വിവാദത്തിന്റെ നീരൊഴുക്കുമായി വീണ്ടും കാവേരി
മനോഹരൻ ആയക്കുറിശ്ശി
കാവേരി നദീജലം പങ്കിടുന്നത് സംബന്ധിച്ച് കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി(CWMA), കാവേരി വാട്ടർ റഗുലേഷൻ കമ്മിറ്റി(CWRC) എന്നിവയുടെ ഉത്തരവ് സുപ്രിംകോടതി ശരിവച്ചതോടെ കർണാടക സംസ്ഥാനം വീണ്ടും കലുഷിതമായിരിക്കുകയാണ്. കാവേരി നദീജലപ്രശ്നത്തിൽ കർണാടകയിൽ കന്നഡ രക്ഷണ വേദികയും തമിഴ്നാട്ടിൽ ദ്രാവിഡ കക്ഷികളും വളരെ വൈകാരികമായാണ് എന്നും പ്രതികരിച്ചിട്ടുള്ളത്.വെള്ളത്തിന്റെ വില അറിയുന്ന ഇരു സംസ്ഥാനങ്ങളുടേയും പ്രതിഷേധം പലപ്പോഴും സംഘർഷത്തിലെത്തിയിട്ടുമുണ്ട്.
1991ൽ നടന്ന കാവേരി ബന്ദിൽ കന്നഡിയരും തമിഴരും തമ്മിലുണ്ടായ സംഘർഷത്തിൽ കർണാടകത്തിൽ പലയിടത്തും തമിഴർ കൂട്ടത്തോടെ അക്രമിക്കപ്പെട്ടു, അതിന്റെ പ്രത്യാഘാതം തമിഴ്നാട്ടിലുമുണ്ടായി. ലക്ഷക്കണക്കിന് തമിഴർ അധിവസിച്ചിരുന്ന ബംഗളൂരുവിലാണ് വ്യാപക അക്രമങ്ങൾ നടന്നത്. തമിഴരുടെ വീടുകളും സ്ഥാപനങ്ങളും തീവച്ച് നശിപ്പിക്കപ്പെട്ടു. അനേകായിരം പേർ കൈയിൽ കിട്ടിയതുമെടുത്ത് തമിഴ്നാട്ടിലേയ്ക്ക് പലായനം ചെയ്തു. പൊലിസ് വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. കാലവർഷം കനക്കുകയും കാവേരിവെള്ളം അനുസ്യൂതം തമിഴ്നാട്ടിലേക്ക് ഒഴുകിത്തുടങ്ങിയതോടെയുമാണ് സംഘർഷം ശമിച്ചത്. ഇടയ്ക്കിടെ തർക്കം വീണ്ടും ഉയർന്നുവന്നെങ്കിലും കാവേരിയുടെ വൃഷ്ടിപ്രദേശങ്ങളിൽ വേണ്ടത്ര മഴ ലഭിച്ചതിനാൽ കഴിഞ്ഞ മൂന്നാല് വർഷമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല.
കോൺഗ്രസ് അധികാരത്തിൽ വന്ന ഈ വർഷം വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാൽ കർണാടകയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് താണു. കെ.ആർ.എസ് ജലസംഭരണിയിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ12ന് 113.62 ടി.എം.സി കാവേരി വെള്ളം സ്‌റ്റോക്ക് ഉണ്ടായിരുന്നിടത്ത് ഈ സെപ്റ്റംബർ 12ന് അവശേഷിച്ചത് 63.80 ടി.എം.സി മാത്രം. വെള്ളലഭ്യത നാമമാത്രമായതോടെ ഇരു സംസ്ഥാനങ്ങളിലേയും കർഷകർ ദുരിതത്തിലായി. തമിഴ്നാട് ഭരിക്കുന്ന ഡി.എം.കെയും കർണാടക ഭരിക്കുന്ന കോൺഗ്രസും ഇൻഡ്യ മുന്നണിയുടെ ഭാഗമാണെങ്കിലും അതതു സംസ്ഥാനങ്ങളുടെ താൽപര്യം സംരക്ഷിക്കാനുള്ള ബാധ്യതയിൽ ഇരുഭരണവർഗ പാർട്ടികളും ശ്രദ്ധയൂന്നുന്നത് പതിവാണ്. പ്രതിപക്ഷ പാർട്ടികൾ മുതലെടുക്കുമ്പോൾ പ്രത്യേകിച്ചും.
തമിഴ്നാട് സുപ്രിംകോടതിയെ സമീപിച്ചതിനെ തുടർന്നാണ് ചീഫ് ജസ്റ്റീസ് പ്രത്യേക ബെഞ്ച് രൂപീകരിച്ച് കേസ് അതിന്റെ പരിഗണനയ്ക്ക് വിട്ടത്. പ്രത്യേക ബെഞ്ചാകട്ടെ ഉചിതമായ തീരുമാനം കൈകൊള്ളാൻ CWMA, CWRC എന്നിവയെ ചുമതലപ്പെടുത്തി.
സെക്കന്റിൽ 12,500 ഘനയടി വെള്ളം പതിനഞ്ചു ദിവസത്തേക്ക് അടിയന്തരമായി വിട്ടുനൽകാൻ നിർദേശിക്കണമെന്ന് തമിഴ്നാട് CWMAയോട് അഭ്യർഥിച്ചപ്പോൾ 3000 ഘനയടിയിൽ കൂടുതൽ വിട്ടുനൽകാൻ നിർവാഹമില്ലെന്ന നിലപാടാണ് കർണാടക സ്വീകരിച്ചത്. 5000 ഘനയടി 15 ദിവസത്തേയ്ക്ക് വിട്ടുനൽകാൻ സെപ്റ്റംബർ12 ന് CWMA ഉത്തരവിട്ടു. ഇതിനെതിരേ കർണാടക റിവ്യൂ അപേക്ഷ സമർപ്പിച്ചു. തുടർന്ന് ഇരു സംസ്ഥാനങ്ങളും സുപ്രിംകോടതിയെ സമീപിച്ചതോടെയാണ് CWMA ഉത്തരവ് സുപ്രിംകോടതി ശരിവച്ചത്.
വേനൽ രൂക്ഷമാകുന്നതോടെ ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ സജീവ ചർച്ചയാകുന്ന കാവേരി നദീജലത്തിന്റെ രാഷ്ട്രീയത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. തലക്കാവേരിയിൽ നിന്നാരംഭിച്ച് തമിഴ്നാട്ടിലെ പൂപുഹാർ അഴിമുഖത്തിൽ ഒഴുകിയെത്തുന്ന കാവേരി 802 കിലോമീറ്റർ നീളമുള്ള അന്തർസംസ്ഥാന നദിയാണ്. വൃഷ്ടിപ്രദേശത്തിന്റെ 42.2 ശതമാനം കർണാടകത്തിലും 54.3 ശതമാനം തമിഴ്നാട്ടിലും 3.5 ശതമാനം കേരളത്തിലുമാണ്. ഒരു വർഷം കാവേരിയിലൂടെ ഒഴുകുന്ന 790 ടി.എം.സി ജലത്തിന്റെ14 ശതമാനം കേരളത്തിൽ നിന്നും 53.8 ശതമാനം കർണാടകയിൽ നിന്നും 31.9 ശതമാനം തമിഴ്നാട്ടിൽ നിന്നും സ്വരൂപിക്കുന്നു. നാമമാത്രമാണ് പോണ്ടിച്ചേരിയുടെ വിഹിതം.
2007ലെ കാവേരിനദീജല ട്രൈബ്യൂണലിന്റെ വിധിപ്രകാരം 419 ടി.എം.സി ജലം തമിഴ്നാടിനും 270 ടി.എം.സി കർണാടകത്തിനും 30 ടി.എം.സി കേരളത്തിനും അവകാശപ്പെട്ടതാണ്. നദിതടത്തിലെ നീരൊഴുക്ക് ഉറപ്പുവരുത്തുന്നതിനും കടലിലേക്ക് ഒഴുകിയെത്താനും 14 ടി.എം.സി ജലം ട്രൈബ്യൂണൽ മാറ്റിവച്ചിട്ടുണ്ട്. കാവേരി ട്രൈബ്യൂണൽ വിധിപ്രകാരം കേരളത്തിന് ലഭിക്കുന്ന 30 ടി.എം.സിയിൽ 21 ടി.എം.സി കബനി തടത്തിലും ആറ് ടി.എം.സി ഭവാനിപുഴയുടെ തീരങ്ങളിലും മൂന്ന് ടി.എം.സി പമ്പാർ തടത്തിലും ഉപയോഗപ്പെടുത്താമെന്നാണ്.
Content Highlights:kaveri again with the flow of controversy
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."