അടി ചോദിച്ചുവാങ്ങി
കൊച്ചി: സ്വാശ്രയ മെഡിക്കല്‍-ദന്തല്‍ കോളജുകളിലെ മുഴുവന്‍ സീറ്റുകളും ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി ഉപാധികളോടെ സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് സുപ്രിം കോടതി വിധിക്കു വിരുദ്ധമെന്നു വിലയിരുത്തിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ജെയിംസ് കമ്മിറ്റിയുടെ അംഗീകാരത്തോടെ പ്രവേശനവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുകള്‍ക്ക് സ്വതന്ത്രമായി നടപടികള്‍ സ്വീകരിക്കാമെന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ചോദ്യംചെയ്തു മാനേജ്‌മെന്റുകള്‍ നല്‍കിയ ഹരജികളിലാണ് കോടതി ഉത്തരവ്.
മെഡിക്കല്‍-ദന്തല്‍ കോളജുകളിലെ മാനേജ്‌മെന്റ് സീറ്റുകള്‍ ഏറ്റെടുക്കുന്നതിന് എന്ത് അടിസ്ഥാനമാണ് സ്വീകരിച്ചതെന്ന് ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് ചോദിച്ചു. എന്നാല്‍ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വ.ജനറല്‍ സി.പി സുധാകര പ്രസാദിനു കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം നിലനില്‍ക്കുന്നതല്ലെന്നു കോടതി വ്യക്തമാക്കുകയായിരുന്നു.
നീറ്റ് പട്ടികയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനത്തിനു നടപടി സ്വീകരിക്കാമെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനുള്ള പട്ടിക സര്‍ക്കാര്‍ നല്‍കുമെന്നും എ.ജി പറഞ്ഞു. പക്ഷെ ഇതു പ്രായോഗികമല്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.
2016-17 അധ്യയന വര്‍ഷത്തിലെ പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളജ് മാനേജ്‌മെന്റെ് ഫെഡറേഷനു കീഴിലുള്ള കോളജുകളുടെപ്രോസ്‌പെക്ടസ് ജെയിംസ് കമ്മിറ്റിക്കുനല്‍കുകയും ഇതു കമ്മിറ്റി അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റു ചില മാനേജ്‌മെന്റുകളുടെ പ്രോസ്‌പെക്ടസ് സംബന്ധിച്ച് ജെയിംസ് കമ്മിറ്റി അന്തിമ തീരുമാനമെടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രോസ്‌പെക്ടസ് സംബന്ധിച്ച് ജെയിംസ് കമ്മിറ്റി മൂന്നുദിവത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നും കോടതി ഉത്തരവിട്ടു.
മെഡിക്കല്‍ -ദന്തല്‍ കോളജുകളിലെ പ്രവേശനത്തിനു നീറ്റ് അടിസ്ഥാനമാക്കിയുള്ള റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നു കോടതി പറഞ്ഞു. മാനേജ്‌മെന്റ് സീറ്റുകളില്‍ സംസ്ഥാന സര്‍ക്കാരിനു അവകാശം ഉന്നയിക്കാനാവില്ല. എന്നാല്‍ പ്രവേശനവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് ജെയിംസ് കമ്മിറ്റിക്ക് അധികാരമുണ്ടെന്നും പ്രവേശന നടപടികള്‍ സുതാര്യമാക്കുന്നതിനു കമ്മിറ്റി നടപടികള്‍ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. പ്രവേശനത്തിനായി അപേക്ഷ വെബ്‌സൈറ്റില്‍ നല്‍കുന്നതിനു നടപടികള്‍ സ്വീകരിക്കണം. സുപ്രിം കോടതിയുടെ മുന്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ പ്രവേശന നടപടികള്‍ സുതാര്യമാക്കുന്നതിനായി ഇടപെടുന്നതിനു മാത്രമേ സര്‍ക്കാരിനു അധികാരമുള്ളൂവെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്വാശ്രയ മാനേജ്‌മെന്റ് കോളജുകളുടെ ഭരണതലത്തിലുള്ള അധികാരത്തില്‍ ഇടപെടുന്നതിനു സര്‍ക്കാരിനു അവകാശമില്ലെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നു ഹരജിക്കാര്‍ വാദിച്ചു.
ഭരണഘടന നല്‍കുന്ന പരിരക്ഷ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കുണ്ടെന്നും മൗലികാവകാശങ്ങള്‍ എക്‌സിക്യുട്ടീവ് ഓര്‍ഡറിലൂടെ മറികടക്കാനാവില്ലെന്നും ഹരജിക്കാര്‍ വാദിച്ചു. നീറ്റ് പട്ടികയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനത്തിനു നടപടി സ്വീകരിക്കാമെന്നു സര്‍ക്കാര്‍ നിലപാട് പ്രായോഗികമല്ലെന്നും മാനേജ്‌മെന്റിന്റെയും വിദ്യാര്‍ഥികളുടെയും അവകാശത്തിലുള്ള കടന്നുകയറ്റമാണെന്നും ഹരജിക്കാര്‍ വാദിച്ചു. എന്നാല്‍ അപേക്ഷകരുടെ റാങ്ക് സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കണമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാവുമെന്ന് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.
മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്‍കൈയടുത്ത് ഉണ്ടാക്കിയ വ്യവസ്ഥകള്‍ പ്രകാരം അന്‍പത് ശതമാനം സീറ്റില്‍ പ്രവേശം നടത്തുന്നതിനു മാനേജ്‌മെന്റുകള്‍ക്ക് അവകാശമുണ്ടെന്ന് വ്യക്തമാണെന്നായിരുന്നു ഹരജിയിലെ വാദം.
സര്‍ക്കാരിനേറ്റ ഏറ്റവുംവലിയ തിരിച്ചടി: പ്രതിപക്ഷ നേതാവ്
കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഉപാധികളോടെ സ്‌റ്റേ ചെയ്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി സര്‍ക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. യാതൊരു കൂടിയാലോചനയോ ചര്‍ച്ചയോ ഇല്ലാതെ ഏകപക്ഷീയമായി സര്‍ക്കാര്‍ എടുത്ത തീരുമാനത്തിനേറ്റ അടിയാണ് ഹൈക്കോടതി നടപടി. സ്വാശ്രയ വിഷയത്തില്‍ തലയൂരാന്‍ ശ്രമിച്ച സംസ്ഥാന സര്‍ക്കാറിന് യഥാര്‍ഥത്തില്‍ ആശ്വാസം നല്‍കുന്നതാണ് ഹൈക്കോടതി നടപടിയെന്ന് ചെന്നിത്തല പരിഹസിച്ചു.
സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന മെഡിക്കല്‍ പ്രവേശനം ലക്ഷ്യം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന മെഡിക്കല്‍ പ്രവേശനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും നല്ലനിലയില്‍ പ്രവേശനം നടത്തണമെന്നുമാത്രമാണ് സര്‍ക്കാരിന്റെ മനസിലുള്ളതെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിന് തിരിച്ചടിയല്ലെന്നും മന്ത്രി പറഞ്ഞു. ഉത്തരവിനെതിരേ സര്‍ക്കാര്‍ കോടതിയെ സമീപിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സമവായത്തിലൂടെ പ്രശ്‌നപരിഹാരത്തിന്
ശ്രമിക്കും: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: മെഡിക്കല്‍ മാനേജ്‌മെന്റുകളുമായി സമവായത്തിലൂടെ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. ആരുമായും ഏറ്റുമുട്ടലിനില്ല. അപ്പീല്‍ പോകണോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ആലോചിച്ച് തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."