ചാൻസലർ പദവിയിൽ ഗവർണറെ ഒഴിവാക്കൽ തല വെട്ടിയോ തലവേദന മാറ്റൽ
ഡോ. പി.പി മുഹമ്മദ്
കേരളത്തിൽ മുഖ്യമന്ത്രി-ഗവർണർ പോര് ശക്തമായിട്ട് മാസങ്ങളായി. ഇക്കാര്യം സൂക്ഷ്മമായി വിശകലനം ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ആദ്യഘട്ടത്തിൽ ഇത് ഒളിച്ചുകളിയായിരുന്നു. പ്രത്യക്ഷത്തിൽ വിമർശിച്ചും സ്വന്തം കാര്യങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി പരസ്പരം സഹകരിച്ചും കേരള ജനതയെ വഞ്ചിക്കുന്ന നിരവധി സംഭവങ്ങളുണ്ടായി. പോര് നിമിത്തം കേരള ജനതയ്ക്ക് നഷ്ടപ്പെടുന്ന വിഭവശേഷി വളരെ വലുതാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. യൂനിവേഴ്‌സിറ്റി നടപടിക്രമങ്ങളാണ് വിവാദങ്ങളുടെ ഹേതു. തർക്കം മൂർച്ഛിച്ച് ഇപ്പോൾ അധികാരം ഉപയോഗിച്ച് സർക്കാർ ചാൻസലറെ മാറ്റാൻ ശ്രമിക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയ അജൻഡ തിരിച്ചറിയണം.
ഉന്നതവിദ്യാഭ്യാസമേഖലയിൽ പരിചയമില്ലാത്തയാളല്ല ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി യൂനിയൻ ചെയർമാൻ എന്ന ഉന്നത പദവി വഹിച്ചുകൊണ്ടാണ് അദ്ദേഹം പൊതുരംഗത്തേക്ക് വന്നത്. പാർലമെൻ്റ് അംഗമായും കേന്ദ്രമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് പല രാഷ്ട്രീയ പാർട്ടികളിലും പ്രവർത്തിച്ച് ബി.ജെ.പിയിൽ എത്തിച്ചേരുകയും തുടർന്ന് കേരള ഗവർണറായി നിയമിതനാവുകയും ചെയ്തു. ലഭ്യമായ അധികാരമുപയോഗിച്ച് അദ്ദേഹം രാഷ്ട്രീയം കളിക്കുന്ന പോലെത്തന്നെ സി.പി.എമ്മും ഭരണത്തിൽ ഇരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചിട്ടുണ്ട്.
നിലവിൽ ചാൻസലറെ മാറ്റുന്നതിലേക്ക് എത്തിച്ചേർന്ന സാഹചര്യം വ്യക്തമാണ്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് സി.പി.എമ്മിലെ നേതാക്കൾക്കും ഭാര്യമാർക്കും പിൻവാതിലിലൂടെ യൂനിവേഴ്‌സിറ്റികളിൽ നിയമനം നടത്താൻ ശ്രമിച്ചിരുന്നു. നിരീശ്വരവാദി റഷീദ് കാണിച്ചേരിയുടെ മകൾക്ക് മുസ്‌ലിം റിസർവേഷൻ പോസ്റ്റ് തരപ്പെടുത്തിക്കൊടുത്തത് മുൻ സ്പീക്കറാണ്. സി.പി.എം നേതാവ് കെ.കെ രാഗേഷിൻ്റെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ അധ്യാപികയായി നിയമിച്ചത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നു. ഈ നിയമനം നടത്തിയ വൈസ് ചാൻസലർ തന്നെ പുനർനിയമനം നേടിയെടുത്തത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തുകയും അതിനെതിരിൽ ഗവർണർ നടപടി ആരംഭിച്ചതുമാണല്ലോ ഗവർണർ - സർക്കാർ ഉടക്കിന്റെ ആരംഭം. ഇതുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ അപമാനിച്ചതും ആ വിഷയം മന്ത്രിമാരുടെ നിയമനത്തിൽ പ്രീതി നഷ്ടപ്പെട്ടതിലേക്ക് വരെ എത്തിച്ചേർന്നതും ഭരണഘടന പ്രതിസന്ധി സൃഷ്ടിക്കും വിധം മന്ത്രിമാരെ മാറ്റും എന്ന വ്യാജപ്രചാരണങ്ങൾ നടത്തി രാഷ്ട്രീയ അന്തരീക്ഷം മലിനമാക്കിയതും കേരളം കണ്ടതാണ്.
കാലിക്കറ്റ്, കുഫോസ്(ഫിഷറീസ് സർവകലാശാല), കുസാറ്റ് (സാങ്കേതിക സർവകലാശാല കൊച്ചി) എന്നിവയിൽ വൈസ് ചാൻസലർ നിയമനം നടത്തിയത് ആരിഫ് മുഹമ്മദ് ഖാനാണ്. ശ്രീനാരായണ സർവകലാശാലയിലും വെർച്വൽ യൂനിവേഴ്‌സിറ്റിയിലും യു.ജി.സി അംഗീകാരം ലഭിക്കുന്നത് വരെ സർക്കാർ നിയമനം നടത്തിയത് ന്യായമാണ്. യു.ജി.സി അംഗീകാരം ലഭിച്ചാൽ ആ മാനദണ്ഡമനുസരിച്ച് സർച്ച് കമ്മിറ്റിവച്ച് നിയമനം നടത്തണമെന്നതാണ് നടപടിക്രമം. എന്നാൽ സാങ്കേതിക സർവകലാശാല വി.സി നിയമനം സുപ്രിംകോടതി തെറ്റാണെന്ന് കണ്ടെത്തുകയും നിയമനം റദ്ദാക്കുകയും ചെയ്തു. തുടർന്ന് തെറ്റ് തിരുത്തുന്നതിൻ്റെ ഭാഗമായി ഗവർണർ മറ്റു സർവകലാശാല വി.സിമാരോട് വിശദീകരണം ചോദിച്ചതിലും തെറ്റൊന്നും കാണേണ്ടതില്ല. വി.സിമാർ നൽകുന്ന വിശദീകരണം അനുസരിച്ച് അദ്ദേഹം നടപടി സ്വീകരിച്ചേക്കും. നടപടിയിലെ തെറ്റും ശരിയും തിരുത്താൻ ഇവിടെ ജനാധിപത്യ കോടതികളുള്ളപ്പോൾ ആ രീതിയിൽ കാണുകയും പരിഹരിക്കുകയുമായിരുന്നു വേണ്ടത്. നിയമിതരായ വി.സിമാർ തെറ്റൊന്നും ചെയ്തിട്ടില്ല. വൈസ് ചാൻസലർമാരുടെ വിശദീകരണത്തെ തുടർന്ന് ഗവർണർ നടപടിയെടുക്കുകയാണെങ്കിൽ ന്യായം കോടതിയെ ബോധ്യപ്പെടുത്തണം.
ഇൗ അവസരം ഉപയോഗപ്പെടുത്താതെ ചാൻസലറെ മാറ്റാൻ ശ്രമിക്കുകയും അതിനെതിരിൽ വിമർശിക്കുന്നവരെ ആർ.എസ്.എസ് ബാന്ധവം ചാർത്തി താറടിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സി.പി.എമ്മിന്റെ തന്ത്രത്തിനു നേരെയും കണ്ണടക്കുക വയ്യ. ആർ.എസ്.എസ് ബന്ധം പുലർത്തിയവരാണ് സി.പി.എമ്മുകാർ. ആർ.എസ്.എസുമായി ബന്ധം പുലർത്തിയത് അടിയന്തരാവസ്ഥ പ്രതിരോധിക്കാനായിരുന്നു എന്നാണ് കഴിഞ്ഞദിവസത്തെ പത്രസമ്മേളനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. എന്നാൽ അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള പല തെരഞ്ഞെടുപ്പുകളിലും ദേശീയതലത്തിലും കേരളത്തിലും പഞ്ചായത്തിൽ വരെ ആർ.എസ്.എസുമായി കൂട്ടുകൂടിയ ചരിത്രം ധാരാളമുണ്ട്.
എന്നാൽ ഈ സാഹചര്യം ഉപയോഗിച്ച് ചാൻസലറെ മാറ്റാൻ ശ്രമിക്കുമ്പോൾ സി.പി.എമ്മിന്റെ കഴിഞ്ഞകാല ചെയ്തികൾ കൂടി പരിശോധിച്ചാൽ പ്രത്യേകിച്ച് യൂനിവേഴ്‌സിറ്റി നിയമനരംഗം പരിശോധിച്ചാൽ ചില യാഥാർഥ്യങ്ങൾ ബോധ്യമാകും. പാർട്ടിക്കാരെ തിരുകിക്കയറ്റാനുള്ള ഹീനശ്രമങ്ങളുടെ പരമ്പരതന്നെ അവിടെ കാണാനാവും.
1968ൽ ആരംഭിച്ച കാലിക്കറ്റ് സർവകലാശാലയിൽ രാജ്യത്തെ പ്രമുഖരെ കണ്ടെത്തിയാണ് സി.എച്ച് മുഹമ്മദ് കോയ പല ഡിപ്പാർട്ട്‌മെന്റിലും നിയമിച്ചത്. ഹിസ്റ്ററിയിൽ എം.ജി.എസ് നാരായണനും മലയാളത്തിൽ സുകുമാർ അഴീക്കോടും തുടങ്ങി വിവിധ വകുപ്പ് നിയമനങ്ങളൊക്കെ ഇതിന് തെളിവുകളാണ്. പല വകുപ്പുകളിലെയും പ്രൊഫസർമാർ ഇന്ത്യയിൽ ലഭിക്കുന്നവരിൽ ഏറ്റവും പ്രമുഖരായിരുന്നു. വർഷങ്ങൾ കഴിഞ്ഞ് കൂടുതൽ നിയമനങ്ങൾ വന്നത് ഉമ്മർകുട്ടി വൈസ് ചാൻസലറായപ്പോഴാണ്. പരസ്യം നൽകി യോഗ്യതയുള്ളവരെ നിയമപരമായി നിയമിക്കാൻ ഇന്റർവ്യൂ ആരംഭിച്ചപ്പോൾ അതിനെ തങ്ങളുടെ ശക്തി ഉപയോഗിച്ച് തടയാൻ ശ്രമിച്ചവരാണ് സി.പി.എമ്മുകാർ.
തുടർന്ന് കെ.കെ.എൻ കുറുപ്പ് വൈസ് ചാൻസിലറായി. ഇതോടെ പാർട്ടി താൽപര്യ നിയമനപ്രക്രിയ ആരംഭിച്ചു. അന്ന് നിയമിക്കപ്പെട്ടവരിൽ 80 ശതമാനവും സജീവ കമ്യൂണിസ്റ്റുകാരും യോഗ്യതയിൽ രണ്ടാം നിലക്കാരുമായിരുന്നു. സിൻഡിക്കേറ്റ് അംഗം വൈസ് ചാൻസലറെ പോലും മറികടന്ന് സംസ്‌കൃത ഡിപ്പാർട്ട്‌മെൻ്റിൽ നിയമനം നേടുകയും കേരള ഹൈക്കോടതി ഇത് റദ്ദ് ചെയ്യുകയും ചെയ്തു. നേടിയെടുത്ത പ്രമോഷനുകൾ റദ്ദാക്കിയതിനാൽ അദ്ദേഹത്തിന് പിരിഞ്ഞുപോവേണ്ടിയും വന്നു. ഇതേ കാലത്ത് അസിസ്റ്റൻ്റ് നിയമനം നടത്താൻ സി.പി.എം ശ്രമിക്കുകയും കോട്ടയം ജില്ലയിലെ അന്നത്തെ സി.പി.എം നേതാവിന്റെ കുടുംബത്തിൽ നിന്ന് തന്നെ മൂന്നുപേര് നിയമനം ലഭിക്കുന്ന വിധത്തിൽ അഴിമതി റാങ്ക് ലിസ്റ്റുണ്ടാക്കി. പരാതിയെത്തിയപ്പോൾ ഹൈക്കോടതി റാങ്ക് ലിസ്റ്റും അഭിമുഖവും റദ്ദാക്കി. ഉത്തരക്കടലാസുകൾ വീണ്ടും പരിശോധന നടത്താൻ എൽ.ബി.എസ് സെൻ്ററിൽ ഏൽപ്പിച്ചു. പുനപ്പരിശോധനയുടെ അടിസ്ഥാനത്തിൽ നിയമനം നടത്താൻ ഉത്തരവിട്ടു. തുടർന്ന് നിയമനം നടത്തിയപ്പോൾ സി.പി.എം ഉണ്ടാക്കിയ ലിസ്റ്റിൽ 444 പേരിൽ നിന്ന് 250ലധികം ആളുകൾ പുറത്തുപോയി.
അൻവർ ജഹാൻ സുബൈരി കാലിക്കറ്റ് വി.സിയായപ്പോഴുണ്ടായ നിയമനങ്ങൾ അഴിമതിയിൽ കുപ്രസിദ്ധമാണ്. ഈ വി.സി നിയമനം തന്നെ ബഹു തമാശയാണ്. അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിൽ എജുക്കേഷൻ ഡിപ്പാർട്ട്‌മെന്റിൽ 19 പ്രൊഫസർമാരിൽ പിഎച്ച്ഡി ഇല്ലാത്ത മുസ്‌ലിം വനിത എന്നതായിരുന്നു ഇവരുടെ അധിക യോഗ്യത. അന്ന് നിയമിക്കപ്പെട്ട അധ്യാപകർ പലരും ഇന്നും സർവിസിൽ തുടരുന്നുണ്ട്. യോഗ്യതയില്ലാത്തവരാണ് അക്കാലത്ത് നിയമിക്കപ്പെട്ട പല അധ്യാപകരും. ഈ ഫയൽ പരിശോധിക്കാൻ അധികാരം ഉണ്ടായിരുന്ന വ്യക്തിയാണ് ഈ ലേഖകൻ. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ അതിനുമുമ്പും ശേഷവും ഇത്രയും യോഗ്യതയില്ലാത്തവരെ നിയമിച്ചിട്ടില്ല എന്ന് ആധികാരികമായി പറയാൻ സാധിക്കും. പാർട്ടി നേതാവായിരുന്ന വക്കീലും പണ്ട് തരംതാഴ്ത്തപ്പെട്ട മഹാ വ്യക്തിയും സിൻഡിക്കേറ്റിൽ ഉണ്ടായിരുന്ന കാലത്താണ് ഈ നിയമനം നടത്തിയത്.
കാലിക്കറ്റിൽ നടത്തിയത് പോലെയുള്ള അഴിമതി മറ്റു സർവകലാശാലകളിലും തുടരുന്നു എന്നതും ഇതിനെ ആരെതിർത്താലും അവർക്കെതിരെ സി.പി.എം തിരിഞ്ഞു കുത്തും എന്നതുമാണ് വസ്തുത. ധൃതിപ്പെട്ട് ചാൻസലറെ മാറ്റാൻ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധവും അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. മറ്റു നിയമനങ്ങളിലെ അഴിമതി പോലെയല്ല സർവകലാശാലകളിലെ അധ്യാപക അഴിമതി. ഭാവി കേരളത്തിന് തന്നെ വിനാശകരമായി ഇത് ബാധിക്കും. ചാൻസലറെ മാറ്റാനുള്ള ഹീനശ്രമത്തെ പരാജയപ്പെടുത്താൻ അക്കാദമിക സമൂഹവും ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി മുന്നോട്ടുവരണം.
(കാലിക്കറ്റ് സർവകലാശാല മുൻ രജിസ്ട്രാറാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."