അഫ്ഗാനില്‍ ഭീഷണി ഉയര്‍ത്തി ഐ.എസ്-കെയും
കാബൂള്‍: താലിബാന്റെ കടുത്ത എതിരാളികളായ ഐ.എസ്-കെ കഴിഞ്ഞ ഡിസംബറില്‍ കാബൂള്‍ വിമാനത്താവളത്തിനു നേരേ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ആഗോള ഭീകരസംഘടനയായ ഐ.എസിന്റെ അഫ്ഗാനിലെ യൂനിറ്റാണ് ഐ.എസ്-കെ. കെ ഖുറാസാനെ സൂചിപ്പിക്കുന്നു.
(വടക്കുകിഴക്ക് ഇറാനും മധ്യേഷ്യയും ഉള്‍പ്പെടുന്ന ചരിത്രപ്രധാനമായ മേഖലയാണ് ഖുറാസാന്‍.) സംഘടനയുടെ 2,000 അംഗങ്ങള്‍ നിലവില്‍ അഫ്ഗാനിലുണ്ടെന്ന് സി.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
2014 നവംബര്‍ മുതലാണ് ഇവര്‍ അഫ്ഗാനില്‍ സജീവമായത്. 2015 ജനുവരിയിലാണ് ഐ.എസ്.ഐ.എസ്-കെയെ ഔദ്യോഗികമായി അംഗീകരിച്ചതെന്ന് ഭീകരവാദവിരുദ്ധ ഗവേഷക റിസ കുമാര്‍ പറയുന്നു. പാക് താലിബാനില്‍ നിന്നു തെറ്റിപ്പിരിഞ്ഞ ചില കമാന്‍ഡര്‍മാരാണ് ഐ.എസ്-കെ രൂപീകരിച്ചതെന്നും ഇതില്‍ അഫ്ഗാന്‍ താലിബാനിലെ താഴേക്കിടയിലുണ്ടായിരുന്ന ചില കമാന്‍ഡര്‍മാരുമുണ്ടെന്നും അഫ്ഗാന്‍-പാക് മേഖലയിലെ ഭീകരതയും രാഷ്ട്രീയവും സംബന്ധിച്ച് പഠനം നടത്തുന്ന സ്വതന്ത്ര ഗവേഷകനായ അബ്ദുല്‍ സായിദും പറയുന്നു.
കഴിഞ്ഞവര്‍ഷം മേയില്‍ കാബൂളിലെ ശീഈ വിഭാഗത്തിന്റെ കീഴിലുള്ള ഒരു പ്രസവാശുപത്രിയില്‍ ഇവര്‍ നടത്തിയ ഭീകരാക്രമണത്തില്‍ നവജാതശിശുക്കളും മാതാക്കളുമുള്‍പ്പെടെ 24 പേര്‍ കൊല്ലപ്പെട്ടിരുന്നു. മാസങ്ങള്‍ക്കകം കിഴക്കന്‍ അഫ്ഗാനിലെ ഒരു ജയിലില്‍ നടത്തിയ ആക്രമണത്തില്‍ 39 പേരും മരിച്ചു. ജയിലിലായിരുന്ന ഇവരുടെ 400 പ്രവര്‍ത്തകരെ ഇവര്‍ രക്ഷപ്പെടുത്തുകയും ചെയ്തു.
ഈവര്‍ഷം നാലു മാസത്തിനിടെ ഐ.എസ്-കെ അഫ്ഗാനില്‍ 77 ആക്രമണങ്ങള്‍ നടത്തിയതായി യു.എന്‍ ഭീകരവിരുദ്ധ ഓഫിസ് പറയുന്നു. അല്‍ഖാഇദയോടും താലിബാനോടും ഇവര്‍ക്ക് കടുത്ത ശത്രുതയാണ്. സലഫിസം പിന്തുടരുന്ന ഐ.എസ്-കെയോട് താലിബാനും ശത്രുതയുണ്ട്. അഫ്ഗാനില്‍ അല്‍ഖാഇദയും താലിബാനും ഒന്നിച്ചാണ്. എന്നാല്‍ ഉസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതോടെ അല്‍ഖാഇദ ക്ഷയിച്ചു.
യു.എസ് സേന കാബൂള്‍ വിടുന്നതോടെ ഉണ്ടാകുന്ന സുരക്ഷാ പാളിച്ച ഐ.എസ്-കെ മുതലെടുക്കുമെന്നാണ് വിദേശ ഇന്റലിജന്‍സ് ഏജന്‍സികള്‍ കരുതുന്നത്. രാജ്യത്ത് കിഴക്കന്‍ മേഖലയിലെങ്കിലും ഇവരുടേതായ രാജ്യമുണ്ടാക്കാനും പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്.
അതേസമയം അഫ്ഗാനില്‍ താലിബാനാണ് കൂടുതല്‍ ശക്തിയെന്നതിനാല്‍ സാധാരണക്കാരെ വകവരുത്തി അരക്ഷിതാവസ്ഥ സഷ്ടിക്കാനാകും ഐ.എസ്-കെ ശ്രമിക്കുകയെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ സൂചന നല്‍കുന്നു. കാബൂളിലെ ജയിലുകളില്‍ നിന്ന് താലിബാന്‍ മോചിപ്പിച്ചവരില്‍ നൂറുകണക്കിനാളുകളെ ഐ.എസ്-കെ സംഘടനയില്‍ ചേര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."