മഴ ഇന്നും കനക്കും; ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: തിങ്കളാഴ്ച വരെ കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്ക്- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര, ഒഡിഷ തീരത്ത് ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെയും കര്‍ണാടക-കേരള തീരത്ത് നിലനില്‍ക്കുന്ന ന്യൂനമര്‍ദ പാത്തിയുടെയും സ്വാധീനമാണ് മഴയ്ക്ക് കാരണം.
ഇന്നും നാളെയും അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കാസര്‍കോട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അതേസമയം ഇന്ന് എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
ശക്തമായ മഴ സാധ്യതയുള്ളതിനാല്‍ പ്രകൃതി ദുരന്തങ്ങള്‍ കണക്കിലെടുത്ത് റവന്യൂ, പൊലിസ്, തദ്ദേശ സ്ഥാപനങ്ങള്‍, അഗ്നി രക്ഷാസേന, ഫിഷറീസ് വകുപ്പ്, തീരദേശ പൊലിസ്, ജലസേന വകുപ്പ്, കെ.എസ്.ഇ.ബി തുടങ്ങിയവയ്ക്ക് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേരള- ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ അടുത്ത രണ്ടു ദിവസങ്ങളിലായി മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ജാഗ്രതാ നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."