പ്രധാനാധ്യാപകരുടെ കഞ്ഞിയില്‍ കല്ലിടരുത്
പ്രധാനാധ്യാപകരുടെ കഞ്ഞിയില്‍ കല്ലിടരുത്
രാജ്യത്തിന് മാതൃകയായിരുന്നു കേരളത്തിലെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി. അതിപ്പോള്‍ അപമാനമായി മാറുകയാണോ എന്ന് തോന്നിപ്പോകും ദിനംപ്രതി പുറത്തുവരുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍. കുട്ടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ പ്രധാനാധ്യാപകര്‍ സ്വന്തം പണമെടുത്ത് ചെലവാക്കിയതിന് തെളിവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത് ഉണ്ട ചോറിനുള്ള നന്ദിയില്ലായ്മയാണ്. സ്‌കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കി കടക്കാരായി മാറിയ നിരവധി പ്രധാനാധ്യാപകരുടെ ദൈന്യത നാം കണ്ടതാണ്. ഭക്ഷണപദ്ധതിയുമായി ഇനിയും മുന്നോട്ടുപോകാന്‍ കഴിയില്ലെന്നുവരെ പ്രധാനാധ്യാപകരുടെ സംഘടന സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നിട്ടും കൈയില്‍നിന്ന് എടുത്ത പണം തിരിച്ചു നല്‍കുന്നതിന് ഒരുറപ്പും നല്‍കാതെ പണം മുടക്കിയതിന് തെളിവില്ലെന്ന് പറയുന്നത് കോടതിയെ തെറ്റിദ്ധരിപ്പിക്കലും അധ്യാപക സമൂഹത്തെ അപഹസിക്കലുമാണ്. ഒരു ജനാധിപത്യ സര്‍ക്കാരില്‍നിന്ന് ആരും ഇത്പ്രതീക്ഷിക്കുന്നതുമല്ല. അധ്യാപകര്‍ യഥാസമയം ബില്‍ തുക കൈപ്പറ്റിയിട്ടില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. കോടതി മുറിയില്‍ പറഞ്ഞ ഈ ന്യായവാദങ്ങള്‍ ഏതെങ്കിലും സ്‌കൂള്‍ മുറ്റത്തുനിന്ന് സര്‍ക്കാരിന് പറയാനാകുമോ? അധ്യാപകരുടെ കഞ്ഞിയില്‍ കല്ലിടുന്നതിന് പകരം നല്‍കാനുള്ള പണം ഇനിയെങ്കിലും കൊടുക്കാന്‍ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കോടതി മുറിയിലെ സര്‍ക്കാര്‍ നിലപാട് വിലയിരുത്തിയാല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നത് കേന്ദ്രത്തിന്റെ ബാധ്യതയാണെന്ന് സമര്‍ഥിക്കാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരും സംശയിച്ചുപോകും. കേന്ദ്രവിഹിതമായ 200 കോടിയോളം രൂപ ലഭിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് കേരള സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഇതാണോ സംസ്ഥാനത്തെ സ്‌കൂള്‍ ഭക്ഷണ പദ്ധതിയില്‍ കല്ലുകടിക്കുള്ള കാരണം. ഇനിയെങ്കിലും യാഥാര്‍ഥ്യത്തോടെ സംഭവങ്ങളെ കാണാനും പരിഹരിക്കാനും സര്‍ക്കാര്‍ തയാറാകണം.
പദ്ധതിക്കായി സര്‍ക്കാര്‍ 642 കോടി മാറ്റിവയ്ക്കുമെന്നാണ് ബജറ്റ് പ്രസംഗത്തിന്റെ കൈയടി പ്രഖ്യാപനത്തിലൊന്ന്. എന്നാല്‍ ഈ പണം അനുവദിക്കുന്നില്ലെന്നതല്ലേ 485 കോടി ചെലവു വരുന്ന പദ്ധതി താളം തെറ്റാന്‍ കാരണം. ബജറ്റില്‍ പ്രഖ്യാപിച്ച തുക അനുവദിക്കാതെ എന്തിനാണ് അധ്യാപകരെ ഇങ്ങനെ കടക്കാരാക്കുന്നത്. കേന്ദ്ര ഫണ്ടില്ലാതെ ബജറ്റ് വിഹിതം ഉപയോഗിച്ചുതന്നെ പദ്ധതി നടപ്പാക്കാനാകും. പിന്നെന്താണ് പ്രശ്‌നമെന്ന ചോദ്യം കോടതിയുടെ മാത്രമല്ല, പൊതുസമൂഹത്തിന്റേതുകൂടിയാണ്.
2016ലെ വിലനിലവാരമനുസരിച്ചുള്ള വിഹിതമാണ് ഇന്നും ഓരോ കുട്ടിക്കായി നല്‍കുന്നത്. ഏഴു വര്‍ഷത്തിനിടെ പച്ചക്കറിയുടേയും പലവ്യഞ്ജനത്തിന്റേയും വില ഇരട്ടിയില്‍ അധികം കൂടി. ഇതൊന്നും അധികൃതര്‍ അറിഞ്ഞമട്ടില്ല. പണമില്ലാത്തതിനാല്‍ മെനു ചുരുക്കിയാല്‍ കുട്ടികളുടെ പോഷകാഹാരത്തെയാണ് പ്രതികൂലമായി ബാധിക്കുന്നത്. ലോവര്‍ പ്രൈമറി ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് ദിവസവും 450 കലോറി ഊര്‍ജവും യു.പി ക്ലാസിലെ കുട്ടിക്ക് 700 കലോറി ഊര്‍ജവും ലഭിക്കുന്നതിനുള്ള ആഹാരം ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം. ഇതിന് എട്ടു രൂപ പോര, 25 രൂപയെങ്കിലും വേണമെന്ന് ആര്‍ക്കുമറിയാം. കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളില്‍ വലിയ വിഭാഗത്തിനും ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന ആരോഗ്യമില്ലെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. നമ്മുടെ തൊട്ടടുത്തുള്ള കര്‍ണാടകയും തമിഴ്‌നാടും തെലങ്കാനയുമെല്ലാം മുട്ടയും പാലും നല്‍കുന്നത് സര്‍ക്കാരിന്റെ പ്ര ത്യേക ഫണ്ടിലെ വിഹിതത്തില്‍ നിന്നാണ്.
ഒരു കുട്ടിക്ക് എട്ടു രൂപ തോതില്‍ ഭക്ഷണം നല്‍കാന്‍ ആവില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. അരി സര്‍ക്കാര്‍ നല്‍കിയാല്‍ തന്നെ ഈ തുക പര്യാപ്തമാണോ പച്ചക്കറികള്‍ക്കും പലവ്യഞ്ജനത്തിനും പിന്നെ പാചക വാതകത്തിനുമായി. ആഴ്ചയില്‍ ഒരു ദിവസം മുട്ടയും പാലും നല്‍കണം. ഇതിനും വേണം ഈ എട്ടു രൂപയില്‍ നിന്നുള്ള ഒരു വിഹിതം. എട്ടു രൂപ തികയാതെ വന്നാല്‍ എന്തു ചെയ്യണമെന്നാണ് കോടതി സര്‍ക്കാരിനോട് ചോദിച്ചിരിക്കുന്നത്. ഈ ചോദ്യം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അധ്യാപകര്‍ ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു. പണം തികഞ്ഞില്ലെങ്കില്‍ സ്‌കൂളിന്റേയോ പി.ടി.എയുടേയോ ഫണ്ട് ഉപയോഗിക്കാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഏത് സ്‌കൂളിനാണ് ഇത്തരം ഫണ്ടുള്ളത്. കുട്ടികളില്‍നിന്നുതന്നെ പിരിച്ച് ഭക്ഷണം കൊടുക്കണമെന്നാണോ സര്‍ക്കാര്‍ പറയാതെ പറയുന്നത്.
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യ ഉച്ചഭക്ഷണം നല്‍കുന്നത്. ഇത് 10ാം ക്ലാസുവരെ ആക്കണമെന്ന ആവശ്യം ശക്തമായിരിക്കുമ്പോഴാണ് ഭക്ഷണം നല്‍കിയ പണം പോലും നല്‍കാതെ പ്രധാനാധ്യാപകരെ പട്ടിണിക്കിടുന്നത്.
എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന സ്വപ്‌ന സാക്ഷാല്‍ക്കാരത്തിനായി കേരളത്തിലെ സ്‌കൂളുകളില്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയിരുന്നു. ഒട്ടിയവയറുമായി ഒരു കുട്ടിപോലും സ്‌കൂളില്‍ ഇരിക്കരുത്, ഭക്ഷണമില്ലാത്തതിന്റെ പേരില്‍ ഒരു കുരുന്നുപോലും അക്ഷരമുറ്റത്തുനിന്ന് അകലരുത് തുടങ്ങിയവയാണ് നമ്മുടെ വിദ്യാഭ്യാസ സങ്കല്‍പ്പം. പൗരാവകാശ സംഘടന പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് നല്‍കിയ പൊതുതാല്‍പര്യ ഹരജിയില്‍ 2001ലാണ് രാജ്യത്തെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടത്. 1984 മുതല്‍ തന്നെ നമ്മള്‍ ഏറ്റെടുത്ത, അതില്‍ അഭിമാനം കൊണ്ട സര്‍ക്കാരാണിപ്പോള്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പേരില്‍ തുടര്‍ച്ചയായി കോടതിയില്‍ നിന്നുള്ള പഴി കേള്‍ക്കുന്നത്. പ്രധാനാധ്യാപകരുടെ കടം വീട്ടി കേന്ദ്ര സഹായമില്ലാതെ പദ്ധതി നടപ്പാക്കാനുള്ള ആര്‍ജവമാണ് കേരളം കാണിക്കേണ്ടത്. അതിന് പൊതുസമൂഹത്തിന്റെ പിന്തുണയും ആവശ്യമാണ്. എങ്കിലേ നമ്മുടെ കുട്ടികളുടെ വിശപ്പകലൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."