HOME
DETAILS

പി.എഫ് വിധി ; തൊഴിലാളികൾക്ക് ആശ്വാസമോ?

  
backup
November 08 2022 | 20:11 PM

pf-verdict-2022


ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ അവകാശ സംരക്ഷണ ചരിത്രത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ ഇടവരുത്തുന്ന വിധിയാണ് പി.എഫ് വിഷയത്തിൽ സുപ്രിംകോടതിയിൽനിന്ന് ഉണ്ടായിട്ടുള്ളത്. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനും ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാൻഷു ധൂലിയ അംഗങ്ങളായ ബെഞ്ചിൽ നിന്നുമാണ് നിർണായക വിധി. 1995ലെ എംപ്ലോയിസ് പെൻഷൻ സ്‌കീമിൽ കാതലായ മാറ്റം വരുത്തിയ 2014ലെ ഭേദഗതി നിയമം തത്വത്തിൽ അംഗീകരിച്ചുകൊണ്ടും എന്നാൽ തൊഴിലാളികളുടെ ചില ആവശ്യങ്ങൾ വകവച്ചു കൊടുത്തുമാണ് സുപ്രിംകോടതി വിധി പ്രഖ്യാപനം.


തൊഴിൽ നിയമങ്ങളുടെ
പശ്ചാത്തലം


വ്യാവസായിക വിപ്ലവത്തെ തുടർന്ന് യൂറോപ്പിൽ വർധിച്ചതോതിലുള്ള ഉൽപാദനം സാധ്യമായി. ഉൽപാദന വർധനവിന് തൊഴിലാളികളെ അനിയന്ത്രിതമായി ചൂഷണം ചെയ്യേണ്ടത് അനിവാര്യമായിവന്നു. നഗരപ്രദേശങ്ങളിലേക്ക് തൊഴിൽ തേടി ജനങ്ങൾ ഒഴുകാൻ തുടങ്ങി. ക്ലിപ്തമായ തൊഴിൽ സമയം പാലിക്കാതെ തൊഴിലാളികളെക്കൊണ്ട് അമിത ജോലി ചെയ്യിപ്പിക്കാൻ മുതലാളിമാർ സമ്മർദം ചെലുത്തി. തുച്ഛമായ വേതനം, തൊഴിലിടങ്ങളിലെ അപകടം, സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവം, സ്ത്രീ സുരക്ഷയില്ലായ്മ തുടങ്ങി അനവധി പ്രശ്‌നങ്ങൾ തൊഴിലാളികളെ സാരമായി ബാധിച്ചു. 16,17,18 നൂറ്റാണ്ടുകളിൽ യൂറോപ്പിൽ തൊഴിലാളി സമരങ്ങൾ ചെറുതും വലുതുമായി അരങ്ങേറി. പല സമരങ്ങളെയും അധികാരികൾ നിഷ്ഠുരമായി അടിച്ചമർത്തി. ഏഷ്യൻ-ആഫ്രിക്കൻ-ലാറ്റിനമേരിക്കൻ കോളനി വാഴ്ച യാഥാർഥ്യമായപ്പോൾ ആഭ്യന്തര തൊഴിലാളികളെ സമാധാനിപ്പിക്കേണ്ടത് കോളനി ശക്തികൾക്ക് ആവശ്യമായിവന്നു. ഈ സാഹചര്യത്തിൽ തൊഴിലാളികൾക്ക് അനുകൂലമായ പല നിയമനിർമാണങ്ങളും വ്യവസായവത്കൃത രാജ്യങ്ങളിലുണ്ടായി. കുറഞ്ഞ കൂലി നിയമം, പ്രസവരക്ഷാ നിയമങ്ങൾ, ഫാക്ടറി നിയമങ്ങൾ, പെൻഷൻ നിയമങ്ങൾ, പ്രോവിഡന്റ് നിയമങ്ങൾ തുടങ്ങി സാമൂഹിക സുരക്ഷാനിയമങ്ങൾ യൂറോപ്യൻ പാർലമെന്റുകൾ പാസാക്കിയതിനെ തുടർന്ന് തൊഴിലാളികളുടെ അവസ്ഥ ഭേദപ്പെടാൻ തുടങ്ങി.


ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലും തൊഴിൽ നിയമങ്ങൾ വരുന്നത്. കച്ചവടത്തിനായി ഇവിടെ വന്ന ബ്രിട്ടിഷുകാർ ഭരണാധികാരികളായി മാറിയത് ചരിത്രമാണ്. ഇന്ത്യയിലെ അഭൂതപൂർവ പ്രകൃതിവിഭവങ്ങൾ കൊള്ളയടിച്ച് ഇംഗ്ലണ്ടിലേക്ക് കടത്താൻ വിപുലമായ അടിസ്ഥാന സംവിധാനങ്ങൾ ഇംഗ്ലീഷുകാർക്ക് ഒരുക്കേണ്ടിവന്നു. ഇന്ത്യൻ റെയിൽവേ ഉണ്ടാകുന്നത് അങ്ങനെയാണ്. വാർത്താവിനിമയ രംഗത്തും മാറ്റങ്ങളുണ്ടായി. ഇന്ത്യക്കാരെ കൊള്ളയടിക്കുന്നതിന് സുശക്തമായ ഭരണസംവിധാനവും ബ്രിട്ടിഷുകാർ ഇന്ത്യയിൽ സൃഷ്ടിച്ചു. കൂടാതെ, സൈനിക ആവശ്യങ്ങൾക്കുള്ള വ്യവസായ യൂനിറ്റുകൾ തുടങ്ങി. ചെറുതും വലുതുമായ വ്യവസായശാലകൾ ഈ കാലഘട്ടത്തിൽ ഇന്ത്യയിൽ ഉദയം ചെയ്തു.
ബ്രിട്ടിഷ് നിയമങ്ങളുടെ മാതൃകയിൽ ഇന്ത്യയിൽ ചില തൊഴിൽ നിയമങ്ങൾക്ക് അവർ തുടക്കം കുറിച്ചു. എന്നിരുന്നാലും തൊഴിലാളികളുടെ സ്ഥിതി കഷ്ടമായിരുന്നു. തൊഴിൽ സമരങ്ങൾ നിത്യസംഭവങ്ങളായി മാറി. ഭരണകൂട അടിച്ചമർത്തലുകളും അനുബന്ധമായുണ്ടായി. യൂറോപ്യൻ ആധുനികതയിൽനിന്ന് ആശയം ഉൾക്കൊണ്ടാണ് ഇന്ത്യൻ ദേശീയപ്രസ്ഥാനം ശക്തിപ്രാപിച്ചത്. അതുകൊണ്ടുതന്നെ തൊഴിലാളിക്ഷേമം ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യ അജൻഡകളിൽ ഒന്നായിരുന്നു. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം അധികാരത്തിൽ വന്ന ജനകീയ സർക്കാർ ഇന്ത്യക്കാരുടെ ജീവിത നിലവാരം ഉയർത്താനുള്ള പ്രയത്‌നത്തിൽ ഏർപ്പെട്ടു. കൊളോണിയൽ ഭരണത്തിന്റെ കെടുതികൾ അകറ്റാനുള്ള സമഗ്ര പദ്ധതികൾക്ക് സർക്കാർ തുടക്കം കുറിച്ചു.


തൊഴിലാളി ക്ഷേമനിയമങ്ങൾ


കാർഷികവും വ്യാവസായികവുമായി ഇന്ത്യയെ അഭിവൃദ്ധിപ്പെടുത്താൻ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി ധാരാളം ദേശീയസ്ഥാപനങ്ങൾ സ്ഥാപിക്കപ്പെട്ടു. പഞ്ചവത്സര പദ്ധതികൾക്ക് ആരംഭം കുറിച്ചു. ആരോഗ്യകരമായ തൊഴിൽ സംസ്‌കാരം നിലനിന്നാൽ മാത്രമേ രാജ്യപുരോഗതി കൈവരിക്കാൻ കഴിയുകയുള്ളൂ എന്ന ഉത്തമബോധ്യം സർക്കാരിനുണ്ടായിരുന്നു. വ്യാവസായിക തർക്ക നിയമം, നഷ്ടപരിഹാര നിയമം, ഫാക്ടറി നിയമം തുടങ്ങി അനേകം നിയമങ്ങൾ തൊഴിലാളികൾക്കായി ഇന്ന് നിലവിലുണ്ട്.
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് മിസലേനിയസ് ആക്ട്- 1952


തൊഴിലാളികൾ റിട്ടയർ ചെയ്യുമ്പോഴും അവശരാകുമ്പോഴും അവർക്ക് ആശ്വാസം നൽകുന്നതിനു വേണ്ടിയാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് മിസലേനിയസ് നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയത്. 1952 നവംബർ ഒന്നു മുതൽ ഈ നിയമം നടപ്പായി. സിമന്റ്, സിഗരറ്റ്, എൻജിനീയറിങ് സ്ഥാപനങ്ങൾ, ഇരുമ്പുരുക്ക്, പേപ്പർ, ടെക്‌സ്റ്റൈൽസ് തുടങ്ങി ആറു വ്യവസായങ്ങളിൽ മാത്രമാണ് ആദ്യം ഈ നിയമമുണ്ടായിരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങി ഇതര മേഖലകളിലേക്കുകൂടി ഈ നിയമം വ്യാപിച്ചു. കരാർ തൊഴിലാളികൾ വരെ ഈ നിയമത്തിന്റെ പരിധിയിൽ വരുന്നുണ്ട്. 1961ലെ അപ്രന്റീസസ് ആക്ടിന്റെ പരിധിയിൽ വരാത്ത അപ്രന്റീസുകളും ഈ നിയമത്തിന്റെ പരിധിയിൽവരുന്നു.


എംപ്ലോയീസ് പെൻഷൻ
സ്‌കീം- 1995


സ്വകാര്യമേഖലയിലെ സംഘടിത തൊഴിലാളികൾക്ക് വിരമിക്കലിനു ശേഷം മാസ പെൻഷൻ ലഭിക്കുന്നതിനു വേണ്ടി കൊണ്ടുവന്ന പദ്ധതിയാണിത്. തൊഴിലാളിയും തൊഴിലുടമയും തുല്യ അനുപാതത്തിൽ വിഹിതം നിക്ഷേപിക്കുന്നു. 2014ൽ എംപ്ലോയീസ് പെൻഷൻ (ഭേദഗതി) സ്‌കീം കേന്ദ്രസർക്കാർ കൊണ്ടുവന്നതോടെ പ്രശ്‌നങ്ങൾക്ക് തുടക്കമായി. 1995ലെ പദ്ധതിയിൽ ഉയർന്ന ശമ്പളത്തിന് ആനുപാതികമായി തുക അടക്കാൻ തൊഴിലാളിക്ക് കഴിയുമായിരുന്നു. 2014ലെ ഭേദഗതി പ്രകാരം ഉയർന്ന ശമ്പള പരിധി 15,000 രൂപയായി നിജപ്പെടുത്തി. ശമ്പളത്തിന് ആനുപാതികമായി ജീവനക്കാർ അടക്കുന്ന അധിക തുകക്ക് 1.16 ശതമാനം അധിക വിഹിതം തൊഴിലാളി അടക്കണം. ഈ നിയമഭേദഗതിയിലെ തൊഴിലാളിവിരുദ്ധത ചൂണ്ടിക്കാട്ടി തൊഴിലാളികൾ കോടതികളെ സമീപിച്ചു. 1995ലെ പദ്ധതിയിൽ 2014ൽ വരുത്തിയ ഭേദഗതികളിൽ ചിലത് കേരള, രാജസ്ഥാൻ, ഡൽഹി ഹൈക്കോടതികൾ റദ്ദാക്കി. ശമ്പളത്തിനും തൊഴിലാളികൾ നൽകുന്ന ഉയർന്ന വിഹിതത്തിനും ആനുപാതികമായി പെൻഷൻ ലഭിക്കാൻ തൊഴിലാളികൾക്ക് അർഹതയുണ്ടെന്ന് 2018ൽ കേരള ഹൈക്കോടതി വിധിച്ചു.
ഹൈക്കോടതി വിധികൾക്കെതിരേ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും തൊഴിൽ മന്ത്രാലയവും നൽകിയ അപ്പീൽ ഹരജി തീർപ്പാക്കി സുപ്രിംകോടതി പുറപ്പെടുവിച്ച വിധിന്യായം ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ നിലനിൽപ്പിന്റെ പ്രശ്‌നം സങ്കീർണമാക്കുന്നുണ്ട്. 1995ലെ പദ്ധതി പ്രകാരം അവസാനത്തെ ഒരു വർഷത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കി പെൻഷൻ നിശ്ചയിച്ച സ്ഥാനത്ത് 2014ലെ ഭേദഗതി അവസാന 60 മാസത്തെ ശമ്പളമാണ് പെൻഷന് ആധാരമായി സ്വീകരിച്ചിട്ടുള്ളത്. 60 മാസക്കാലം സുപ്രിംകോടതി ശരിവച്ചിരിക്കുകയാണ്. തൊഴിലാളികൾക്ക് ലഭിക്കേണ്ട പെൻഷനിൽ ഇത് കുറവ് വരുത്തും. അധിക ശമ്പളത്തിന് ആനുപതികമായി അടക്കുന്ന തുകയുടെ 1.16ശതമാനം കൂടി ജീവനക്കാർ തന്നെ അടക്കണമെന്ന വ്യവസ്ഥ സുപ്രിംകോടതി അസാധുവാക്കിയിട്ടുണ്ട്. ഈ തുക എങ്ങനെ കൈകാര്യം ചെയ്യണം എന്നതു സംബന്ധിച്ച് തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിന് ആറുമാസം അനുവദിച്ചു. കേന്ദ്രസർക്കാർ ഈ വിഷയം ഇനി എങ്ങനെ പരിഹരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ശമ്പളത്തിന് ആനുപാതികമായി പെൻഷൻ വിഹിതം എത്രയും ആക്കാനുള്ള സ്വാതന്ത്ര്യം സുപ്രിംകോടതി തൊഴിലാളികൾക്കു നൽകുന്നുണ്ട്.


1952ലെ പ്രോവിഡന്റ് ഫണ്ട് നിയമത്തിൽ നിന്ന് ഒഴിവാക്കിയ തൊഴിലാളികൾക്കും ഇ.പി.എഫിൽ ചേരാൻ കഴിയും എന്നതാണ് വിധിയുടെ സവിശേഷത. പെൻഷൻ തുക നിശ്ചയിക്കുന്നതിനുള്ള 15,000 രൂപ ശമ്പള പരിധി ഇതോടെ ഇല്ലാതായി. കേന്ദ്രസർക്കാർ 2014ൽ കൊണ്ടുവന്ന നിയമഭേദഗതിക്ക് മുമ്പ് അപേക്ഷിച്ചവർക്ക് മാത്രമേ ശമ്പളത്തിന് ആനുപാതികമായി പെൻഷൻ അനുവദിക്കുകയുള്ളൂ എന്ന വിവാദ വ്യവസ്ഥ കോടതി നീക്കം ചെയ്തിട്ടുണ്ട്. 2014 സെപ്റ്റംബർ ഒന്നിന് മുമ്പ് പെൻഷൻ പദ്ധതിയിൽ ചേരാതെ വിരമിച്ചവർക്ക് ആനുകൂല്യം ലഭിക്കില്ല എന്നത് സുപ്രിംകോടതി വിധിന്യായത്തിൽ കരിനിഴലായി അവശേഷിക്കും.


പുതിയ പ്രവണതകൾ


1991ൽ തുടക്കം കുറിച്ച നവലിബറൽ സാമ്പത്തിക നയങ്ങളുടെ ഫലമായി ക്ഷേമപദ്ധതികളിൽ നിന്ന് സർക്കാർ പിന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ സർക്കാരാകട്ടെ കോർപറേറ്റുവത്കരണത്തിന്റെ ഭാഗമായി എല്ലാ മേഖലകളിലും കടന്നാക്രമണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. തൊഴിലാളികളുടെ അവകാശങ്ങൾ കവരുന്നതിനെതിരേ നടത്തിയ നിയമ പോരാട്ടത്തിൽ ഭാഗിക വിജയം നേടാൻ തൊഴിലാളികൾക്ക് ഈ വിധിയിലൂടെ സാധിച്ചിരിക്കുന്നു എന്ന് ആശ്വസിക്കാം. ശക്തമായ പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ഭരണകക്ഷിയുടെ അമിതാധികാര നിയമങ്ങളെ പ്രതിരോധിക്കാൻ കോടതികൾക്ക് പരിമിതികളുണ്ടെന്ന വസ്തുത വിസ്മരിക്കരുത്. നീതിയുടെ അവസാന വാക്ക് കോടതിയല്ല. പൗരന്മാരുടെ ഉയർന്ന ജനാധിപത്യ മൂല്യങ്ങളാണ് ഒരു രാഷ്ട്രത്തെ നീതിയുക്തമായി നിലനിർത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago