ഗസ്സന്‍ വംശഹത്യയിലെ യു.എസ് അജന്‍ഡ
ഗസ്സന്‍ വംശഹത്യയിലെ യു.എസ് അജന്‍ഡ
ഡേവിഡ് ഹേസ്റ്റ്
ഹമാസ് ആക്രമണം കഴിഞ്ഞ് മൂന്നുദിവസത്തിനുശേഷം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒരു പ്രസംഗം നടത്തി. ഡൊണാള്‍ഡ് ട്രംപിനു കീഴിലെ അധിനിവേശ മോഹിയായ ഇസ്‌റാഈല്‍ അംബാസഡര്‍ ഡേവിഡ് ഫ്രീഡ്മാനെപ്പോലും നിയന്ത്രിക്കാന്‍ തക്കതായൊരു പ്രസംഗമായിരുന്നു അത്. ഹമാസ് 40 കുഞ്ഞുങ്ങളുടെ തലയറുത്തുവെന്നു പ്രസ്താവിക്കുകയും ഗസ്സന്‍ ജനതയെ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്ന വ്യാജ ആരോപണവും ബൈഡന്‍ ഉയര്‍ത്തി. പിന്നീട് അത് തിരുത്താന്‍ വൈറ്റ് ഹൗസ് ഇടപെടുകയും ചെയ്തു. ഇതുകൂടാതെ, ഹമാസിന്റെ ആക്രമണങ്ങളോടു പ്രതികരിക്കാന്‍ ഇസ്‌റാഈലിന് എല്ലാ സഹായസഹകരണങ്ങളും ബൈഡന്‍ ഉറപ്പുനല്‍കിയിരുന്നു. ആ മൂന്നുദിവസത്തിനകംതന്നെ തങ്ങളുടെ പ്രതികരണം എന്തായിരിക്കും എന്നതിനെ സംബന്ധിച്ച് ഇസ്‌റാഈലും വ്യക്തമാക്കി. ഒരു ദാക്ഷിണ്യവും കൂടാതെ, യുദ്ധനിയമങ്ങളൊന്നും പാലിക്കാതെ ആയിരിക്കും ഹമാസിനെ തിരിച്ചാക്രമിക്കുക എന്ന് ഇസ്‌റാഈല്‍ നേതൃത്വം പ്രഖ്യാപിച്ചു. പറഞ്ഞതെല്ലാം അതുപോലെ പ്രവര്‍ത്തിച്ച അവര്‍ അണുബോംബിന്റെ നാലിലൊന്ന് സംഹാരശേഷിയുള്ള സ്‌ഫോടനങ്ങളാണ് കഴിഞ്ഞ പത്തുദിവസത്തിനകം ഗസ്സയില്‍ നടത്തിയത്. ബൈഡന്‍ തന്റെ പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിനു പുറപ്പെടുന്നതിനു തൊട്ടുമുമ്പാണ് ഗസ്സയിലെ പഴക്കം ചെന്ന ആശുപത്രികളിലൊന്നായ അല്‍അഹ്‌ലി ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ തകര്‍ക്കപ്പെട്ടത്. അഞ്ഞൂറോളം പേര്‍ കൊല്ലപ്പെട്ട ഈ ആക്രമണത്തില്‍ സന്തുഷ്ടനായ ഇസ്‌റാഈല്‍ ദേശീയസുരക്ഷാ മന്ത്രി ഇതമര്‍ ബെന്‍ ഗ്വിര്‍ പ്രതികരിച്ചത്, 'ഹമാസ് തടങ്കലിലാക്കിയ ബന്ദികളെ മോചിപ്പിക്കാത്തിടത്തോളം, ടണ്‍ കണക്കിനു സ്‌ഫോടകവസ്തുക്കള്‍ മാത്രമായിരിക്കും ഗസ്സയിലേക്ക് പ്രവേശിക്കുക. മനുഷ്യത്വപരമായ യാതൊരു സഹായവും അങ്ങോട്ടു കടക്കില്ല' എന്നാണ്. ഇസ്‌റാഈല്‍ പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ടീമില്‍ പ്രവര്‍ത്തിച്ച ഹനന്യ നഫ്തലി ആക്രമണം കഴിഞ്ഞ ഉടനെ എക്‌സില്‍ കുറിച്ചത് 'ഗസ്സയിലെ ആശുപത്രിക്കകത്തെ ഹമാസ് താവളം ഇസ്‌റാഈല്‍ വ്യോമസേന തകര്‍ത്തു' എന്നാണ്. നിമിഷങ്ങള്‍ക്കകം ഈ പോസ്റ്റ് ഒഴിവാക്കുകയും ചെയ്തു.
ബുധനാഴ്ച ബൈഡന്‍ ഇസ്‌റാഈലില്‍ എത്തുമ്പോള്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പല പ്രാദേശിക സന്ദര്‍ശനങ്ങളും റദ്ദാക്കിയിരുന്നു. വെസ്റ്റ് ബാങ്ക്, ജോര്‍ദാന്‍, ഇറാഖ്, ലബനാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ കടുത്ത ജനകീയ പ്രതിഷേധങ്ങളാണ് ഇസ്‌റാഈലിനെതിരേ നടക്കുന്നത്. തങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിക്കൊണ്ട് ഇവിടങ്ങളിലെ നേതാക്കന്മാര്‍ ആരുംതന്നെ ബൈഡനെ സന്ദര്‍ശിക്കാന്‍ തയാറായില്ല. ജോര്‍ദാനിലെ അമേരിക്കന്‍, ഇസ്‌റാഈല്‍ എംബസിക്കു മുമ്പില്‍ നൂറുകണക്കിനാളുകളാണ് പ്രതിഷേധവുമായി എത്തിയത്. ഇസ്‌റാഈല്‍ സ്ഥാനപതിയെ തിരിച്ചുവിളിക്കണമെന്നും അവരുമായുള്ള സമാധാന കരാര്‍ റദ്ദാക്കണമെന്നുമാണ് ജനകീയ ആവശ്യം. ഇതോടെ ബൈഡന്റെ അമാന്‍ സന്ദര്‍ശനവും ഉപേക്ഷിച്ചു. എന്നാല്‍ ഇസ്‌റാഈലിലെത്തിയ ബൈഡന്‍ തന്റെ മുന്‍ നിലപാട് വീണ്ടും ഉറപ്പിച്ചു. 'ആശുപത്രി ആക്രമണം നിങ്ങളുടെ ആളുകള്‍ ചെയ്തതല്ലെന്നും മറു കൂട്ടര്‍ ചെയ്തതായാണ് തനിക്ക് കണ്ടതില്‍നിന്ന് മനസിലായത്' എന്നാണ് ബൈഡന്‍ നെതന്യാഹുവിനോട് പറഞ്ഞത്.
എന്നാല്‍ ഇക്കാണുന്നതിന് അപ്പുറം അമേരിക്കയുടെ പശ്ചിമേഷ്യന്‍ നയം താളം തെറ്റുന്നതായാണ് നിരീക്ഷക വൃത്തങ്ങളില്‍ നിന്നുള്ള വിവരം. പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധിക്കു കാരണം ഹമാസ് ആക്രമണത്തിനുശേഷം അമേരിക്ക സ്വീകരിച്ച നിലപാടുതന്നെയാണെന്നു പറയേണ്ടിവരും. ഒരു മില്യന്‍ വരുന്ന ഗസ്സന്‍ ജനതയ്ക്കുമേല്‍ ബോംബാക്രമണം നടത്തി അവരെ ഗസ്സ മുനമ്പിന്റെ ഉത്തരഭാഗത്തെ ഈജിപ്ഷ്യന്‍ അതിര്‍ത്തിയിലേക്കു തള്ളിവിടാനുള്ള ഇസ്‌റാഈല്‍ പദ്ധതിക്ക് സര്‍വ പിന്തുണയും നല്‍കിയത് അമേരിക്കയാണ്. ഇതിനായി, ബോംബുകള്‍ മാത്രമല്ല, മറ്റു പലവിധത്തിലുള്ള ആയുധങ്ങളും അമേരിക്ക ഇസ്‌റാഈലിനു നല്‍കിയതായി പ്രതിരോധമേഖലയിലെ വൃത്തങ്ങളില്‍നിന്ന് വ്യക്തമാണ്. ഗസ്സയില്‍നിന്ന് ഒരു മില്യണ്‍ വരുന്ന അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ഈജിപ്തിനെ പ്രേരിപ്പിച്ചതായും വിശ്വസിനീയ വൃത്തങ്ങളില്‍നിന്ന് വിവരങ്ങളുണ്ട്. ഐക്യരാഷ്ട്രസഭയുടെയും യൂറോപ്യന്‍ യൂനിയന്റെ ഫണ്ട് സ്വീകരിക്കുന്ന മറ്റൊരു അന്താരാഷ്ട്ര ഏജന്‍സിയുടെയും സഹായത്തോടെ അമേരിക്ക ഈജിപ്ഷ്യന്‍ അതിര്‍ത്തിയായ റഫ തുറക്കാന്‍ പ്രേരിപ്പിച്ചു എന്ന് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് അല്‍അക്ബറാണ്. ഇതിനായി കൈക്കൂലിയും വാഗ്ദാനം ചെയ്തിരുന്നത്രേ. ഇത് അംഗീകരിച്ചാല്‍, ഇരുപത് ബില്യണില്‍ അധികം അമേരിക്കന്‍ ഡോളര്‍ നല്‍കാന്‍ അമേരിക്ക തയാറായിരുന്നെന്നും വിവരങ്ങളുണ്ട്. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ നിലവില്‍ അന്വേഷണം നേരിടുന്നുണ്ട്. എന്നാല്‍, ഇനിയൊരു തെരഞ്ഞെടുപ്പ് നേരിടേണ്ടിവരുന്ന സാഹചര്യത്തില്‍ തന്നെയിത് പ്രതികൂലമായി ബാധിച്ചേക്കാം എന്ന് ബോധ്യപ്പെടുന്നതിനു മുമ്പാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി ഇത്തരമൊരു ചര്‍ച്ചക്ക് തയാറായതെന്നു വ്യക്തമാണ്.
ഹമാസ് ആക്രമണത്തിനു ശേഷം അമേരിക്കയുടെ ഭാഗത്തുനിന്ന് മൂന്നു അബദ്ധങ്ങള്‍ സംഭവിച്ചു. ഒന്നാമതായി, യാതൊരു ദാക്ഷിണ്യവും കൂടാതെ ഗസ്സയെ അക്രമിക്കാന്‍ ഇസ്‌റാഈലിനെ പ്രോത്സാഹിപ്പിച്ചു, പിന്നീട്, ഫലസ്തീനികളെ ഈജിപ്തിലേക്ക് കൂട്ടപ്പലായനം നടത്താനുള്ള പദ്ധതിക്ക് ആദ്യഘട്ടത്തില്‍ സര്‍വപിന്തുണകളും നല്‍കി, മൂന്നാമതായി, പശ്ചിമേഷ്യയെ വീണ്ടുമൊരു പ്രാദേശികയുദ്ധത്തിന്റെ വക്കിലെത്തിച്ചു. തങ്ങളുടെ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായി ഇസ്‌റാഈലും അമേരിക്കയും ആദ്യം മുതല്‍തന്നെ പ്രചരിപ്പിച്ചത് ഹമാസും ഇസ്‌ലാമിക് സ്റ്റേറ്റും സമാനസ്വഭാവത്തിലുള്ള സംഘടനകളാണ് എന്നാണ്. ഇത്തരമൊരു ക്രൂരമായ സമീകരണം നടന്നുകഴിഞ്ഞതിനാല്‍, ഹമാസിനോട് പ്രതികരിക്കുക എന്നതിനപ്പുറം അവരെ പൂര്‍ണമായും തുടച്ചുനീക്കാനുള്ള ധാര്‍മിക ഉത്തരവാദിത്വം തങ്ങളിലുണ്ടെന്ന മനോഭാവത്തോടെയാണ് ഇരുവരും മുന്നോട്ടുനീങ്ങുന്നത്. ഇതു മുന്‍നിര്‍ത്തി നീങ്ങുന്ന ഇസ്‌റാഈലിന്റെ മുമ്പില്‍ ഗസ്സക്കുമേല്‍ വ്യോമാക്രമണം നടത്തി ഹമാസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യം മാത്രമല്ല ഉള്ളത്. ഹിസ്ബുല്ല, ഇറാന്‍ തുടങ്ങിയ പ്രാദേശിക ശക്തികളെയും നേരിട്ട് പശ്ചിമേഷ്യയിലെ നിലവിലെ അധികാര കേന്ദ്രത്തില്‍ പോലും ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമമാണ്.
നെതന്യാഹുവും പ്രതിപക്ഷ നേതാവായ ബെന്നി ഗാന്റ്‌സും ആവിഷ്‌കരിച്ച പദ്ധതി ഗാന്റ്‌സിന്റെ ഭാഷയിലിങ്ങനെ 'ഈ മേഖലയിലെ തന്നെ സുരക്ഷാക്രമീകരണത്തിലും അധികാരക്രമീകരണത്തിലും മാറ്റം കൊണ്ടുവരിക' എന്നതാണ്. എന്നാല്‍, ഹമാസിനും ഗസ്സക്കും അപ്പുറം കടന്നു മുന്നേറാനുള്ള ഇസ്‌റാഈലിന്റെ പദ്ധതിക്ക് അമേരിക്കയുടെ പിന്തുണയുണ്ടോ എന്നുള്ളത് വ്യക്തമല്ല. എന്നിരുന്നാലും ഇത്തരമൊരു പദ്ധതി കൃത്യമായും ഇസ്‌റാഈലിനുണ്ട് എന്നത് വ്യക്തമാണ്.
ആദ്യഘട്ടത്തില്‍ ഇസ്‌റാഈലിന്റെ പദ്ധതിക്കെല്ലാം പൂര്‍ണ പിന്തുണ നല്‍കിയ അമേരിക്ക ഫലസ്തീനികളെ ഈജിപ്ഷ്യന്‍ അതിര്‍ത്തിയിലേക്ക് കടത്തുന്ന പദ്ധതിയില്‍നിന്ന് ഒരടി പിന്നോട്ടുമാറിയത് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇടപെടലോടെയാണ്. 1948ലേതിനു സമാനമായി വീണ്ടുമൊരു നഖ്ബ സംഭവിച്ചാല്‍ അത്യന്തം അപകടകരമായൊരു സാഹചര്യത്തിനു കാരണമാവും എന്നു ബ്ലിങ്കന്‍ മനസിലാക്കിയിട്ടുണ്ട്. ഫലസ്തീനികളെ അവരുടെ ജന്മദേശത്തുനിന്ന് പുറത്താക്കാനുള്ള ഏതു നീക്കത്തെയും പ്രതിരോധിക്കുമെന്ന് അറബ് രാജ്യങ്ങള്‍ ഉറപ്പുനല്‍കിയതായി ജോര്‍ദാന്‍ ഉപ പ്രധാനമന്ത്രി അയ്‌നാന്‍ സഫാദി പറഞ്ഞിട്ടുണ്ട്. മറ്റു അറബ് രാജ്യങ്ങളും ഇറാനും കൃത്യമായ മുന്നറിയിപ്പുതന്നെ ഈ വിഷയത്തില്‍ ഇസ്‌റാഈലിനും അമേരിക്കയ്ക്കും നല്‍കിയിട്ടുണ്ട്. ഈ മുന്നറിയിപ്പുകളെ പക്വതയോടെ ഗൗരവമായി കണ്ടില്ലെങ്കില്‍ പശ്ചിമേഷ്യയില്‍ നടക്കാനിരിക്കുന്ന ആക്രമണ പരമ്പരകളും ജനകീയ പ്രതിഷേധങ്ങളും കൈയുംകെട്ടി നോക്കിനില്‍ക്കേണ്ട സാഹചര്യമായിരിക്കും അമേരിക്കക്ക് ഉണ്ടാവുക.
ഹമാസിന്റ ആക്രമണത്തോടെ അമേരിക്കയുടെ നേതൃത്വത്തില്‍ അധിഷ്ഠിതമായ പശ്ചിമേഷ്യന്‍ സംവിധാനത്തിന് ഇളക്കം തട്ടിയിട്ടുണ്ട് എന്നൊരു വാര്‍ത്തയുണ്ട്. ഇസ്‌റാഈലിനു സര്‍വ പിന്തുണയും നല്‍കുന്ന തരത്തിലുള്ള അമേരിക്കന്‍ നേതൃത്വത്തിലെ പശ്ചിമേഷ്യന്‍ സംവിധാനം തകര്‍ന്നാല്‍ ലോകനേതാവാകാനുള്ള കഴിവ് അമേരിക്കക്ക് ഇല്ലെന്നുള്ളത് വ്യക്തമാവും. കഴിഞ്ഞ പന്ത്രണ്ടു ദിവസത്തെ ഹീനമായ ആക്രമണങ്ങള്‍ക്കു ശേഷവും ഇസ്‌റാഈലിനെ സംയമനത്തിലേക്കെത്തിക്കാന്‍ അമേരിക്കക്കു സാധിക്കുന്നില്ലെങ്കില്‍ അതിനര്‍ഥം നിരീക്ഷണ പാടവവും പശ്ചിമേഷ്യയെ കുറിച്ചുള്ള പ്രാദേശികമായ അറിവും ബുദ്ധിശക്തിയും അമേരിക്കക്ക് ഇല്ലെന്നു തന്നെയാണ്. നിലവില്‍ അമേരിക്കക്ക് അവരുടെ സഖ്യശക്തികളില്‍ നിന്ന് ലഭിക്കുന്ന പിന്തുണ പോലും ഇല്ലാതായിരിക്കുന്നു. ഈ ദുരന്ത പരമ്പര വല്ലവിധേനയും അവസാനിപ്പിക്കാന്‍ ബൈഡന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ട്. ആക്രമണം അവസാനിപ്പിച്ച് ഗസ്സയിലേക്ക് സഹായങ്ങള്‍ എത്തിക്കണമെന്നും ബൈഡന്‍ താത്പര്യപ്പെടുന്നുണ്ട്. അങ്ങനെ സംഭവിച്ചെങ്കില്‍ മാത്രമേ ബന്ദികളാക്കിയവരെ കൈമാറുന്നതിനെ പറ്റിയൊരു ചര്‍ച്ചയ്‌ക്കെങ്കിലും ഹമാസ് തയാറാവൂ. അതു സംഭവിച്ചില്ലെങ്കില്‍ ലോകം തന്നെയും മറ്റൊരു ഭീകരയുദ്ധത്തിനു സാക്ഷ്യം വഹിച്ചേക്കാം.
(മിഡില്‍ ഈസ്റ്റ് ഐയുടെ എഡിറ്റര്‍ ഇന്‍ ചീഫാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."