കാബൂള്‍ ഭീകരാക്രമണം മുന്നറിയിപ്പ് ലഭിച്ച് മണിക്കൂറുകള്‍ക്കകം
ലണ്ടന്‍: രാജ്യം വിടാന്‍ ഊഴംകാത്തിരിക്കുന്ന പതിനായിരത്തോളം പേര് തമ്പടിച്ചിരിക്കുന്ന കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു പുറത്ത് ഇന്നലെ ഇരട്ട സ്ഫോടനമുണ്ടായത് ഏതു നിമിഷവും ഐ.എസ് ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് യു.എസ്, ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്കി മണിക്കൂറുകള്‍ക്കകം. ഐ.എസ് ചാവേര്‍ ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ വിമാനത്താവളത്തില്‍ നിന്ന് പരമാവധി അകലം പാലിക്കണമെന്ന് അമേരിക്ക നിര്‍ദേശിച്ചിരുന്നു.
ഐ.എസ് ആക്രമണം ഏതു നിമിഷവും നടക്കാമെന്ന് വിശ്വസനീയമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്നാണ് ബ്രിട്ടന്റെ സേനാ മന്ത്രി ജെയിംസ് ഹെപ്പെ പറഞ്ഞത്. ജനങ്ങള്‍ വിമാനത്താവളത്തിലേക്കു പോകരുതെന്നും സുരക്ഷിത സ്ഥാനത്തേക്കു മാറണമെന്നും വിദേശകാര്യ ഓഫിസ് നിര്‍ദേശം നല്‍കിയതായി അദ്ദേഹം ബി.ബി.സി റേഡിയോയോടു വ്യക്തമാക്കി. കാബൂള്‍ വിമാനത്താവളത്തില്‍ ഐ.എസ് ആക്രമണത്തിനു സാധ്യതയുണ്ടെന്ന് ഏതാനും ദിവസം മുമ്പ് യു.എസ് ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പു നല്‍കിയിരുന്നു.ആസ്ത്രേലിയ, ബെല്‍ജിയം, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് വിമാനത്താവളം വിടാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ആസ്ത്രേലിയന്‍ വിദേശകാര്യമന്ത്രിയും മുന്നറിയിപ്പു നല്കി. എന്നാല്‍ ഐ.എസ് ആക്രമണ ഭീഷണിയുണ്ടെന്ന വാദം ശരിയല്ലെന്നായിരുന്നു താലിബാന് വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."