പ്രതിഷേധങ്ങള്‍ക്കിടെ മേയര്‍ ഓഫിസിലെത്തിയത് കനത്ത പൊലിസ് അകമ്പടിയില്‍, കവചമൊരുക്കി സി.പി.എം കൗണ്‍സിലര്‍മാരും
തിരുവനന്തപുരം: കത്ത് നിയമനവിവാദത്തില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടയില്‍ മേയര്‍ ആര്യാ രാജേന്ദ്രന് കോര്പറേഷന് ഓഫിസിലെത്തിയത് കനത്ത പൊലിസ് അകമ്പടിയോടെ. മേയര്‍ക്ക് സുരക്ഷയൊരുക്കാന്‍ സി.പി.എം കൗണ്‍സിലര്‍മാരും ചുറ്റുമുണ്ടായിരുന്നു. ബി.ജെ.പി പ്രതിഷേധം തുടരുന്നതിനാല്‍ സാധാരണ പ്രവേശിക്കുന്ന പ്രധാന വാതില്‍ വിട്ട് മറ്റൊരു വഴിയിലൂടെയാണ് മേയര്‍ ഓഫിസിലെത്തിയത്.
കോര്പ്പറേഷന് ഓഫീസിനുമുന്നില്‍ കാറില്‍ ഇറങ്ങിയ മേയര്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്ന വഴിയില്‍ നിന്നും മാറി കൗണ്‍സില്‍ ഹാളിനുവശത്തുകൂടെയുള്ള വഴിയിലൂടെയാണ് ഓഫീസിലെത്തിയത്. പോലീസ് സുരക്ഷപോലും ഇല്ലാത്ത വഴിയാണ് മേയര്‍ മുറിയിലെത്താന്‍ തിരഞ്ഞെടുത്തത്. മേയര്‍ പ്രവേശിച്ചതിന് പിന്നാലെ ഗേറ്റ് അടയ്ക്കുകയും ചെയ്തു. മേയറുടെ പി.എയുടെ മുറിയ്ക്കുള്ളിലൂടെയാണ് തന്റെ ഓഫീസിലേക്ക് ആര്യാ രാജേന്ദ്രന് എത്തിയത്. മേയറുടെ ഓഫിസിനുമുന്നിലെ പ്രധാനവാതിലില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ ഈ സമയത്തും പ്രതിഷേധം നടത്തുന്നുണ്ടായിരുന്നു.
ഓഫിസിലേക്കിറങ്ങിയ മേയറുടെ വാഹനം തടഞ്ഞ് കെഎസ്!യു പ്രവര്ത്തകന് കരിങ്കൊടി കാണിച്ചിരുന്നു.വാഹനം തടഞ്ഞ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
മേയറുടെ ഓഫിസ് കവാടത്തിനു മുന്നില്‍ ബിജെപിയുടെ കൊടി നാട്ടിയിരുന്നു. ഓഫിസിനു മുന്നില്‍ കോണ്‍ഗ്രസിന്റെ സത്യഗ്രഹം തുടങ്ങി. മേയര്‍ക്ക് സംരക്ഷണമൊരുക്കാന്‍ സിപിഎം കൗണ്സിര്മാര് കോര്പറേഷന് ഓഫിസില്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."