HOME
DETAILS
MAL
യു.എ.ഇയില്‍ തൊഴില്‍ നഷ്ടമായാലും ശമ്പളം: ഇന്‍ഷുറന്‍സ് പദ്ധതി പുതുവര്‍ഷത്തില്‍;അംഗത്വം എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധം
backup
November 10 2022 | 05:11 AM
ദുബൈ: യു.എ.ഇയില്‍ തൊഴില്‍ നഷ്ടമായാലും മൂന്ന് മാസം വരെ ശമ്പളം ലഭിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി പുതുവര്‍ഷത്തില്‍ നിലവില്‍ വരും. പദ്ധതിയില്‍ എല്ലാ ജീവനക്കാരും അംഗത്വമെടുക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. നിശ്ചിത വരുമാനം ഉറപ്പുനല്‍കുന്ന തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയാണ് 2023 ജനുവരി ഒന്നു മുതല്‍ തുടങ്ങുന്നത്. പദ്ധതിയിലെ അംഗത്വം എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധമാണെന്ന് യു.എ.ഇ മാനവ വിഭവശേഷി,സ്വദേശിവത്കരണ മന്ത്രാലയമാണ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഒരുപോലെ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതാമണ്.
രണ്ട് വിഭാഗങ്ങളിലായാണ് ഈ ഇന്‍ഷുറന്‍സ് സ്‌കീം നടപ്പാക്കുക. ആദ്യത്തെ വിഭാഗത്തില്‍ അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹമോ അതില്‍ കുറവോ ഉള്ളവരാണ് ഉള്‍പ്പെടുക. ഇവര്‍ ഒരു മാസം അഞ്ച് ദിര്‍ഹം വീതം പ്രതിവര്‍ഷം 60 ദിര്‍ഹമായിരിക്കും ഇന്‍ഷുറന്‍സ് പ്രീമിയമായി അടക്കേണ്ടത്.
രണ്ടാമത്തെ വിഭാഗത്തില്‍ അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹത്തില്‍ കൂടുതലുള്ളവരാണ്. ഇവര്‍ മാസം 10 ദിര്‍ഹം വെച്ച് വര്‍ഷത്തില്‍ 120 ദിര്‍ഹം അടക്കണം. വാര്‍ഷിക അടിസ്ഥാനത്തിലോ ആറ് മാസത്തിലൊരിക്കലോ മൂന്ന് മാസത്തിലൊരിക്കലോ അതുമല്ലെങ്കില്‍ ഓരോ മാസമായോ പ്രീമിയം അടയ്ക്കാനുള്ള അവസരമുണ്ടാകും. ഈ ഇന്‍ഷുറന്‍സ് പോളിസിക്ക് വാറ്റ് ബാധകമാണ്. പ്രീമിയം തുക ഓരോ ജീവനക്കാരനും സ്വന്തം നിലയ്ക്ക് അടക്കണം. രാജ്യത്തെ ഒന്‍പത് ഇന്‍ഷുറന്‍സ് കമ്പനികളുമായാണ് പദ്ധതിക്കായി മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ധാരണയിലെത്തിയിരിക്കുന്നത്. തൊഴിലാളികള്‍ക്ക് അവരുടെതല്ലാത്ത കാരണങ്ങള്‍ കൊണ്ട് ജോലി നഷ്ടമായാല്‍ ശമ്പളത്തിന്റെ 60 ശതമാനം വരെ ലഭിക്കും. ഒന്നാമത്തെ വിഭാഗത്തിലുള്ളവര്‍ക്ക് പരമാവധി 10,000 ദിര്‍ഹം വരെയും രണ്ടാമത്തെതില്‍ പരമാവധി 20,000 ദിര്‍ഹം വരെയോ ആയിരിക്കും ജോലി നഷ്ടമായാല്‍ ലഭിക്കുക.ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാവുകയും അതിന് ശേഷം തുടര്‍ച്ചയായി 12 മാസമെങ്കിലും ജോലി ചെയ്യുകയും ചെയ്ത് കഴിഞ്ഞവര്‍ക്കേ ക്ലെയിം ലഭിക്കൂകയുള്ളൂ. മറ്റൊരു ജോലിയില്‍ പ്രവേശിച്ചാലോ അല്ലെങ്കില്‍ രാജ്യം വിട്ടുപോയാലോ പദ്ധതിയിലൂടെയുള്ള തുക ലഭിക്കില്ല. അച്ചടക്ക നടപടികളുടെ ഭാഗമായി പുറത്താക്കപ്പെട്ടവര്‍ക്കും ഇന്‍ഷുറന്‍സ് തുക ലഭിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."