സഊദിയില്‍ നഗരങ്ങളെ ബന്ധിപ്പിച്ച് ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്ക് തുടക്കം; വിദേശ കമ്പനികള്‍ക്ക് ലൈസന്‍സ്
റിയാദ്: സഊദി അറേബ്യയിലെ ബസ് സര്‍വ്വീസ് മേഖലയിലേക്ക് വിദേശ കമ്പനികള്‍ കടന്നുവരുന്നു. രാജ്യത്തെ മുഴുവന്‍ നഗരങ്ങളേയും ചെറുപട്ടണങ്ങളേയും ബന്ധിപ്പിക്കുന്ന ദീര്‍ഘദൂര സര്‍വ്വീസിന് ലൈസന്‍സ് കിട്ടിയ മൂന്ന് കമ്പനികളുടെ ബസുകള്‍ ഓടിത്തുടങ്ങിയിട്ടുണ്ട്.
രാജ്യത്തെ മൂന്നു മേഖലകള്‍ കേന്ദ്രീകരിച്ച് 200 നഗരങ്ങളെ ബന്ധിപ്പിച്ച് 76 റൂട്ടുകളിലാണ് ആദ്യഘട്ടത്തില്‍ ബസ് സര്‍വിസ്. വടക്കന്‍ സൗദിയില്‍ ദര്‍ബ് അല്‍ വതന്‍, വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ നോര്‍ത്ത് വെസ്റ്റ് കമ്പനി, തെക്കന്‍ മേഖലയില്‍ സാറ്റ് എന്നീ കമ്പനികളാണ് ബസ് സര്‍വിസുകള്‍ ആരംഭിച്ചത്. ദര്‍ബ് അല്‍വതന്‍ കമ്പനി 26 റൂട്ടുകളില്‍ 75 ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച് ദിവസേന 124 സര്‍വിസുകള്‍ നടത്തും.
നോര്‍ത്ത് വെസ്റ്റ് ബസ് കമ്പനി 23 റൂട്ടുകളില്‍ 70 ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച് പ്രതിദിനം 190 സര്‍വിസുകളും സാറ്റ് 27 റൂട്ടുകളില്‍ 80 ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച് ദിവസേന 178 സര്‍വിസുകളാണ് നടത്തുന്നത്.ഏകദേശം 18 ലക്ഷത്തോളം യാത്രക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്റിയാദ്, ജിദ്ദ, മക്ക, മദീന, ദമ്മാം, യാംബു, ജുബൈല്‍, ഹഫര്‍ അല്‍ബാത്വിന്‍, ബുറൈദ തുടങ്ങി 65 ചെറിയ ബസ് സ്റ്റേഷനുകളും ഏഴു പ്രധാന സ്റ്റേഷനുകളും പുതിയ സര്‍വിസ് ശൃംഖലയുടെ ഭാഗമാകും. പൊതുഗതാഗത പദ്ധതിയുടെ ഭാഗമായി ജി.പി.എസ് ട്രാക്കിങ് സംവിധാനങ്ങളും നിരീക്ഷണ കാമറകളും ഘടിപ്പിച്ച ആധുനിക സൗകര്യങ്ങളോടെയുമാണ് ബസുകള്‍ ഓടുന്നത്.
സൗദി വിഷന്‍ 2030 പദ്ധതി ലക്ഷ്യങ്ങള്‍ക്കനുസൃതമായാണ് പൊതുഗതാഗത വികസനം. സൗദി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കമ്പനിയാണ് (സാപ്റ്റ്കോ) നിലവില്‍ നഗരങ്ങള്‍ക്കിടയില്‍ ബസ് സര്‍വിസ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."