HOME
DETAILS
MAL
പാര്‍ട്ടി ഓഫിസുകളില്‍ നിന്ന് സ്റ്റാലിന്റെ ചിത്രം സി.പി.എം മാറ്റണം: വി.ഡി സതീശന്
backup
August 29 2021 | 03:08 AM
തിരുവനന്തപുരം: പതിനഞ്ച് ലക്ഷത്തോളം പേരെ കൂട്ടക്കുരുതി നടത്തിയ സ്റ്റാലിന്റെ ചിത്രം ഇന്നും തങ്ങളുടെ ഓഫീസുകളില്‍ വച്ച് ആരാധിക്കുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്. ആ ചിത്രത്തിന് മുന്നില്‍ നിന്ന് മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുമ്പോള്‍ തങ്ങളുടെ പില്ക്കാലം ഏകാധിപത്യത്തിന്റേതും നരഹത്യകളുടേതും ആണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വിശ്വസിക്കുന്ന പുതുതലമുറയെങ്കിലും അറിയണം. തങ്ങള്‍ ജനാധിപത്യവാദികളാണെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോഴും പ്രവര്‍ത്തനങ്ങളില്‍ ഏകാധിപത്യ സ്വഭാവം നിഴലിക്കുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രത്തിന്റെ ശേഷിപ്പുകളാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ജനാധിപത്യമൂല്യം തിരിച്ചറിയാന്‍ കഴിയുന്നുവെങ്കില്‍ സ്റ്റാലിനെ പോലെയുള്ള ഏകാധിപതികളുടെ ചിത്രങ്ങള്‍ ഓഫീസില്‍ നിന്ന് നീക്കം ചെയ്യാന്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തലമുറയില്‍ പെട്ട അനുഭാവികളെയെങ്കിലും ജനാധിപത്യത്തിന്റെ വഴിയേ, ഇരട്ടത്താപ്പുകള്‍ ഇല്ലാതെ സഞ്ചരിക്കാന്‍ അത് പ്രേരിപ്പിക്കട്ടെയെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം ഏകാധിപത്യത്തിന്റെയും നരഹത്യകളുടെയും കഥകള്‍ തന്നെയാണ്. കഴിഞ്ഞ ദിവസം ഉക്രെയിനില്‍ കണ്ടെടുത്ത അസ്ഥികൂടങ്ങള്‍ ജനാധിപത്യവിരുദ്ധതയിലും ഏകാധിപത്യത്തിലും അധിഷ്ഠിതമായ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ശേഷിപ്പുകളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."