പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാന്‍ തടസങ്ങളില്ലെന്ന് പുനഃപരിശോധനാ സമിതി
നിസാം കെ. അബ്ദുല്ല
കല്‍പ്പറ്റ: 2013ല്‍ നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിന് തടസങ്ങളില്ലെന്ന് പുനഃപരിശോധന സമിതിയുടെ റിപ്പോര്‍ട്ട്. നിയമക്കുരുക്കുകളാണ് പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്നതിന് തടസമെന്നാണ് സര്‍ക്കാരും ജീവനക്കാരുടെ വിവിധ സംഘടനകളും ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍, സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാന്‍ സാധിക്കുമെന്നാണ് പുനഃപരിശോധന സമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്.
സാമ്പത്തികസ്ഥിതി പരിഗണിച്ച് പങ്കാളിത്ത പെന്‍ഷന്‍ തുടരണോ വേണ്ടയോ എന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പി.കെ ബഷീര്‍ എം.എല്‍.എയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് പുനഃപരിശോധന സമിതിയുടെ റിപ്പോര്‍ട്ടിലെ ഈ പരാമര്‍ശം ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വെളിപ്പെടുത്തിയത്. പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധന സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചോയെന്ന ചോദ്യത്തിന് ഏപ്രില്‍ 30ന് റിപ്പോര്‍ട്ട് ലഭിച്ചുവെന്നും സര്‍ക്കാരിന് നയപരമായ തീരുമാനം കൈക്കൊള്ളാമെന്നാണ് റിപ്പോര്‍ട്ടിലുള്ളതെന്നുമാണ് മന്ത്രി പറഞ്ഞത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്ക് ഡി.സി.ആര്‍.ജി അനുവദിക്കുക, 10 വര്‍ഷം പൂര്‍ത്തിയാക്കാതെ വിരമിക്കുന്ന ജീവനക്കാര്‍ക്ക് എക്‌സ്‌ഗ്രേഷ്യ പെന്‍ഷന്റെ മിനിമത്തിന് തുല്യമായ തുകകൂടി അനുവദിക്കുക, 2013 ഏപ്രില്‍ ഒന്നിന് മുന്‍പ് നിയമന നടപടികള്‍ പൂര്‍ത്തിയാക്കി, ഭരണപരമായ കാരണങ്ങളാല്‍ നിയമനം വൈകി 2013 ഏപ്രില്‍ ഒന്നിന് ശേഷം നിയമനം ലഭിച്ചവര്‍ക്ക് കെ.എസ്.ആര്‍ ഭാഗം മൂന്ന് പെന്‍ഷന്‍ പദ്ധതിയില്‍ തുടരുന്നതിനുള്ള ഓപ്ഷന്‍ അനുവദിക്കുക തുടങ്ങിയ ശുപാര്‍ശകളും റിപ്പോര്‍ട്ടിലുള്ളതായി മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."