പൊലിസ് ഉദ്യോഗസ്ഥര്‍ ഭരിക്കുന്ന പാര്‍ട്ടിക്കൊപ്പം ചേരുന്നതില്‍ വിമര്‍ശനവുമായി സുപ്രിംകോടതി
ന്യൂഡല്‍ഹി: പൊലിസ് ഉദ്യോഗസ്ഥര്‍ ഭരിക്കുന്ന പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന അസുഖകരമായ പ്രവണത രാജ്യത്ത് കണ്ടുവരുന്നതായി സുപ്രിംകോടതി.
ഭരിക്കുന്ന പാര്‍ട്ടിക്കൊപ്പം പക്ഷം ചേരുന്ന ഉദ്യോഗസ്ഥരെ പിന്നീട് പ്രതിപക്ഷം അധികാരത്തിലെത്തുമ്പോള്‍ ഉന്നംവയ്ക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു. രാജ്യദ്രോഹക്കുറ്റം ചുമത്തി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഛത്തീസ്ഗഡ് എ.ഡി.ജി.പി ഗുര്‍ജീന്ദര്‍ പാല്‍ സിങ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.
രാജ്യത്തെ ഇത്തരം സ്ഥിതിഗതികള്‍ ദുഃഖകരമാണെന്നും ഇതൊരു പുതിയ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ പൊലിസ് ഉദ്യോഗസ്ഥര്‍ ആ പ്രത്യേക പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നു.
പിന്നീട് പ്രതിപക്ഷം അധികാരത്തില്‍ വന്നാല്‍ സര്‍ക്കാര്‍ ആ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആരംഭിക്കുന്നു. ഇത്തരം പ്രവണതകള്‍ നിര്‍ത്തലാക്കേണ്ടതുണ്ട്. ഭരണകക്ഷിയുടെ ഗുഡ് ബുക്കില്‍ കയറിപ്പറ്റാന്‍ ചില പൊലിസ് ഉദ്യോഗസ്ഥര്‍ അധികാരദുര്‍വിനിയോഗം ചെയ്യുന്നുണ്ട്.
രാഷ്ട്രീയ എതിരാളികളെ പലതരത്തില്‍ പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. പൊലിസ് ഉദ്യോഗസ്ഥര്‍ കര്‍ശനമായും നിയമാനുസൃതമായി പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സര്‍ക്കാരിനെതിരേ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് ഗുര്‍ജീന്ദര്‍ പാല്‍ സിങ്ങിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. തനിക്കെതിരേയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗുര്‍ജീന്ദര്‍ പാല്‍ സിങ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളുകയായിരുന്നു.
തുടര്‍ന്നാണ് അദ്ദേഹം സുപ്രിംകോടതിയിലെത്തിയത്. കേസില്‍ അറസ്റ്റ് പാടില്ലെന്നും സുപ്രിംകോടതി ഛത്തീസ്ഗഡ് സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."