ചലന ശേഷി ഇല്ലാത്ത അൻഷിദിന് ഇനി ഉറങ്ങാം കെഎംസിസിയുടെ കാരുണ്യ ഭവനത്തിൽ
മക്ക: ചലനശേഷി ഇല്ലാത്ത പൂക്കോട്ടൂർ അറവങ്കരയിലെ പൊറ്റമ്മൽ ബഷീറിന്റെ മകൻ അൻഷിദിന് ഇനി ഉറങ്ങാം കെഎംസിസി യുടെ കാരുണ്യ ഭവനത്തിൽ. മക്ക കെഎംസിസി ഒരുക്കിയ പതിനഞ്ചാമത്തെ കാരുണ്യ ഭവനമാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അൻഷാദിന് കൈമാറുക. പിറന്ന് വീണത് മുതൽ 24 വർഷമായി അൻഷിദ് ഒരേ കിടപ്പിലാണ്. ചലന ശേഷി ഇല്ലാത്തതിന് പുറമെ സംസാരശേഷിയും ബുദ്ധി വളർച്ചയും ഇല്ലെന്നതും അൻഷദിന്റെ ജീവിതത്തിലെ ഇരുൾ ആണ്. പ്രായം യവ്വനത്തിന്റെ ചുറുചുറുക്കിലെത്തിയിട്ടും പിഞ്ചു പൈതലിന്റെ അനക്കങ്ങൾ മാത്രമേ അൻഷിദിന് ഇപ്പോഴുമുള്ളൂ.
പിതാവ് പൊറ്റമ്മൽ ബഷീർ അൻഷിദിന്റെ ചികിത്സക്ക് മുട്ടാത്ത വാതിലുകളില്ല. ഇതിനിടയിൽ സ്വന്തമായി വീടെന്ന സ്വപ്നം മരീചികയായി തന്നെ തുടർന്നു. പതിറ്റാണ്ടുകളായി വാടക വീട്ടിലായിരുന്നു പൊറ്റമ്മൽ ബഷീർ അൻഷിദിനെയും പ്രായമായ മാതാവിനെയും സംരക്ഷിച്ച് പോന്നിരുന്നത്. പെയിന്റിംഗ് തൊഴിലാളിയായ ബഷീർ ഭാരിച്ച ചികിത്സ ചിലവുകൾക്കിടയിൽ സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂവണനാവില്ലന്ന നിരാശയിലായിരുന്നു.
ഇതിനിടെയാണ് സഊദിയിലെ സാമൂഹ്യപ്രവർത്തകനും മക്ക കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ മുജീബ് പൂക്കാട്ടൂരിന്റെ നേതൃത്വത്തിലാണ് അൻഷിദിന്റെ കുടുംബത്തിന് ബൈത്തുറഹ്മ നിർമിച്ചത്. സുമനസ്സുകളുടെ സഹായത്താൽ സ്വരൂപിച്ച പത്ത് ലക്ഷം രൂപ ചിലവഴിച്ച് നിർമിച്ചതാണ് ഈ ഭവനം. സെപ്തംബർ 1 ന് വൈകീട്ട് 4.30 ന് നടക്കുന്ന താക്കോൽദാന ചടങ്ങിൽ പി.കെ കുഞ്ഞാലിക്കുട്ടി, പി.ഉബൈദുല്ല എം.എൽ.എ, അബ്ദുസമദ് പൂക്കോട്ടൂർ, കെ.പി മുഹമ്മദ് കുട്ടി തുടങ്ങി രാഷ്ട്രീയ സാംസ്കാരിക മതരംഗത്തെ പ്രമുഖർ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."