HOME
DETAILS
MAL
നൂറുദിനം കൊണ്ടുണ്ടായത് ചരിത്രത്തില്‍ കാണാത്ത അഴിമതി: കുഞ്ഞാലിക്കുട്ടി
backup
August 29 2021 | 03:08 AM
മലപ്പുറം: പിണറായി സര്‍ക്കാരിന്റെ 100 ദിനം കൊണ്ട് സംസ്ഥാനത്തുണ്ടായത് ഇതുവരെ കണ്ടിട്ടില്ലാത്ത അഴിമതിയും പൊലിസ് രാജുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കേരളം സാമ്പത്തിക, സാമൂഹിക, ആരോഗ്യമേഖലകളില്‍ അധോഗതിയുടെ പടുകുഴിയിലാണ്. സ്വര്‍ണക്കടത്ത്, മുട്ടില്‍ വനംകൊള്ള, ന്യൂനപക്ഷാനുകൂല്യങ്ങള്‍ നിഷേധിക്കല്‍ തുടങ്ങിയ സംഭവങ്ങളാണ് 100 ദിനത്തിനിടെ കേരളം ഈ മഹാമാരിക്കാലത്തും ശ്രവിച്ചും അനുഭവിച്ചും കൊണ്ടിരിക്കുന്നത്. നൂറുദിന പദ്ധതികളില്‍ പ്രഖ്യാപിച്ച 193ല്‍ 35 എണ്ണം മാത്രമാണ് പൂര്‍ത്തിയാക്കാനായത്.
മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് വനം, റവന്യൂ മന്ത്രിമാര്‍ക്ക് നിയമസഭയില്‍ ഉത്തരംമുട്ടേണ്ടി വന്നു. സര്‍ക്കാരിന്റെ വീഴ്ചയെ തുടര്‍ന്ന് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കി. ന്യൂനപക്ഷവകുപ്പ് സ്തംഭിച്ചിട്ടും സര്‍ക്കാര്‍ ബദല്‍ നടപടികള്‍ക്കു മുന്നിട്ടിറങ്ങുന്നില്ല. അവകാശം നിഷേധിക്കപ്പെട്ട ന്യൂനപക്ഷങ്ങളുടെ പ്രതിഷേധങ്ങളെ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. കിറ്റെക്‌സ് സംസ്ഥാനം വിട്ടപ്പോള്‍ കേരളത്തിന്റെ കൊട്ടിഘോഷിച്ച വ്യവസായസൗഹൃദ പദവിക്കാണ് തിരിച്ചടിയേറ്റത്.
കൊവിഡിന്റെ ആദ്യഘട്ടത്തില്‍ അഹങ്കരിച്ചവരുടെ പരാജയവും വിലാപവുമാണ് നൂറുദിനത്തിലിപ്പോള്‍ കാണുന്നത്. കടക്കെണിയിലും പട്ടിണിയിലുമായ നൂറോളംപേരാണ് കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യചെയ്തത്. ലോക്ക്ഡൗണിന്റെ പേരില്‍ പൊലിസിനെ കയറൂരിവിട്ട് ജനങ്ങളെ ദ്രോഹിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."