രാഷ്ട്രപതിയുടെ യു.പി സന്ദര്‍ശനം മുതിര്‍ന്ന ബി.ജെ.പി നേതാവിനെ പോലെ
ലഖ്‌നൗ: രാഷ്ട്രപതിയുടെ നാലു ദിവസത്തെ ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തെ വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി. മുതിര്‍ന്ന ബി.ജെ.പി നേതാവിനെ പോലെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഉത്തര്‍പ്രദേശ് സന്ദര്‍ശനമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് പവന്‍ പാണ്ഡെ അയോധ്യയില്‍ പറഞ്ഞു. രാഷ്ട്രപതിയുടെ സന്ദര്‍ശനം ബി.ജെ.പി രാഷ്ട്രീയവല്‍ക്കരിച്ചെന്നും അഖിലേഷ് യാദവ് മന്ത്രിസഭയിലെ അംഗമായിരുന്ന പവന്‍ പാണ്ഡെ ആരോപിച്ചു. ഇന്നലെയാണ് രാഷ്ട്രപതിയുടെ നാലു ദിവസത്തെ ഉത്തര്‍ പ്രദേശ് പര്യടനം തുടങ്ങിയത്. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് രാഷ്ട്രപതി സ്വന്തം സംസ്ഥാനത്ത് എത്തുന്നത്. ജൂണിലായിരുന്നു ഇതിനു മുന്‍പുള്ള സന്ദര്‍ശനം.
കാണ്‍പൂരിലും ലഖ്‌നൗവിലും ട്രെയിനിലാണ് അദ്ദേഹം എത്തിയത്. ലഖ്‌നൗ ഡോ.ബാബാസാഹിബ് ബിമാരോ അംബേദ്കര്‍ യൂനിവേഴ്‌സിറ്റിയിലെ ബിരുദദാന ചടങ്ങാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായ ആദ്യ പരിപാടി. ഞായറാഴ്ച ട്രെയിനില്‍ അയോധ്യയിലെത്തും. രാഷ്ട്രപതി ഭവന്റെ അറിയിപ്പ് പ്രകാരം ടൂറിസം, സാംസ്‌കാരിക വകുപ്പുകളുടേയും ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെയും പരിപാടികളാണ് രാഷ്ട്രപതിക്കുള്ളത്. രാമക്ഷേത്ര നിര്‍മാണ പ്രദേശത്തെത്തി രാഷ്ട്രപതി പൂജ നടത്തുമെന്നും അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. എന്നാല്‍ ഇതിനെതിരേ സമാജ്‌വാദി പാര്‍ട്ടി ശക്തമായി രംഗത്തുവന്നു. രാഷ്ട്രപതിക്ക് എവിടെയും സഞ്ചരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ ബി.ജെ.പി അദ്ദേഹത്തിന്റെ യാത്ര രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുകയാണെന്നും മുതിര്‍ന്ന എസ്.പി നേതാവ് കൂടിയായ പവന്‍ പാണ്ഡെ പറഞ്ഞു. 2022 ലെ ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ബി.ജെ.പിയുടെ നീക്കമെന്നും എസ്.പി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."