പിൻവാതിൽ നിയമനങ്ങൾ കേരളത്തെ തകർക്കും
യു.കെ കുമാരൻ
കേരളത്തിൽ അടുത്തകാലത്തായി പിൻവാതിൽ നിയമനങ്ങൾ വ്യാപകമായി വർധിച്ചുവരുന്നു. മുമ്പൊക്കെ ഇത്തരം നിയമനങ്ങൾ നടത്തുമ്പോൾ സർക്കാരിന്റെ ഭാഗത്ത് തെല്ല് ജാള്യതയും മറയുമൊക്കെ കാണാമായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയൊന്നുമില്ല.ആദ്യം താൽക്കാലികാടിസ്ഥാനത്തിലോ കരാറിന്റെ മറവിലോ നിയമിച്ച ജീവനക്കാരെ പിന്നീട് കുറച്ചുവർഷം കഴിയുമ്പോൾ സർക്കാർ ഉത്തരവിലൂടെ സ്ഥിരപ്പെടുത്തുകയാണ് പതിവ്. ഇങ്ങനെ ഒരിക്കലും നിയമിക്കാൻ പാടില്ലെന്ന് എത്രയോ സർക്കാർ ഉത്തരവുകളും കോടതിവിധികളും പുറത്തുവന്നിട്ടുണ്ട്.
എന്നാൽ അതൊന്നും മാനിക്കാതെ, ഒരു ഉളുപ്പുമില്ലാതെയാണ് പല മന്ത്രിമാരും അവർക്ക് വേണ്ടപ്പെട്ടവരെ സ്ഥിരപ്പെടുത്താൻ തന്ത്രങ്ങൾ മെനയുന്നത്. പി.എസ്.സിയെയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെയുമെല്ലാം നോക്കുകുത്തിയാക്കിയിട്ടാണ് കേരളത്തിൽ സ്വന്തക്കാർക്ക് വേണ്ടിയുള്ള വ്യാപക പിൻവാതിൽ നിയമനങ്ങൾ നടന്നുവരുന്നത്. ഇതിന്റെ അപകടത്തെക്കുറിച്ച് കേരളീയ സമൂഹം വേണ്ടത്ര ബോധവാന്മാരെല്ലായെന്ന് അവർ പുലർത്തിവരുന്ന നിസ്സംഗതയിൽനിന്ന് മനസിലാവുന്നുമുണ്ട്.
പിൻവാതിൽ നിയമനങ്ങൾ പലതരത്തിലുള്ള ആഘാതങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്നുണ്ട്. കഴിവോ മറ്റു തരത്തിലുള്ള മേന്മയോ പരിഗണിച്ചല്ല ഇവരാരും നിയമിക്കപ്പെടുന്നത്. കേവല രാഷ്ട്രീയവിധേയത്വത്തിന്റെ അടിസ്ഥാനത്തിലാണ്, നിയമനങ്ങൾ പലതും നടക്കുന്നത്. ഇവിടെയൊന്നും സംവരണതത്വം പാലിക്കപ്പെടുന്നുമില്ല. ഇത്തരം നിയമനങ്ങൾ വ്യാപകമായാൽ സംസ്ഥാനം എത്തിച്ചേരുന്നത് വലിയൊരു ദുരന്തത്തിലേക്കായിരിക്കും. കാര്യക്ഷമമായ ഒരു സർക്കാർ സംവിധാനം ഉണ്ടാവില്ലെന്ന് മാത്രമല്ല, എല്ലാ മേഖലകളിലും രാഷ്ട്രീയ നിലപാടിന് മുൻതൂക്കം കൊടുത്തുള്ള തീരുമാനങ്ങളാണ് ഇവരെടുക്കാൻ തയാറാവുക.
പിൻവാതിൽ നിയമനങ്ങളിലൂടെ അധികാരത്തിൽ വന്നവരിൽനിന്ന് സത്യസന്ധ തീരുമാനമോ നീതിയുക്ത നടപടിയോ ഒരിക്കലും പ്രതീക്ഷിക്കാനും സാധ്യമല്ല. ഇങ്ങനെ നിയമിച്ചവരുടെ വിധേയത്വം എപ്പോഴും അവരെ നിയമിച്ചവരോട് മാത്രമായിരിക്കും. സർക്കാരിന്റെ ഭാഗത്തുനിന്നും അടുത്തു പുറത്തുവന്നുകൊണ്ടിരിക്കുന്ന പല തീരുമാനങ്ങളും കാണുമ്പോഴും പിൻവാതിൽ നിയമനങ്ങളുടെ ദുരന്തഫലം നാം അനുഭവിച്ചുതുടങ്ങിയെന്ന് വ്യക്തമാവുന്നതാണ്.
ഈയിടെ സർക്കാർ സ്ഥാപനമായ 'കിലെ'യിൽ നടന്ന നിയമനങ്ങളെ സംബന്ധിച്ച വാർത്ത പുറത്തുവന്നതോടെയാണ് പിൻവാതിൽ നിയമനങ്ങൾ ഒരു ചർച്ചാവിഷയമായി മാറിയത്. വകുപ്പുമന്ത്രിതന്നെ ധനകാര്യ വകുപ്പിന് നിരന്തരം കത്തെഴുതിയതിനെ തുടർന്നാണ് കിലെയിൽ താൽക്കാലികമായി നിയമിച്ചവരൊയൊക്കെ സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. ഇത് മന്ത്രിയുടെ ഭാഗത്തു നിന്നുമുണ്ടായ സത്യപ്രതിജ്ഞാലംഘനമാണ്. ഇവരെ പിൻവാതിൽ വഴി നിയമിച്ചതിൽ ഒരു വിധത്തിലുമുള്ള തെറ്റും മന്ത്രി കണ്ടെത്തുന്നുമില്ല.
'നിയമിക്കപ്പെട്ടവരെല്ലാം കഴിവുള്ളവരാണെന്നാണ്' മന്ത്രി നിരീക്ഷിക്കുന്നത്. കഴിവുള്ള എത്രയോ പേർ പി.എസ്.സി പരീക്ഷ എഴുതി നിയമനം കാത്ത് പുറത്ത് നിൽക്കുമ്പോഴാണ് 'പാർട്ടിക്കൂറ്' മാത്രം കഴിവായി കണ്ട് ഇവർക്ക് സ്ഥിരനിയമനം ലഭിക്കുന്നത്. ഡയറ്റിൽ താൽക്കാലികമായി ജോലി ചെയ്യുന്ന 79 പേർക്കും സ്ഥിരനിയമനം കൊടുക്കാൻ ആവശ്യമുയർന്നിരിക്കുകയാണ്. അവർക്കും നിയമനം കൊടുത്തേക്കാം. ഇത്തരം തസ്തികകളിലേക്ക് പരീക്ഷ എഴുതി, റാങ്ക് ലിസ്റ്റിൽ വന്നു നിയമനം കാത്തിരിക്കുന്നവരുടെ മുമ്പിലൂടെയാണ് കുറേപ്പേർ പാർട്ടി വിധേയത്വത്തിന്റെ കൊടിയും ഉയർത്തി പിൻവാതിലിലൂടെ നിയമനം നേടാൻ ശ്രമിക്കുന്നത്. ഇങ്ങനെയുള്ള നിയമനങ്ങൾ പാടില്ലെന്ന കോടതിവിധികളും മറികടന്നാണ് ഇതൊക്കെ നടക്കുന്നത്.
മറുപക്ഷത്തിന്റെ പങ്ക്
ഭരണകക്ഷിക്കാർ നിയമത്തെ മറികടന്നുകൊണ്ട് ഇത്തരം വഴിവിട്ട നടപടിക്രമങ്ങൾ സ്വീകരിക്കുമ്പോൾ, അതിനെ ദുർബലപ്പെടുത്താൻ ശ്രമിക്കേണ്ട ഉത്തരവാദിത്വം പ്രതിപക്ഷം ഏറ്റെടുക്കേണ്ടതാണ്. പത്രസമ്മേളനം നടത്തി ഇത്തരം പ്രവണതകളെ ശക്തമായി അപലപിക്കുമെങ്കിലും അതിനപ്പുറത്തേക്ക് അവരുടെ പ്രതിരോധ പ്രവർത്തനം പലപ്പോഴും നീണ്ടുപോകുന്നത് കാണാറില്ല.
'കിലെ'യിൽ ഈയിടെ നടന്ന പിൻവാതിൽ നിയമനങ്ങൾക്കെതിരേ പ്രതിപക്ഷനേതാവ് ശക്തമായി പ്രതിഷേധിച്ചുവെങ്കിലും അതിനപ്പുറത്തേക്ക് തുടർപ്രവർത്തനം ഒന്നും ദൃശ്യമായില്ല. മറ്റാരും അതിനെക്കുറിച്ചു പ്രതികരിക്കാനും തുനിഞ്ഞില്ല. പാർട്ടിയിലെ യുവജനപ്രസ്ഥാനങ്ങൾ മുഖ്യമായും പ്രതിഷേധരംഗത്ത് വരേണ്ടതായിരുന്നു.
പിൻവാതിൽ നിയമനങ്ങൾ സാരമായി ബാധിക്കുക യുവജനവിഭാഗത്തെയാണ്. എന്നാൽ അവരാരും കിലയിൽ നടന്ന നിയമനങ്ങളെക്കുറിച്ച് അറിയുകയോ കേൾക്കുകയോ ചെയ്തിട്ടില്ലെന്നാണ് അവരുടെ പ്രതികരണങ്ങളിൽനിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. മാധ്യമരംഗത്തുള്ളവർക്കുപോലും ഇത്തരം പിൻവാതിൽ നിയമനങ്ങൾ അത്ര ഗൗരവമുള്ളതായി തോന്നിയതുമില്ല. തൊട്ടടുത്ത ദിവസം മുഖ്യമന്ത്രി വർത്താസമ്മേളനം. ഇതേക്കുറിച്ചു ചോദിക്കാൻ കഴിയുന്ന നല്ല വേദിയായിരുന്നു. രാഷ്ട്രീയ, സാമൂഹ്യ മണ്ഡലങ്ങളെ ചെറുചലനങ്ങൾപോലും വ്യക്തമായി മനസിലാക്കാൻ കഴിയുന്ന മാധ്യമരംഗത്തുള്ളവർക്കുപോലും പിൻവാതിൽ നിയമനങ്ങളുടെ അപകടത്തിന്റെ ഗൗരവം ഉൾക്കൊള്ളാനോ പ്രതികരിക്കാനോ സാധിച്ചില്ല.
മറ്റു പല കാര്യങ്ങളെക്കുറിച്ചും വിസ്തരിച്ചു ചോദിച്ച മാധ്യമപ്രവർത്തകരിൽ ഒരാൾപോലും കിലെയിൽ നടന്ന പിൻവാതിൽ നിയമനങ്ങളെക്കുറിച്ചോ കേരളത്തിൽ രഹസ്യമായി നടന്നുവരുന്ന നിയമനനീക്കങ്ങളെക്കുറിച്ചോ ഒരു ചോദ്യവും ഉയർത്തുകയുണ്ടായില്ല.
പിൻവാതിൽ നിയമനങ്ങൾ എത്രമാത്രം അപകടങ്ങൾ ഉണ്ടാക്കുമെന്ന് കേരളീയ സമൂഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. സർക്കാരിന്റെ ഓരോ വിഭാഗത്തിലും എത്രയോ പേർ ഇത്തരം നിയമനത്തിന്റെ സ്വാസ്ഥ്യം കാത്തുകിടപ്പുണ്ട്. ഇതിനെതിരേ കോടതിവിധികൾ ഉണ്ടായിട്ടും അതിനെയൊന്നും ഗൗനിക്കാതെയാണ് സർക്കാർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
അതുകൊണ്ടുതന്നെ പിൻവാതിൽ നിയമനം എന്ന പ്രവണതയെ പ്രതിരോധിക്കുവാൻ കോടതിയുടെ ഇടപെടലുകൾക്ക് മാത്രമേ കഴിയുകയുള്ളൂവെന്ന് സമൂഹം തിരിച്ചറിയണം. ഇത്തരം നിയമനങ്ങൾ ഉണ്ടാവുമ്പോൾ അവയൊക്കെ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള ജാഗ്രത കേരളീയ പൊതുസമൂഹവും കാണിക്കേണ്ടതുമാണ്. ഇൗ നിയമനങ്ങൾ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. അത് കേരളത്തെ തകർച്ചയിലേക്ക് നയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."