പടിഞ്ഞാറിനെ ഞെട്ടിച്ച് വീണ്ടും ഇറാന്‍; ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗതയുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ വികസിപ്പിച്ചു
തെഹ്‌റാന്‍: എല്ലാ പ്രതിരോധ സംവിധാനങ്ങളെയും മറികടക്കാന്‍ ശേഷിയുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ വികസിപ്പിച്ചതായി ഇറാന്‍. ശത്രുവിന്റെ മിസൈല്‍ വിരുദ്ധ സംവിധാനങ്ങളെ ഇത് നിഷ്പ്രഭമാക്കുമെന്നും മിസൈല്‍ മേഖലയില്‍ തലമുറമാറ്റമാണിതെന്നും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് എയ്‌റോസ്‌പേസ് യൂണിറ്റ് കമാന്‍ഡര്‍ ജനറല്‍ അമീറലി ഹാജിസാദെ പറഞ്ഞു.
അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകള്‍ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ടെങ്കിലും ഹൈപ്പര്‍സോണിക് മിസൈല്‍ ട്രാക്ക് ചെയ്യാനോ തകര്‍ക്കാനോ ഉള്ള കഴിവ് അതിനില്ല.
ആണവായുധങ്ങള്‍ എത്തിക്കാന്‍ കഴിയുന്ന പരമ്പരാഗത ബാലിസ്റ്റിക് മിസൈലുകള്‍ പോലെയുള്ള ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്ക് ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയില്‍ പറക്കാന്‍ കഴിയും. എല്ലാ മിസൈല്‍ വിരുദ്ധ വ്യോമ പ്രതിരോധ കവചങ്ങളും മറികടക്കാന്‍ കഴിയുന്ന ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈലാണ് വികസിപ്പിച്ചെടുത്തതെന്ന് ഹാജിസാദെയെ ഉദ്ധരിച്ച് ഇറാന്റെ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു.
റഷ്യക്ക് ഡ്രോണുകള്‍ കൈമാറുന്നുണ്ടെന്ന് ഇറാന്‍ സമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. റഷ്യയുടെ ഉക്രൈന്‍ അധിനിവേശം ആരംഭിച്ച ശേഷം ആദ്യമായാണ് ഇറാന്‍ ഇക്കാര്യം തുറന്നുപറയുന്നത്. ഇറാന്‍ റഷ്യയിലേക്ക് മിസൈലുകള്‍ അയക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ഒക്ടോബര്‍ 16ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഇറാന്‍ വാര്‍ത്ത നിഷേധിക്കുകയായിരുന്നു.
ബാലിസ്റ്റിക് മിസൈലുകളില്‍ നിന്ന് വ്യത്യസ്തമായി, ഹൈപ്പര്‍സോണിക് മിസൈലുകള്‍ വളരെ താഴ്ന്ന് പറക്കുന്നതിനാല്‍ വേഗത്തില്‍ ലക്ഷ്യത്തിലെത്തും. കഴിഞ്ഞ വര്‍ഷം ഉത്തരകൊറിയ ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതിക വിദ്യ സ്വന്തമാക്കാന്‍ ശ്രമമാരംഭിച്ചത് വാര്‍ത്തയായിരുന്നു. മിസൈല്‍ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ റഷ്യയാണ് മുന്നില്‍. ചൈനയും അമേരിക്കയുമാണ് തൊട്ടുപിന്നില്‍. ഹൈപ്പര്‍സോണിക് മിസൈലുകള്‍ ട്രാക്ക് ചെയ്യാനും പ്രതിരോധിക്കാനും പ്രയാസമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."