ബാങ്കു വിളിക്കാരന്‍
പുനരാഖ്യാനം:
എ.കെ അബ്ദുല്‍ മജീദ്
ലെവാന്തിലെ ഒരു പട്ടണത്തില്‍ അധികമാളുകളും ഇസ്‌ലാം വിശ്വസിച്ചിരുന്നില്ല. അന്നാട്ടിലെ മസ്ജിദിലെ പരുക്കന്‍ ശബ്ദമുള്ള ബാങ്ക് വിളിക്കാരനെ മുഴുവന്‍ മനുഷ്യരും വെറുത്തു. അത്ര അരോചകമായിരുന്നു അയാളുടെ ബാങ്കുവിളി. അയാള്‍ മിനാരത്തില്‍ കയറി ബാങ്ക് വിളിക്കാന്‍ തുടങ്ങിയാല്‍ ആളുകള്‍ അതു കേള്‍ക്കാത്ത അത്ര ദൂരത്തേക്ക് ഓടിപ്പോവുകയാണ് പതിവ്.
ഒഴിഞ്ഞുപോവാന്‍ നാട്ടുകാര്‍ പലകുറി ആവശ്യപ്പെട്ടുവെങ്കിലും അയാള്‍ അതൊന്നും ചെവിക്കൊണ്ടില്ല. എല്ലാ ദിവസവും അഞ്ച് നേരങ്ങളില്‍ അയാള്‍ തന്റെ കര്‍ണകഠോരമായ ശബ്ദത്തില്‍ ബാങ്കുവിളിച്ച് ജനങ്ങളെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ മനോഹരമായി വസ്ത്രം ധരിച്ച ഒരു പരദേശി ഒരു താലം നിറയെ മധുര പലഹാരങ്ങളുമായി ആ നാട്ടില്‍ വന്നു.
ബാങ്കുവിളിക്കാരനെ തിരക്കിയാണ് ആ മാന്യന്‍ വന്നത്. ആളുകളോട് അദ്ദേഹം ബാങ്കുവിളിക്കാരനെ കുറിച്ചു ചോദിച്ചു.
എന്താണു കാര്യം എന്ന് ചോദിച്ചവരോട് അദ്ദേഹം പറഞ്ഞത്, ബാങ്കുവിളിക്കാരന്‍ തന്റെ വീട്ടില്‍ വലിയ സമാധാനം ഉണ്ടാക്കിയിരിക്കുന്നു എന്നും അതിനു പാരിതോഷികം നല്‍കാനാണ് താന്‍ വന്നിരിക്കുന്നത് എന്നുമാണ്.
നാട്ടുകാര്‍ക്ക് അത് വലിയ അത്ഭുതമായി. 'അയാളുടെ പരുക്കന്‍ ശബ്ദം മൂലം ഒരു വീട്ടില്‍ സമാധാനം പുലരുകയോ? ഇന്തെു കഥ?' എന്ന് അവര്‍ ചോദിച്ചു.
പരദേശി വിശദീകരിച്ചു: 'എനിക്ക് സുന്ദരിയായ ഒരു മകളുണ്ട്. കുറച്ചുകാലമായി അവള്‍ക്ക് ഇസ്‌ലാം മതത്തില്‍ ചേരണമെന്ന് കലശമായ മോഹം. ഞങ്ങള്‍ പല തരത്തിലും അവളെ അതില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്തു ഫലം? ഇസ്‌ലാമിനോടുള്ള പ്രേമം അത്രകണ്ട് അവളുടെ തലയ്ക്കു പിടിച്ചിരുന്നു'. പരദേശി ഒന്നു നിര്‍ത്തി ദീര്‍ഘശ്വാസം അയച്ചു. ചുറ്റും നാട്ടുകാര്‍ തന്നെ ശ്രദ്ധയോടെ കേള്‍ക്കുകയാണെന്നു മനസിലാക്കിയ അദ്ദേഹം തുടര്‍ന്നു: 'ഞാനാകെ തളര്‍ന്നു പോയിരുന്നു. ഏകമകളാണ്. അവള്‍ മതം മാറിയാല്‍ ഞങ്ങള്‍ക്കവളെ നഷ്ടപ്പെടും. അവളെ നഷ്ടപ്പെടുന്നത് എനിക്ക് സഹിക്കാന്‍ പറ്റുമായിരുന്നില്ല. എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് ഒരു പിടിയും ഉണ്ടായിരുന്നില്ല'.
'പക്ഷേ, അതിന് നിങ്ങള്‍ എന്തിനാണ് ഈ പള്ളിയിലെ ബാങ്ക് വിളിക്കാരനെ തെരഞ്ഞുവന്നത്?'- കേട്ടുനിന്ന ഒരാള്‍ ചോദിച്ചു.
'അവള്‍ ഈ ബാങ്ക് വിളിക്കാരന്റെ ബാങ്ക് കേള്‍ക്കാന്‍ ഇടയായതോടെ സംഗതി ആകെ മാറി. അത്രയും അസഹ്യമായ ശബ്ദം അതിനുമുമ്പ് അവള്‍ കേട്ടിരുന്നില്ല. മുസ്‌ലിംകളുടെ പ്രാര്‍ഥനയ്ക്കുള്ള ക്ഷണം ആണത് എന്ന് ആദ്യം അവള്‍ക്കു വിശ്വസിക്കാനായില്ല. അതു തന്നെയാണോ ബാങ്ക് എന്നവള്‍ ചോദിച്ചു. സംശയം തീരാഞ്ഞ് അവള്‍ പലരോടും അതു ചോദിച്ചുകൊണ്ടിരുന്നു. ഒടുവില്‍ അവള്‍ക്ക് അതുറപ്പായി. അതോടെ ഇസ്‌ലാം സ്വീകരിക്കാനുളള അവളുടെ മോഹം അസ്തമിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ രാത്രി സുഖമായി ഉറങ്ങിയത് അന്നാണ്. അതിനു ഞാന്‍ നിങ്ങളുടെ നാട്ടിലെ ബാങ്ക് വിളിക്കാരനോട് കടപ്പെട്ടിരിക്കുന്നു'.
ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും പള്ളിയിലെ ബാങ്ക് വിളിക്കാരന്‍ അതുവഴി വന്നു. ആളുകള്‍ പരദേശിക്ക് അയാളെ ചൂണ്ടിക്കാണിച്ചു കൊടുത്തു. ഉടനെ തന്നെ അദ്ദേഹം ബാങ്കുവിളിക്കാരനെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്ത ശേഷം 'നിങ്ങളോട് ഞാന്‍ എന്നുമെന്നും കടപ്പെട്ടിരിക്കും. എനിക്ക് എന്റെ മകളെ തിരിച്ചുതന്നത് നിങ്ങളാണ്. നന്ദിയുണ്ട് ഒരായിരം നന്ദി...' എന്നു പറഞ്ഞു. കൊണ്ടുവന്ന പലഹാരത്തളിക സമ്മാനിച്ച് പരദേശി വിടവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."