ഇന്ത്യയുടെ 50ാം ചീഫ് ജസ്റ്റിസായി ഡി.വൈ ചന്ദ്രചൂഡ് ഇന്ന് ചുമതലയേല്‍ക്കും; പരമോന്നത നീതിപീഠത്തിന്റെ കസേരയില്‍ രണ്ടു വര്‍ഷം
ന്യൂഡല്‍ഹി: ഇന്ത്യയുടെ 50ാം ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ഇന്ന് സ്ഥാനമേല്‍ക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്താണ് ചുമതലയേല്‍ക്കുക. രാജ്യത്തെ പരമോന്നത ന്യായാധിപന്റെ കസേരയില്‍ രണ്ട് വര്‍ഷമാണ് ഡി വൈ ചന്ദ്രചൂഡിന്റെ കാലാവധി.
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് 2024 നവംബര്‍ 24ന് ആയിരിക്കും വിരമിക്കുക. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും നീണ്ട കാലയളവ് (19781985) ചീഫ് ജസ്റ്റിസ് പദവിയിലിരുന്നത് ഡി വൈ ചന്ദ്രചൂഡിന്റെ പിതാവ് ജസ്റ്റിസ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഡ് ആണ്. ഇന്ത്യയുടെ 16ാമത്തെ ചീഫ് ജസ്റ്റിസായിരുന്നു വൈ വി ചന്ദ്രചൂഡ്.
1959 നവംബര്‍ 11നാണ് ഡി വൈ ചന്ദ്രചൂഡിന്റെ ജനനം. മുംബൈയിലെ കോണ്‍വെന്റ് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് പഠനത്തിനും ശേഷം ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് നിയമബിരുദവും അമേരിക്കയിലെ ഹാര്‍വഡ് ലോ സ്‌കൂളില്‍നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദവും ജുഡീഷ്യല്‍ സയന്‍സില്‍ ഡോക്ടറേറ്റും നേടി.
1998ല്‍ 39ാം വയസ്സിലാണ് മുതിര്‍ന്ന അഭിഭാഷകനായത്. എ ബി വാജ്‌പേയി സര്‍ക്കാറിന്റെ കാലത്ത് അഡീഷനല്‍ സോളിസിറ്റര്‍ ജനറലായി പ്രവര്‍ത്തിച്ചു. 2000 മാര്‍ച്ച് 29ന് ബോംബെ ഹൈകോടതിയില്‍ അഡീഷനല്‍ ജഡ്ജിയായി. 2013 ഒക്ടോബര്‍ 31ന് അലഹാബാദ് ഹൈകോടതി ചീഫ് ജസ്റ്റിസായി. 2016 മേയ് 13ന് സുപ്രിം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."