പഞ്ചായത്ത് പ്രസിഡന്റിനെതിരെ മോശം പദ പ്രയോഗം; വിവാദത്തില്‍ അകപ്പെട്ട് സജി ചെറിയാന്‍
ആലപ്പുഴ:വീണ്ടും വിവാദങ്ങളിലകപ്പെട്ട് മുന്‍ മന്ത്രി സജി ചെറിയാന്‍ എം.എല്‍.എ. ചെങ്ങന്നൂര് പാണ്ടനാട് വള്ളംകളിയുടെ സമാപന ചടങ്ങില്‍ വനിതാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ മോശം പദപ്രയോഗം നടത്തിയെന്നാണാണ് സജി ചെറിയാനെതിരെ ഇപ്പോള്‍ ഉയരുന്ന ആരോപണം. വള്ളംകളിയുടെ സമാപന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റിനെ അതിക്ഷേപിക്കുന്ന തരത്തില്‍ സജി ചെറിയാന്‍ സംസാരിക്കുന്ന ഓഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ചാമ്പ്യന്‍സ് ലീഗിന്റെ ഭാഗമായായി പാണ്ടനാട് നടത്തിയ വള്ളം കളിയില്‍ സജി ചെറിയാന്റെ നേതൃത്വത്തില്‍ ''ചെങ്ങന്നൂര്‍ പെരുമ'' എന്ന പേരില്‍ വിവിധ പരിപാടികള്‍ നടത്തിയിരുന്നു. ഇതില്‍ വിളംബര ഘോഷയാത്രയില്‍ ഒന്നാം സ്ഥാനം നേടിയത് ചെറിയനാട് പഞ്ചായത്താണ്. ഇതിനുള്ള സമ്മാനം സ്വീകരിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശിനെ ക്ഷണിച്ചിരുന്നു. എന്നാല്‍ പല തവണ ക്ഷണിച്ചിട്ടും എത്താതിരുന്നപ്പോള്‍ സജി ചെറിയാന്‍ ശബ്ദം താഴ്ത്തി മോശം വാക്ക് ഉപയോഗിച്ചെന്നാണ് വിവാദം. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഓഡിയോയിലും ഇത് വ്യക്തമാണ്. എന്നാല്‍ താന്‍ അങ്ങിനെ സംസാരിച്ചിട്ടില്ലെന്നും എഡിറ്റ് ചെയ്ത് നിര്‍മ്മിച്ച വ്യാജ റെക്കോര്‍ഡാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നുമാണ് സജി ചെറിയാന്റെ പ്രതികരണം.
പട്ടികജാതി വനിതാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ പരസ്യമായി അപമാനിച്ച സജി ചെറിയാന്‍ മാപ്പു പറയണമെന്ന് ബി.ജെ.പി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാര്‍ ആവശ്യപ്പെട്ടു. വനിത പഞ്ചായത്ത് പ്രസിഡന്റിനെ ജാതീയമായി അധിക്ഷേപിച്ച സജി ചെറിയാനെതിരെ സി.പി.എം നടപടി എടുക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."