ഇസ്‌റാഈല്‍ വ്യോമാക്രമണം; ഓരോ 15 മിനിറ്റിലും ഓരോ കുട്ടി കൊല്ലപ്പെടുന്നു; മരണസംഖ്യ 3,478 ആയി
ഓരോ 15 മിനിറ്റിലും ഓരോ കുട്ടി കൊല്ലപ്പെടുന്നു; മരണസംഖ്യ 3,478 ആയി
ഗസ്സ സിറ്റി: ഇസ്‌റാഈല്‍ തുടരുന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3478 ആയി. 12,065 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്‌റഈല്‍ അതിക്രമത്തില്‍ കൊല്ലപ്പെട്ടത് 69 പേരാണ്. 1300 പേര്‍ക്കാണ് പരുക്കേറ്റത്. ഗസ്സയില്‍ കൊല്ലപ്പെട്ടവരില്‍ മൂന്നിലൊന്നും കുട്ടികളാണ്. ആക്രമണം തുടങ്ങിയ ഒക്ടോബര്‍ ഏഴിന് ശേഷം ഓരോ 15 മിനിറ്റിലും ഓരോ കുട്ടി കൊല്ലപ്പെടുന്നതായാണ് കണക്ക്.
വ്യാഴാഴ്ച രാവിലെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ 40 പേരാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. ഖാന്‍ യൂനിസില്‍ ബോംബാക്രമണത്തില്‍ തകര്‍ന്ന വീടിനുള്ളില്‍ ഏഴ് കുട്ടികളുള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ഗസ്സയിലെ റഫായിലുണ്ടായ വ്യോമാക്രമണത്തില്‍ 30 പേരാണ് കൊല്ലപ്പെട്ടത്. ഇന്നലെ അര്‍ധരാത്രിക്ക് ശേഷം നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ ഖാന്‍ യൂനിസില്‍ മാത്രം 11 പാര്‍പ്പിട സമുച്ചയങ്ങള്‍ തകര്‍ന്നു. സ്‌കൂളുകളും സര്‍വകലാശാലകളും ഓഡിറ്റോറിയങ്ങളുമെല്ലാം അഭയാര്‍ഥികളാല്‍ നിറഞ്ഞിരിക്കുകയാണ് ഗസ്സയില്‍.
ആശുപത്രി ആക്രമണത്തിന് പിന്നാലെ ഇസ്‌റാഈല്‍ ക്രൂരതയുടെ കൂടുതല്‍ നടുക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ബേക്കറികള്‍ക്ക് മുന്നില്‍ ഭക്ഷണത്തിനായി വരിനില്‍ക്കുന്നവര്‍ക്ക് നേരെയും വ്യോമാക്രമണമുണ്ടായതായി വഫ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗസ്സയിലെ വിവിധ സ്ഥലങ്ങളിലായി അഞ്ച് ബേക്കറികള്‍ ഇസ്‌റാഈല്‍ ആക്രമിച്ച് തകര്‍ത്തു.യുദ്ധം തുടരുന്നതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇസ്‌റാഈലിലെത്തി പിന്തുണ പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."