പി രാജുവിന് മറുപടിയുമായി എം സ്വരാജ് എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്
കൊച്ചി: ജില്ലയിലെ സി.പി.ഐ-സി.പി.എം സംഘര്‍ഷവും പരസ്യമായ പരസ്പര വിഴുപ്പലക്കലിനും പിന്നാലെ നേതാക്കള്‍ സോഷ്യല്‍ മീഡിയയിലുടെയും വാക്‌പോര്.
സി.പി.ഐ ജില്ലാസെക്രട്ടറിയുടെ പ്രസ്ഥാവനക്ക് തൃപ്പൂണിത്തുറ എം.എല്‍.എ എം സ്വരാജ് തന്റെ ഫേസ്ബുക്കിലൂടെ മറുപടിയുമായി രംഗത്തെത്തിയത്. തൃപ്പൂണിത്തുറ എം.എല്‍.എ എം സ്വരാജ് സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫിസില്‍ വന്ന് സി.പി.എമ്മില്‍ ഗ്രൂപ്പിസവും വ്യക്തിപൂജയുമാണെന്നും സി.പി.ഐയുടെ സമ്പൂര്‍ണ്ണമായ സഹായം ഉണ്ടെങ്കിലേ വിജയിക്കാനാവൂ എന്നും പറഞ്ഞതായുള്ള പി രാജുവിന്റെ പ്രസ്ഥാവനക്ക് മറുപടിയുമായാണ് സ്വരാജ് രംഗത്തെത്തിയത്.
സി.പി.ഐ ജില്ലാ കമ്മറ്റിയംഗമായിരുന്ന വ്യക്തി സി.പി.എമ്മിലേക്ക് കടന്നു വന്നതുകണ്ടുള്ള വിഭ്രാന്തി കൊണ്ടാണ് ഇങ്ങിനെയൊരു പ്രസ്ഥാവനയെന്നാണ് എം.സ്വരാജ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായ ഘട്ടത്തിലും ഒരു ഘടക കക്ഷിയുടേയും ഓഫിസില്‍ ഞാന്‍ പോയിട്ടില്ല . എല്‍.ഡി.എഫിലെ ഘടകകക്ഷികളെല്ലാം ഒറ്റക്കെട്ടായാണു തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആ സാഹചര്യത്തില്‍ ഘടകകക്ഷികളുടെ ഓഫിസിലെത്തി വോട്ടു ചോദിക്കുന്നത് അവരെ അവിശ്വസിക്കുന്നതിനു തുല്യമല്ലേ . അങ്ങനെയാണു ഞാന്‍ ചിന്തിച്ചത്. അതേതായാലും നന്നായെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും സ്വരാജ് പറയുന്നു. പി രാജുവിന്റെ തൊലിക്കട്ടിക്ക് നോബല്‍ സമ്മാനം കൊടുത്താലും മതിയാവില്ലെന്നും സ്വരാജ് കുറിച്ചു.
സ്വരാജിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
എങ്കിലും എന്റെ രാജ്വേട്ടാ... സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി സ.പിരാജു വിന്റേതായി പുറത്തു വന്ന പ്രസ്താവന വായിച്ചു. ഇതെന്തൊരു തള്ളാണെന്റെ രാജ്വേട്ടാ .... സി.പി.എമ്മില്‍ ഗ്രൂപ്പിസവും, വ്യക്തി പൂജയുമാണെന്ന് ഞാന്‍ സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസില്‍ ചെന്ന് പരാതി പറഞ്ഞത്രെ ....!.
കാല്‍ നൂറ്റാണ്ടായി സി.പി.ഐ യുടെ ജില്ലാ കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ച ആള്‍ സി.പി.ഐ വിട്ട് സി.പി.എം വേദിയില്‍ കടന്നു വന്നതിന്റെ വിഭ്രാന്തി കൊണ്ടാണെങ്കിലും ഇങ്ങനെയൊക്കെ വെച്ചു കാച്ചാമോ?
ജീവിതത്തില്‍ ഇന്നുവരെ, എന്നു വെച്ചാല്‍ ഈ കുറിപ്പെഴുതുന്ന നിമിഷം വരെ സി.പി.ഐയുടെ ഒരു ഓഫീസിലും കടന്നു ചെന്നിട്ടില്ലാത്ത ഒരാളാണ് ഞാന്‍. സി.പി.ഐ ഓഫീസില്‍ കാലുകുത്തില്ലെന്ന ശപഥമെടുത്തതു കൊണ്ടൊന്നുമല്ല. പോകേണ്ട ആവശ്യം വന്നിട്ടില്ല. അത്ര മാത്രം. പി രാജു എന്ന മനുഷ്യനെ ഞാന്‍ പരിചയപ്പെടുന്നതു തന്നെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ്.
തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായ ഘട്ടത്തിലും ഒരു ഘടക കക്ഷിയുടേയും ഓഫീസില്‍ ഞാന്‍ പോയിട്ടില്ല . എല്‍.ഡി.എഫിലെ ഘടകകക്ഷികളെല്ലാം ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത് . ആ സാഹചര്യത്തില്‍ ഘടകകക്ഷികളുടെ ഓഫീസിലെത്തി വോട്ടു ചോദിക്കുന്നത് അവരെ അവിശ്വസിക്കുന്നതിന് തുല്യമല്ലേ. അങ്ങനെയാണ് ഞാന്‍ ചിന്തിച്ചത്. അതേതായാലും നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു.
ഏതായാലും സി.പി.എമ്മിനെക്കുറിച്ച് എനിക്കുള്ള പരാതികള്‍ക്ക് പരിഹാരം തേടി ഞാന്‍ സി.പി.ഐ ഓഫീസിലെത്തി എന്നൊക്കെ പറയാന്‍ കാണിച്ച ആ തൊലിക്കട്ടിക്ക് നോബല്‍ സമ്മാനം കൊടുത്താലും മതിയാവില്ല . ഇങ്ങനെ പച്ചക്കള്ളം പറയാന്‍ മടിയില്ലാത്ത ആളുകളാണ് ജില്ലയില്‍ സി.പി.ഐ യെ നയിക്കുന്നതെങ്കില്‍ സംശയിക്കാനില്ല ' ദേശീയ ജനാധിപത്യ വിപ്ലവം ' എറണാകുളം ജില്ലയില്‍ ഉടന്‍ നടക്കാനിടയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."