'ലൈറ്റ് ഓഫ് മിഹ്‌റാബ്' പ്രഭാഷക ശില്‍പശാല നാളെ
ചേളാരി: സുന്നീ മഹല്ല് ഫെഡറേഷന്‍ - സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെടുന്ന 'ലൈറ്റ് ഓഫ് മിഹ്‌റാബ്' ത്രൈമാസ കാമ്പയിനിന്റെ ഭാഗമായി പ്രഭാഷക ശില്‍പശാലയും മൊഡ്യൂള്‍ പ്രിപ്പറേഷനും നാളെ രാവിലെ 9 ന് ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടക്കും. തെരഞ്ഞെടുക്കപ്പെട്ട പ്രഭാഷകന്‍മാരാണ് ശില്‍പശാലയില്‍ പങ്കെടുക്കേണ്ടത്.
സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ശില്‍പശാല ഉദ്ഘാടനം ചെയ്യും. മുശാവറ അംഗവും എസ്.എം.എഫ് സംസ്ഥാന ട്രഷററുമായ ഉമര്‍ ഫൈസി മുക്കം അധ്യക്ഷനാവും. എസ്.എം.എഫ്.സംസ്ഥാന ജനറല്‍ സെക്രട്ടറി യു.മുഹമ്മദ് ശാഫി ഹാജി ചെമ്മാട് ( ഉലമാ - ഉമറാ: കരുത്തും കരുതലും), വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (അവകാശങ്ങള്‍ക്കായി സാവേശം), ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി (വിശ്വാസമാണ് ആശ്വാസം), അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ (ആത്മീയതയാണ് പരിഹാരം) എന്നിവര്‍ വിഷയാവതരണം നടത്തും.ഓര്‍ഗനൈസര്‍ എ.കെ.ആലിപ്പറമ്പ കര്‍മ്മപദ്ധതി വിശദീകരിക്കും.
മഹല്ലുകളില്‍ പുത്തനുണര്‍വ് നല്‍കുക, മത നിരാസ പ്രവണതകളെയും യുക്തിവാദ- സ്വതന്ത്ര ചിന്തകളെയും പ്രതിരോധിക്കുക, അവകാശ - ആത്മീയ ബോധം വളര്‍ത്തുക, ഉലമാ - ഉമറാ ബന്ധം ഊട്ടിയുറപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി സംഘടിപ്പിക്കപ്പെടുന്ന കാംപയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓഗസ്റ്റ് 31 ചൊവ്വാഴ്ച രാവിലെ മലപ്പുറം സുന്നി മഹലില്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."