'സഞ്ജയ് റാവത്തിന്റെ അറസ്റ്റ് നിയമവിരുദ്ധം' ജാമ്യം അനുവദിക്കവേ കോടതി
മുംബൈ: ശിവസേന എം.പി സഞ്ജയ് റാവത്തിന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് കോടതിയുടെ നിരീക്ഷണം. സഞ്ജയ് റാവത്തിനും പ്രവീണ്‍ റാവത്തിനും ജാമ്യം അനുവദിക്കവെ പ്രത്യേക കോടതി ജഡ്ജി എം.ജി ദേശ്പാണ്ഡെയുടേതാണ് നിരീക്ഷണം. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലായിരുന്നു റാവത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
സിവില്‍ കേസിലാണ് പ്രവീണ്‍ റാവത്തിനെ അറസ്റ്റ് ചെയ്തതെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം സഞ്ജയ് റാവത്തിന്റെ അറസ്റ്റ് ഒരു കാരണവും കാണിക്കാതെയാണ്. കോടതി ചൂണ്ടിക്കാട്ടി. ജാമ്യം സ്റ്റേ ചെയ്യണമെന്ന ഇ.ഡിയുടെ ആവശ്യം ബോംബെ ഹൈക്കോടതിയും അംഗീകരിച്ചില്ല.
സഞ്ജയ് റാവത്തിന് ജാമ്യം അനുവദിക്കുന്നതിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എതിര്‍ത്തു. ജാമ്യ ഉത്തരവ് വെള്ളിയാഴ്ച വരെ സ്റ്റേ ചെയ്യണമെന്ന ഇ.ഡിയുടെ അഭ്യര്‍ത്ഥന തള്ളിക്കൊണ്ട് പ്രത്യേക കോടതി സഞ്ജയ് റാവത്തിനും പ്രവീണ്‍ റാവത്തിനും ജാമ്യം അനുവദിക്കുകയായിരുന്നു.
'ഞാന്‍ താങ്കളോട് കടപ്പെട്ടിരിക്കുന്നു' എന്ന് സഞ്ജയ് റാവത്ത് ജഡ്ജി എം.ജി ദേശ്പാണ്ഡെയോട് കൈകൂപ്പി പറഞ്ഞു. 'നന്ദി പറയേണ്ട ആവശ്യമില്ല. എല്ലാ കാര്യവും മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്. മെറിറ്റില്ലെങ്കില്‍ ഈ വിധിയുമുണ്ടാകില്ല' എന്നായിരുന്നു ജഡ്ജിയുടെ മറുപടി.
'കോടതിയുടെ നിരീക്ഷണങ്ങള്‍ നിങ്ങളുടെ മുന്നിലുണ്ട്. ജീവിതത്തില്‍ ഒരു തെറ്റും ഞാന്‍ ചെയ്തിട്ടില്ല. ഞാന്‍ ഇത് ഒരിക്കലും മറക്കില്ല. എനിക്ക് ആരോടും ഒരു വിരോധവുമില്ല. നിയമം എനിക്ക് നീതി നല്കി. ഞാന്‍ നന്ദിയുള്ളവനാണ്'. സെന്‍ട്രല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം സഞ്ജയ് റാവത്ത് പറഞ്ഞു.
പത്ര ചൗള്‍ റീ ഡവലപ്മെന്റ് പ്രൊജക്ടില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് സഞ്ജയ് റാവത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. 1034 കോടിയുടെ അഴിമതി നടന്നുവെന്നാണ് ഇ.ഡിയുടെ ആരോപണം. ഉദ്ധവ് പക്ഷ ശിവസേനയിലെ വിശ്വസ്തനായ നേതാവാണ് സഞ്ജയ് റാവത്ത്. ആഗസ്ത് ഒന്നിന് അറസ്റ്റിലായ റാവത്ത് മുംബൈ ആര്‍തര്‍ റോഡ് ജയിലിലായിരുന്നു.
ശിവസേനാ വിമത എം.എല്‍.എമാരുടെ സംഘത്തില്‍ ചേരാന്‍ തനിക്കും ഓഫര്‍ ലഭിച്ചെന്ന് സഞ്ജയ് റാവത്ത് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ താന്‍ ബാലാസാഹെബ് താക്കറെയുടെ പിന്‍ഗാമിയായതു കൊണ്ട് അതു നിരസിച്ചെന്നും അന്ന് റാവത്ത് പറഞ്ഞു. ബി.ജെ.പിയുടെയും ഷിന്‍ഡെ പക്ഷ ശിവസേനയുടെയും കടുത്ത വിമര്‍ശകനായിരുന്നു റാവത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."