സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍; കേസില്‍ നാലു വര്‍ഷത്തിന് ശേഷം വഴിത്തിരിവ്
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ നാലര വര്‍ഷത്തിന് ശേഷം വഴിത്തിരിവ്. ആക്രണം നടത്തിയത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍. ഇയാളുടെ സഹോദരനാണ് മൊഴി നല്‍കിയിരിക്കുന്നത്. കുണ്ടമണ്‍കടവ് സ്വദേശി പ്രശാന്ത് ആണ് തന്റെ സഹോദരന്‍ പ്രകാശാണ് ആശ്രമത്തിന് തീയിട്ടതെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരിക്കുന്നത്. പ്രകാശും സുഹൃത്തുക്കളും ചേര്‍ന്നാണ് തീയിട്ടതെന്നും ഇവര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നുമാണ് മൊഴി. പ്രകാശ് കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ ജനുവരി മൂന്നിന് പ്രകാശിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രകാശിനെതിരെ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. എന്നാല്‍ പ്രകാശിലേക്കെത്തിയത് എങ്ങിനെയെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നില്ല. പ്രകാശിന്റെ മരണവും അന്വേഷിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ഒരാഴ്ച മുമ്പാണ് പ്രശാന്തിന്റെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തിയത്. ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി തിരുവനന്തപുരം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
അനുമതി കിട്ടിയാലുടന്‍ രഹസ്യമൊഴി രേഖപ്പെടുത്തും. തുടര്‍ന്ന് മൊഴിയിലെ വസ്തുത ക്രൈംബ്രാഞ്ച് പരിശോധിക്കും. കേസിലെ കൂട്ടുപ്രതികളെ കണ്ടെത്തി അവരുടെ മൊഴിയും രേഖപ്പെടുത്തണം.
പ്രതിയെ കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് മൂന്നര വര്‍ഷത്തിന് ശേഷം കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. തീ കത്തിച്ചത് പെട്രോളൊഴിച്ചാണ് എന്നതിനപ്പുറം മറ്റു തെളിവുകളൊന്നുമില്ല. ചില കാര്യങ്ങള്‍ കൂടി പരിശോധിച്ച ശേഷം അന്വേഷണം അവസാനിപ്പിച്ചു കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനായിന്നു ക്രൈംബ്രാഞ്ചിന്റെ തീരുമാനം. അതിനിടെയാണ് ഇപ്പോള്‍ പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നത്.
2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണു കുണ്ടമണ്‍കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപിടിച്ച നിലയില്‍ കണ്ടെത്തിയത്. ആശ്രമത്തിനു മുന്നില്‍ നിര്‍ത്തിയിരുന്ന കാറുകള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. മുഖ്യമന്ത്രിയടക്കമുള്ളവര്‍ ആശ്രമത്തിലെത്തുകയും വലിയതോതിലുള്ള അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ആറു മാസത്തിലധികം പൊലിസിന്റെ പ്രത്യേകസംഘത്തിനായിരുന്നു അന്വേഷണ ചുമതല. പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. അന്നു ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ടോമിന്‍ തച്ചങ്കരി അടക്കമുള്ളവര്‍ നേരിട്ടെത്തിയാണ് അന്വേഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."