ന്യൂന മര്‍ദം ശക്തമാകുന്നു; സംസ്ഥാനത്ത് മഴ കനക്കും,പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂന മര്‍ദം ശക്തമാകുന്നതിന്റെ ഫലമായി സംസ്ഥാനത്ത് മഴ കൂടുതല്‍ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ ഇടുക്കിയില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഇടുക്കിയില്‍ നാളെ ഓറഞ്ച് അലര്‍ട്ടാണ്. ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത.
നാളെ ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന് നിലകൊള്ളുന്ന ന്യൂനമര്‍ദം നാളെ രാവിലെ വരെ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ചു തമിഴ്നാട് പുതുച്ചേരി തീരത്തേക്ക് നീങ്ങും. തുടര്‍ന്ന് നവംബര്‍ 12,13 തീയതികളില്‍ പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയില്‍ തമിഴ്നാട് പുതുച്ചേരി, കേരളം എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിക്കാനാണ് സാധ്യത. കേരളാ തീരത്ത് ശനി,ഞായര്‍ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."