HOME
DETAILS
MAL
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് തുടക്കം പിഴച്ചു
backup
August 26 2021 | 04:08 AM
ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടിയ ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ തീരുമാനം പിഴക്കുന്നതാണ് ലീഡ്‌സില്‍ കണ്ടത്. രണ്ടാം സെഷനില്‍ വെറും 78 റണ്‍സിന് ഇന്ത്യ കൂടാരം കയറി. രണ്ടു പേര്‍ മാത്രമേ ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നുള്ളൂ. രോഹിത് ശര്‍മ (19), അജിങ്ക്യ രഹാനെ (18) റണ്‍സ് നേടി. 105 പന്തുകള്‍ നേരിട്ടാണ് രോഹിത് 19 റണ്‍സെടുത്തത്. ഒരേയൊരു ബൗണ്ടറി മാത്രമേ ഈ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ.
രഹാനെ 54 പന്തില്‍ മൂന്നു ബൗണ്ടറികളോടെ 18 റണ്‍സെടുത്തു. കെ.എല്‍ രാഹുല്‍ (0), ചേതേശ്വര്‍ പുജാര (1),വിരാട് കോഹ്‌ലി (7), ഋഷഭ് പന്ത് (2), രവീന്ദ്ര ജഡേജ (4), മുഹമ്മദ് ഷമി (0), ജസ്പ്രീത് ബുംറ (0), മുഹമ്മദ് സിറാജ് (3) എന്നിവരെല്ലാം കാര്യമായ സംഭാവനകളൊന്നും നല്‍കാതെ ക്രീസ് വിട്ടു. ഇവരില്‍ ഷമിയും ബുംറയും ഗോള്‍ഡന്‍ ഡെക്കായിരുന്നു. മൂന്നു വിക്കറ്റ് വീതമെടുത്ത ജെയിംസ് ആന്‍ഡേഴ്‌സനും ക്രെയ്ഗ് ഒവേര്‍ട്ടനുമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നാശംവിതച്ചത്. മുന്‍നിരയിലെ മൂന്നു വിക്കറ്റുകളും ആന്‍ഡേഴ്‌സനായിരുന്നു. ഓലി റോബിന്‍സണും സാം കറെനും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 36 റണ്‍സെടുത്തിട്ടുണ്ട്. റോറി ബേണ്‍സ് (14), ഹസീബ് ഹമീദ് (19) എന്നിവരാണ് ക്രീസില്‍. 46 പന്തില്‍ മൂന്ന് ബൗണ്ടറിയോട് കൂടിയാണ് ഹസീബ് 19 റണ്‍സെടുത്തത്. 42 പന്ത് നേരിട്ട ബേണ്‍സ് 14 റണ്‍സെടുത്തു.
ലോര്‍ഡ്‌സില്‍ ജയിച്ച ടീമിനെ തന്നെ നിലനിര്‍ത്തിയാണ് കോഹ്‌ലി ഈ മത്സരത്തിലും ഇറങ്ങിയത്. മോശം ഫോമിലുള്ള ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ എന്നിവരിലൊരാള്‍ പുറത്തായേക്കുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും വിക്കറ്റ് ലഭിക്കാത്ത രവീന്ദ്ര ജഡേജയ്ക്കു പകരം ആര്‍. അശ്വിനെയും തിരിച്ചുവിളിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷെ കോഹ്‌ലി തന്റെ വിന്നിങ് കോമ്പിനേഷനില്‍ ഒരിക്കല്‍ക്കൂടി വിശ്വാസമര്‍പ്പിക്കുകയായിരുന്നു. മറുഭാഗത്ത് ഇംഗ്ലീഷ് ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തിയിരുന്നു. മോശം ഫോം തുടരുന്ന ഡൊമിനിക്ക് സിബ്ലിയെ പുറത്തിരുത്തി പകരം ഡേവിഡ് മലാനെ കളിപ്പിച്ചു. പരുക്കേറ്റു പിന്‍മാറിയ പേസര്‍ മാര്‍ക്ക് വുഡിനു പകരം ക്രെയ്ഗ് ഒവേര്‍ട്ടനും ടീമിലെത്തി. വിജയക്കുതിപ്പ് തുടരാനുറച്ചാണ് ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയിറങ്ങുന്നത്. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുമ്പിലാണ്. ആദ്യ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞപ്പോള്‍ പ്രശസ്തമായ ലോര്‍ഡ്‌സ് ഗ്രൗണ്ടില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 151 റണ്‍സിന് വിജയിച്ചിരുന്നു. ഈ ജയത്തിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഇന്ത്യയെ ഇംഗ്ലണ്ട് ബോളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മോശം സ്‌കോറുകളിലൊന്നാണ് ലീഡ്‌സിലേത്. ആദ്യം ബാറ്റ് ചെയ്തതില്‍ ഇന്ത്യ നേടുന്ന മോശം സ്‌കോറിറുകളിലൊന്നാണിത്. 1987 ഡല്‍ഹിയില്‍ വെസ്റ്റിന്‍ഡീസിനെതിരേ 75 റണ്‍സിന് ഔട്ടായതാണ് ഏറ്റവും കുറഞ്ഞ ടോട്ടല്‍. 2007 അഹമ്മദാബാദില്‍ ദക്ഷിണാഫ്രിക്കക്കെതിരേ ഇന്ത്യ 76 റണ്‍സിന് എല്ലാ വിക്കറ്റും നഷ്ടപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."