അച്ഛന്‍ തടവിലാണെന്നറിയാതെ പിറന്നാള്‍ സന്തോഷത്തില്‍ ഒരു മകള്‍, ആശങ്കയും പ്രാര്‍ത്ഥനയുമായി കുടുംബാംഗങ്ങള്‍, മോചനം കാത്ത് ഗിനിയയില്‍ തടവിലായ കപ്പല്‍ ജീവനക്കാര്‍
കൊച്ചി: പിറന്നാളിന്റെ സന്തോഷത്തിലാണ് കൊച്ചുമിടുക്കി എലിസബത്ത്. പിറന്നാള്‍ മധുരവുമായി അച്ഛനെത്തുന്നതും കാത്ത് പ്രതീക്ഷയിലാണ് ആ കുരുന്ന്. എന്നാല്‍ സന്തോഷിക്കാനോ സമാധാനിക്കാനോ കഴിയാതെ ആശങ്കയും പ്രാര്‍ത്ഥനയുമായി കഴിയുകയാണ് അമ്മ മെറ്റില്‍ഡ. കുട്ടികള്‍ കാത്തിരിക്കുന്ന അച്ഛന്‍ സനു ഗിനിയയില്‍ തടവിലാണെന്ന വിവരം മെറ്റില്‍ഡ കുട്ടികളെ അറിയിച്ചിട്ടില്ല. ഭക്ഷണവും വെള്ളവും പോലും കൃത്യമായി ലഭിക്കാതെ തടവിലാണെന്നാണ് അവസാനം വിളിച്ചപ്പോള്‍ പറഞ്ഞത്. ആകെ രണ്ട് മിനിറ്റ് മാത്രം നീണ്ട ആ സംസാരത്തില്‍ ആശങ്ക മാത്രമാണ് നിറഞ്ഞു നിന്നതെന്നും മെറ്റില്‍ഡ ഓര്‍ക്കുന്നു.
സമുദ്രാതിര്‍ത്തി ലംഘച്ചെന്ന പേരില്‍ എക്വറ്റോറിയല്‍ ഗിനിയയുടെ പിടിയിലായ ചരക്ക് കപ്പലില്‍ ചീഫ് ഓഫീസറാണ് മലയാളിയായ സനു ജോസ്. സുല്‍ത്താന്‍ ബത്തേരി വേങ്ങൂര്‍കുന്ന് കുപ്പാടി പാറപ്ലാക്കല്‍ പി.സി. ജോസിന്റെയും ലീലയുടെയും മകനാണ് സനു. ഭാര്യ മെറ്റില്‍ഡ കുസാറ്റിലെ അസി.പ്രൊഫസറാണ്. മൂന്നില്‍ പഠിക്കുന്ന ബെനഡിക്ടും എല്‍.കെ.ജി. വിദ്യാര്‍ഥിനിയായ എലിസബത്തുമാണ് സനുവിന്റെ മക്കള്‍.
സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ഓഗസ്റ്റ് ഒമ്പതിനാണ് എക്വറ്റോറിയല്‍ ഗിനിയയുടെ നാവികസേന നോര്‍വേ കപ്പല്‍ ഹീറോയിക് ഇഡുന്‍ കസ്റ്റഡിയിലെടുത്ത് ജീവനക്കാരായ 26 പേരെ തടവിലാക്കിയത്. കപ്പല്‍ ഉടമകള്‍ ഗിനി അധികൃതരുമായി സംസാരിച്ച് പിഴയടച്ച് പ്രശ്നം പരിഹരിക്കാന്‍ ശ്രമം നടന്നിരുന്നു. പിഴ ഈടാക്കിയെങ്കിലും കപ്പല്‍ വിട്ടയച്ചിരുന്നില്ല. എന്ന് തിരികെ പോരാമെന്ന ആശങ്കയില്‍ കഴിയുന്നതിനിടെയാണ് ഇവരെ നൈജീരിയയ്ക്ക് കൈമാറുമെന്ന സൂചന വന്നത്. അതിന്റെ ഭാഗമായി ഇവരുടെ പാസ്‌പോര്‍ട്ട് വാങ്ങിയെടുത്തിരുന്നു. ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന സംഘം തടവില്‍ കഴിയുന്ന മുറിക്കു പുറത്ത് നാവികസേനാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ സംഘത്തിന്റെ കപ്പലിന് സമീപം നൈജീരിയന്‍ സൈനിക കപ്പല്‍ രണ്ട് ദിവസമായി നിലയുറപ്പിച്ചിട്ടുണ്ട്.
എറണാകുളം മുളവുകാട് സ്വദേശി മില്‍ട്ടണ്‍ ഡിക്കോത്ത, കൊല്ലം സ്വദേശി വിജിത്ത് എന്നീ മലയാളികളുള്‍പ്പെട്ട മറ്റ് 15 ഇന്ത്യക്കാര്‍ മലാബോയില്‍ മുറിയില്‍ തടവിലാണ്. 10 വിദേശികളും കസ്റ്റഡിയിലുണ്ട്. ചീഫ് ഓഫീസര്‍ സനുവിനെ കപ്പലില്‍ തന്നെയാണ് തടവിലാക്കിയിരുന്നത്. ഈ കപ്പലില്‍ നിന്ന് നൈജീരിയന്‍ കപ്പലിലേക്ക് സനുവിനെ തിങ്കളാഴ്ച മാറ്റിയിരുന്നുവെഹ്കിലും ഇന്നലെ സനുവിനെ തിരിച്ചെത്തിച്ചതായാണ് വിവരം. മുറിയില്‍ തടവിലാക്കപ്പെട്ട സംഘത്തിന് ചൊവ്വാഴ്ച ഇന്ത്യന്‍ എംബസി അധികൃതരെത്തി വെള്ളവും ഭക്ഷണവും നല്‍കിയിരുന്നെങ്കിലും ഇവരെ കാണാനോ സംസാരിക്കനോ അനുമതി ലഭിച്ചിരുന്നില്ല.
നൈജീരിയന്‍ സമുദ്രാതിര്‍ത്തി കടന്ന കപ്പല്‍ നൈജീരിയക്ക് കൈമാറുമെന്നാണ് എക്വറ്റോറിയല്‍ ഗിനിയ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതികരണം. വൈസ് പ്രസിഡന്റ് ടെഡി ന്‍ഗ്വേമ ഇത് സംബന്ധിച്ച് ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമടക്കമുള്ളവര്‍ തടവിലായ മലയാളികളടക്കമുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് കത്തയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."