് വസ്തുത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."