'ഒരു പണിയുമില്ലേ, നീയൊക്കെ തെണ്ടാന്‍ പോ'; മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്
'ഒരു പണിയുമില്ല, നീയൊക്കെ തെണ്ടാന്‍ പോ'; മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്
തിരുവനന്തപുരം: യു.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധത്തിനിടെ പൊലിസ് ആളറിയാതെ തടഞ്ഞ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനെ സെക്രട്ടറിയേറ്റിലേക്ക് കടത്തിവിടാന്‍ ഇടപെട്ട് മാധ്യമപ്രവര്‍ത്തകര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തനെയാണ് പൊലിസ് തടഞ്ഞത്.
എന്നാല്‍ തന്നെ കടത്തിവിടാന്‍ ഇടപെട്ട മാധ്യമപ്രവര്‍ത്തകരോട് നീയൊക്കെ തെണ്ടാന്‍ പോ എന്നായിരുന്നു ദത്തന്‍ പ്രതികരിച്ചത്. സെക്രട്ടേറിയേറ്റിന് മുന്നിലെ അനക്‌സ് കെട്ടിടത്തിന് മുന്നില്‍ സ്ഥാപിച്ച ബാരിക്കേഡിന് മുന്നിലായിരുന്നു സംഭവം.
ബാരിക്കേഡ് കടന്ന് അകത്തുകയറിയ ദത്തന്‍ പൊലിസ് ഉദ്യോഗസ്ഥനോട് സംസാരിച്ച് നടന്നുപോകുമ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയത്. ഉപരോധം നിമിത്തമുണ്ടായ ബുദ്ധിമുട്ടിനെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. മാധ്യമപ്രവര്‍ത്തകരെ കണ്ടയുടന്‍ ഒരു പണിയുമില്ലേടാ നിങ്ങള്‍ക്കൊക്കെ? അങ്ങനെയാണേല്‍ നീയൊക്കെ തെണ്ടാന്‍ പോ' എന്നായിരുന്നു ദത്തന്റെ പ്രതികരണം.
റേഷന്‍ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നും അഴിമതി ഭരണത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് യു.ഡി.എഫ് സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിച്ചത്.
ആറ് മണിക്കൂര്‍ പിന്നിട്ട ഉപരോധ സമരത്തില്‍ ജനം വലഞ്ഞു. തിരുവനന്തപുരം നഗരത്തില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. എംസി റോഡില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പാളയം കിഴക്കേക്കോട്ട റൂട്ടില്‍ വാഹനങ്ങള്‍ പോകുന്നില്ല. എം ജി റോഡ്, പാളയം, ബേക്കറി ജംഗ്ഷന്‍, തമ്പാനൂര്‍ എന്നീ ഭാഗങ്ങളില്‍ വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."