HOME
DETAILS
MAL
സര്‍ക്കാരില്‍ എല്ലാ വിഭാഗത്തിനും പ്രാതിനിധ്യം നല്‍കുമെന്ന് താലിബാന്‍
backup
August 28 2021 | 03:08 AM
കാബൂള്‍: അഫ്ഗാനില്‍ ഗോത്രവിഭാഗങ്ങളുള്‍പ്പെടെ എല്ലാവരുമുള്ള ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാന്‍ താലിബാന്‍ തയാറെടുക്കുന്നതായി പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ ടിവി റിപ്പോര്‍ട്ട് ചെയ്തു.
പുതിയ സര്‍ക്കാരിന്റെ നേതൃസ്ഥാനത്തേക്ക് പത്ത് പേര്‍ പരിഗണനയിലുണ്ട്. അമീറുല്‍ മുഅ്മിനീന്‍ എന്ന പദവിയിലുള്ളയാളായിരിക്കും സര്‍ക്കാരിന്റെ തലപ്പത്ത്. ധനമന്ത്രി, ആഭ്യന്തരമന്ത്രി, ഇന്റലിജന്‍സ് മേധാവി എന്നിവരെ നിയമിച്ചതായി നേരത്തേ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനു പുറമെ നിയമം, പ്രതിരോധം, വിദേശകാര്യം തുടങ്ങിയ വകുപ്പുകളിലും മന്ത്രിമാരുണ്ടാകും.
ഭാവി സര്‍ക്കാരിന് രൂപം നല്‍കാനും മന്ത്രിമാരെ തീരുമാനിക്കാനുമായി സുപ്രിം കൗണ്‍സില്‍ യോഗം ചേര്‍ന്നതായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ഇതില്‍ പങ്കെടുക്കാനായി താലിബാന്‍ സ്ഥാപകന്‍ മുല്ല ഉമറിന്റെ മകനും സൈനിക മേധാവിയുമായ മുല്ല മുഹമ്മദ് യഅ്ഖൂബ് കാണ്ഡഹാറില്‍ നിന്നും തലസ്ഥാനത്തെത്തിയിരുന്നു. സ്ഥാപക നേതാക്കളിലൊരാളായ അബ്ദുല്‍ ഗനി ബറാദാര്‍ നേരത്തെ കാബൂളിലെത്തിയിരുന്നു. ഇദ്ദേഹം പ്രസിഡന്റാകാന്‍ സാധ്യതയുണ്ട്.
വിവിധ ഗോത്രവര്‍ഗങ്ങളുണ്ടെന്നതാണ് അഫ്ഗാനിലെ അവസാനിക്കാത്ത യുദ്ധങ്ങളുടെ കാരണങ്ങളിലൊന്ന്. ഇവര്‍ക്ക് പ്രാതിനിധ്യം നല്‍കി രമ്യതയുണ്ടാക്കാനാണ് താലിബാന്‍ ശ്രമം.
പഷ്ത്തൂണുകളാണ് രാജ്യത്തെ വലിയ ഗോത്രവിഭാഗം. ജനസംഖ്യയുടെ 42 ശതമാനം ഇവരാണ്. 18ാം നൂറ്റാണ്ടുമുതല്‍ പഷ്‌തോ ഭാഷ സംസാരിക്കുന്ന സുന്നി മുസ്‌ലിംകളാണ് അഫ്ഗാനിലെ പ്രധാന വിഭാഗം.
താജിക്, ഉസ്‌ബെക് ഗോത്ര നേതാക്കളുടെ മക്കളും മന്ത്രിസഭയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
യു.എസ് നിര്‍ബന്ധത്തിനു വഴങ്ങി മുന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി, മുന്‍ മന്ത്രിസഭയിലെ പ്രധാനിയായ അബ്ദുല്ല അബ്ദുല്ല എന്നിവരെയും മന്ത്രിസഭയിലുള്‍പ്പെടുത്തിയേക്കും.
സ്ത്രീകള്‍ക്ക് മുന്‍ സര്‍ക്കാരിലെന്നപോലെ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളില്‍ പരിഗണനയുണ്ടാകും.
അഴിമതി തീണ്ടാത്ത ഉദ്യോഗസ്ഥരെയാണ് പ്രത്യേക കോടതികളില്‍ നിയമിക്കുക. 2020ലെ ദോഹ കരാര്‍ പ്രകാരം അഫ്ഗാന്‍ മണ്ണ് ഭീകരാക്രമണത്തിന് അനുവദിക്കില്ലെന്നും താലിബാന്‍ വൃത്തങ്ങള്‍ അല്‍ജസീറയോടു പറഞ്ഞു.
എന്നാല്‍ ഇടക്കാല സര്‍ക്കാര്‍ എത്രകാലത്തേക്കാണെന്ന് അവര്‍ വെളിപ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."