പി.സി ചാക്കോയ്‌ക്കെതിരേ ദേശീയ നേതൃത്വത്തിലും അമര്‍ഷം പുകയുന്നു; ചാക്കോയുടെ നീക്കങ്ങള്‍ പാര്‍ട്ടിക്കു ദോഷം ചെയ്യുന്നതായി വിലയിരുത്തല്‍
വി. അബ്ദുല്‍ മജീദ്
കോഴിക്കോട്: എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയ്‌ക്കെതിരേ പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ പടയൊരുക്കം ശക്തമാകുമ്പോള്‍ ദേശീയ നേതൃത്വത്തിലും അദ്ദേഹത്തിനെതിരേ അമര്‍ഷം പുകയുന്നു. കേരളത്തില്‍ പാര്‍ട്ടി ശക്തിപ്പെടുത്താനെന്ന പേരില്‍ ചാക്കോ നടത്തുന്ന നീക്കങ്ങള്‍ ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുന്നുണ്ടെന്നാണ് ദേശീയ നേതാക്കളില്‍ ഒരുവിഭാഗത്തിന്റെ വിലയിരുത്തല്‍.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കോണ്‍ഗ്രസ് വിട്ട് എന്‍.സി.പിയിലെത്തുകയും അധികം വൈകാതെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാകുകയും ചെയ്ത ചാക്കോ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ സി.പി.എം നേതാക്കളേക്കാള്‍ ശക്തമായ വിമര്‍ശനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിനും സംസ്ഥാനത്തെ ചില നേതാക്കള്‍ക്കെുമെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് ചാക്കോയില്‍നിന്നുണ്ടായത്.
കൂടാതെ സംസ്ഥാനത്തെ അസംതൃപ്തരായ ചില കോണ്‍ഗ്രസ് നേതാക്കളെ എന്‍.സി.പിയിലേക്കു കൊണ്ടുവരാനുള്ള ശ്രമവും നടത്തുന്നുണ്ട്. ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എയുടെ ഭാഗമായ എന്‍.സി.പിയുടെ സംസ്ഥാന പ്രസിഡന്റിന്റെ ഇത്തരം നീക്കങ്ങളില്‍ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. അവരത് പല ഘട്ടങ്ങളിലായി രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് ദേശീയ നേതാക്കളെ അറിയിച്ചിട്ടുമുണ്ട്.
യു.പി.എയില്‍ രണ്ടാം കക്ഷിയെന്ന പരിഗണനയാണ് എന്‍.സി.പിക്കു ലഭിച്ചിരുന്നത്. ഒരു ഘട്ടത്തില്‍ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിനെ യു.പി.എ അധ്യക്ഷനാക്കാന്‍ വരെ ആലോചിച്ചിരുന്നു. എന്നാല്‍ അടുത്തകാലത്തായി എന്‍.സി.പിക്ക് ആ പരിഗണന ലഭിക്കുന്നില്ലെന്നും പകരം തൃണമൂല്‍ കോണ്‍ഗ്രസിനോട് കൂടുതല്‍ അടുപ്പം കോണ്‍ഗ്രസ് കാണിക്കുന്നു എന്നുമുള്ള വികാരം ഒരുവിഭാഗം എന്‍.സി.പി നേതാക്കള്‍ക്കുണ്ട്. അടുത്തകാലത്തായി എന്‍.സി.പിയുടെ ദേശീയനേതാക്കളില്‍ ഒരാള്‍ കൂടിയായി പ്രത്യക്ഷപ്പെടുന്ന ചാക്കോയുടെ നിലപാടുകളും ഇതിനു കാരണമാകുന്നു എന്ന വിലയിരുത്തല്‍ ദേശീയ നേതൃത്വത്തില്‍ ചിലര്‍ക്കുണ്ട്.
പാര്‍ട്ടിയുടെ ഒരു സംസ്ഥാന നേതാവ് മുംബൈയിലെത്തി ബുധനാഴ്ച കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിനെ കണ്ടിരുന്നു. ചാക്കോയ്‌ക്കെതിരായ ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തലുകള്‍ അദ്ദേഹവുമായി പട്ടേല്‍ പങ്കുവച്ചതായി അറിയുന്നു.
സംസ്ഥാന ഘടകത്തിലെ പുതിയ സംഭവവികാസങ്ങള്‍ ദേശീയ നേതൃത്വം സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നതായും പട്ടേല്‍ പറഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."