എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അരലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നേടാന്‍ അവസരം; എന്‍.എം.എം.എസ് പരീക്ഷയെ കുറിച്ച് കൂടുതലറിയാം
എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അരലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നേടാന്‍ അവസരം; എന്‍.എം.എം.എസ് പരീക്ഷയെ കുറിച്ച് കൂടുതലറിയാം
എ.കെ ഫസലുറഹ്‌മാന്‍
സോഷ്യല്‍ സയന്‍സ് ഡി.ആര്‍.ജി, മലപ്പുറം
പൊതുവിദ്യാലയത്തില്‍ പഠിക്കുന്നവര്‍ക്ക് അരലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ്. ഒരു രൂപപോലും ഫീസടയ്ക്കാതെ പരീക്ഷ എഴുതാം. സര്‍ക്കാര്‍ അല്ലെങ്കില്‍ എയ്ഡഡ് സ്‌കൂളുകളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷ (എന്‍.എം.എം.എസ്.ഇ) എഴുതാന്‍ അവസരം. റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലോ, കേന്ദ്രീയ വിദ്യാലയം, ജവഹര്‍ നവോദയ വിദ്യാലയം എന്നിവയിലോ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള മറ്റ് ദത്തെടുത്ത സ്‌കൂളുകളിലോ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഈ പരീക്ഷ എഴുതാന്‍ അവസരമില്ല.
യോഗ്യതയുണ്ടോ?
പൊതുവിദ്യാലയത്തിലെ എട്ടാംക്ലാസുകാരനാണെങ്കിലും താഴെപറയുന്ന യോഗ്യതയുണ്ടെങ്കില്‍ മാത്രമേ എന്‍.എം.എം.എസ് പരീക്ഷക്കിരിക്കാന്‍ സാധിക്കൂ. അപേക്ഷിക്കുന്നവര്‍ 2022-23 അധ്യയന വര്‍ഷത്തില്‍ ഏഴാംക്ലാസ് വാര്‍ഷിക പരീക്ഷയില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതിയാകും. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം മൂന്നരക്ഷം രൂപയില്‍ അധികരിക്കരുതെന്നാണ് മറ്റൊരു സുപ്രധാന നിബന്ധന. എന്‍.എം.എം.എസ് പരീക്ഷയില്‍ യോഗ്യത നേടിയവര്‍ തുടര്‍ന്നും സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിച്ചാലേ സ്‌കോളര്‍ഷിപ്പ് ലഭിക്കൂ എന്നതും പ്രത്യേകം ഓര്‍ക്കണം. ചുരുക്കത്തില്‍ 48,000 രൂപ കിട്ടുമെന്ന് കരുതി എട്ടാംതരത്തിലെ എല്ലാവര്‍ക്കും ഈ പരീക്ഷ എഴുതാനൊക്കില്ലെന്ന് സാരം.
എന്തുപഠിക്കണം
90 മിനിറ്റു വീതമുള്ള രണ്ട് ഭാഗങ്ങളായാണ് പരീക്ഷ. ഡിസംബര്‍ 7 ന് രാവിലെയും ഉച്ചയ്ക്കു ശേഷവുമായാണ് പരീക്ഷ നടക്കുക. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അധികസമയം ഉണ്ടായിരിക്കും. SAT, MAT എന്നിവയാണ് പരീക്ഷകള്‍. ഒരു ചോദ്യത്തിന് ഒരുമാര്‍ക്ക് എന്ന തോതില്‍ 90 മാര്‍ക്ക് വീതമാണിത്. നെഗറ്റീവ് മാര്‍ക്കില്ല.
മാറ്റും സാറ്റും
വിദ്യാര്‍ഥികളുടെ മാനസിക ശേഷി പരിശോധിക്കുന്ന 90 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളായിരിക്കും ഈ വിഭാഗത്തില്‍ ഉണ്ടായിരിക്കുക. സാദൃശ്യം കണ്ടെത്തല്‍, വര്‍ഗീകരണം, സംഖ്യാശ്രേണികള്‍, പാറ്റേണുകള്‍ തിരിച്ചറിയല്‍, മറഞ്ഞിരിക്കുന്ന രൂപങ്ങള്‍ കണ്ടെത്തല്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍നിന്ന് ചോദ്യങ്ങള്‍ വരാറുണ്ട്. SAT എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സ്‌കൊളാസ്റ്റിക് ആപ്റ്റിറ്റിയൂഡ് ടെസ്റ്റാണ് രണ്ടാം പരീക്ഷ. പേരു കേള്‍ക്കുംപോലെ പേടിക്കാനൊന്നുമില്ല.
എട്ടാംക്ലാസില്‍ പരീക്ഷാ കാലയളവുവരെയുള്ള പാഠഭാഗങ്ങളെ കൂടാതെ ഏഴാംക്ലാസിലെ ഭാഷേതര വിഷയങ്ങളും പഠിച്ചെടുത്തവര്‍ക്ക് ആത്മവിശ്വാസത്തോടെ എന്‍.എം.എം.എസ് പരീക്ഷയ്ക്കിരിക്കാം.
90 മാര്‍ക്കിന്റെ സാറ്റ് പരീക്ഷയില്‍ 35 മാര്‍ക്ക് (സോഷ്യല്‍ സയന്‍സ്), 35 മാര്‍ക്ക് (അടിസ്ഥാന ശാസ്ത്രം), 20 മാര്‍ക്ക് (ഗണിതം)എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. ആകെ 90 മാര്‍ക്കിന്റെ ബഹുത്തര ചോദ്യങ്ങളാണ്. താഴ്ന്ന ക്ലാസുകളില്‍ പഠിച്ചിട്ടുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട ഉയര്‍ന്നതലത്തിലുള്ള ചോദ്യങ്ങളും ഉണ്ടായിരിക്കും.
ഫീസില്ലാതെ അപേക്ഷിക്കാം
എന്‍.എം.എം.എസ് പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ ഫീസില്ല. ആറുമാസത്തിനകം എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോ അപേക്ഷകര്‍ കരുതണം. ആവശ്യമായ രേഖകള്‍ ഉണ്ടെങ്കില്‍ രക്ഷിതാക്കളുടെ സഹായത്തോടെയോ പഠിക്കുന്ന സ്‌കൂളുകളുടെ സഹായത്തോടെയോ പരീക്ഷയ്ക്ക് അപേക്ഷിക്കാം. അക്ഷയ കേന്ദ്രങ്ങളിലും അപേക്ഷിക്കാനുള്ള സൗകര്യമുണ്ട്. വരുമാന സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫിസില്‍നിന്ന് മുന്‍കൂട്ടി വാങ്ങിയിരിക്കണം. വാര്‍ഷിക വരുമാനം മൂന്നര ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. ഇത് പി.ഡി.എഫ് ഫോര്‍മാറ്റില്‍ അപ്ലോഡ് ചെയ്യണം. കൂടാതെ എസ്.സി, എസ്.ടി വിഭാഗങ്ങളിലെ കുട്ടികള്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. 40 ശതമാനത്തില്‍ കുറയാത്ത ഭിന്നശേഷിയുള്ള കുട്ടികള്‍ മെഡിക്കല്‍ ബോര്‍ഡിന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റ് വാങ്ങണം.
ആര്‍ക്കൊക്കെ സ്‌കോളര്‍ഷിപ്പ് ലഭിക്കും
MAT, SAT എന്നീ പരീക്ഷകളിലായി 40 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവരെ മാത്രമേ സ്‌കോളര്‍ഷിപ്പിന് പരിഗണിക്കൂ. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 32 ശതമാനം മതിയാകും. കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് കേരളത്തില്‍ ഇത്തവണ 3473 കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. ഒരോ ജില്ലയിലെയും ഏഴ്, എട്ട് ക്ലാസുകളില്‍ അതത് അധ്യയന വര്‍ഷത്തില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തിന്റെ അനുപാതത്തിലാണ് ഒരോ ജില്ലയ്ക്കും സ്‌കോളര്‍ഷിപ്പ് ക്വാട്ട അനുവദിക്കുക. നിശ്ചിത ശതമാനം യോഗ്യതാമാര്‍ക്ക് നേടിയ നിരവധി കുട്ടികള്‍ ഉണ്ടാകും എന്നതിനാല്‍ ഒരോ ജില്ലയുടെയും കട്ട് ഓഫ് ഒരോ വര്‍ഷവും മാറിമാറി വരാറുണ്ട്.
ഇനിയുള്ള സമയം സ്മാര്‍ട്ടായി പഠിച്ചാല്‍ പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് അരലക്ഷം രൂപ കൈപിടിയിലൊതുക്കാം.
വെബ്സൈറ്റ്: nmmse.kerala.gov.in
ഇ മെയില്‍ ഐ.ഡി, മൊബൈല്‍ നമ്പര്‍, വരുമാന സര്‍ട്ടിഫിക്കറ്റ്, എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ്, പി.ഡബ്ല്യു.ഡി വിഭാഗക്കാര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ.
ഓര്‍മിക്കേണ്ട തീയതികള്‍
അപേക്ഷ: ഒക്ടോബര്‍ 20-നവംബര്‍ 3
പരീക്ഷ: ഡിസംബര്‍ 7
ഇനിയുള്ള ആഴ്ചകളില്‍ എന്‍.എം.എം.എസ് പരീക്ഷയ്ക്ക് സഹായകമാകുന്ന പഠനക്കുറിപ്പുകളും വിശകലനങ്ങളും വിദ്യാപ്രഭാതത്തില്‍ വായിക്കാം…
വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JmpgqVyKkPb3UxjjPqq81b
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."