HOME
DETAILS
MAL
തൃക്കാക്കര നഗരസഭയില്‍ കൈയാങ്കളി; വഴിയടച്ച് പ്രതിപക്ഷ പ്രതിഷേധം
backup
August 28 2021 | 03:08 AM
ഓണക്കിഴി വിവാദത്തില്‍ വിജിലന്‍സ് പരിശോധനയും
കാക്കനാട്: ഓണക്കിഴി വിവാദത്തില്‍ തൃക്കാക്കര നഗരസഭയില്‍ ഭരണ പ്രതിപക്ഷ കൈയാങ്കളി. രാവിലെ മുതലേ നഗരസഭാകവാടത്തിനു മുന്നില്‍ ചെയര്‍പേഴ്സനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം നിലയുറപ്പിച്ചു.കൗണ്‍സില്‍ ഹാളിലേക്കുള്ള എല്ലാ വഴികളും അടച്ച പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭാ കൗണ്‍സില്‍ ഹാളിനു മുന്നില്‍ കുത്തിയിരുന്നു ചെയര്‍പേഴ്സനെതിരെ മുദ്രവാക്യം വിളിച്ചു. 11 മണിയോടെ നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന് ഓഫീസിന്റെ പിന്‍വാതിലിലൂടെ കൗണ്‍സില്‍ യോഗഹാളില്‍ എത്തിയെങ്കിലും പ്രതിഷേധം കടുക്കുകയും കൈയാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. ഇതോടെ പൊലീസ് സുരക്ഷയില്‍ അധ്യക്ഷ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ചേംബറില്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് അജണ്ടകള്‍ പാസാക്കി. കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കിഴി നല്‍കിയെന്ന പ്രതിപക്ഷ ആരോപണം ശരിവച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി.ഡി സുരേഷ് അടക്കം 20 യു.ഡി.എഫ് കൗണ്‍സിലര്‍മാരും നാല് സ്വതന്ത്ര കൗണ്‍സിലര്‍മാരും യോഗത്തില്‍ പങ്കെടുത്തു. കൗണ്‍സില്‍ ഹാളില്‍ യോഗം ചേരാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നഗരസഭാ മന്ദിരത്തിലെ മറ്റൊരു മുറിയില്‍ യോഗം ചേരേണ്ടി വന്നതെന്ന് അജിത തങ്കപ്പന് വ്യക്തമാക്കി. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷവും സമാന്തരമായി കൗണ്‍സില്‍ യോഗം ചേര്‍ന്നു. ഇതിനിടെ അജിത തങ്കപ്പന് കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിക്കൊപ്പം പണം നല്‍കിയെന്ന ആരോപണത്തില്‍ വിജിലന്‍സ് സംഘം ഇന്നലെ പ്രാഥമിക പരിശോധന നടത്തി. നഗരസഭാ ഓഫീസിലെത്തി സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച് രാത്രിയോടെയാണ് സംഘം മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."