രണ്ട് അമേരിക്കന്‍ ബന്ദികളെ ഹമാസ് വിട്ടയച്ചിട്ടും അയയാതെ ഇസ്‌റാഈല്‍, ജനവാസ കേന്ദ്രങ്ങള്‍ ഉന്നം വെച്ച് വ്യോമാക്രമണം ശക്തം
രണ്ട് അമേരിക്കന്‍ ബന്ദികളെ ഹമാസ് വിട്ടയച്ചിട്ടും അയയാതെ ഇസ്‌റാഈല്‍, ജനവാസ കേന്ദ്രങ്ങള്‍ ഉന്നം വെച്ച് വ്യോമാക്രമണം ശക്തം
ഗസ്സ സിറ്റി: ഗസ്സയില്‍ ബന്ദികളാക്കിയ രണ്ട് അമേരിക്കക്കാരെ ഹമാസ് വിട്ടയച്ചു. ഖത്തര്‍ ആഭിമുഖ്യത്തിലുള്ള മധ്യസ്ഥ ചര്‍ച്ചക്ക് പിന്നാലെയാണ് നടപടി. ഹമാസ് ടെലിഗ്രാം ചാനല്‍ തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്. ഒരു അമ്മയും മകളും ജുഡിത്ത്, മകള്‍ നടാലി റാനവുമാണ് മോചിതരായതെന്ന് നയതന്ത്ര ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയവരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവരെ റെഡ് ക്രോസിന് കൈമാറിയിട്ടുണ്ട്.ബന്ദികളുടെ വിഷയം അനുഗുണ മാര്‍ഗത്തില്‍ കൈകാര്യം ചെയ്യാന്‍ ഒരുക്കമാണെന്നും അതിന് ഗസ്സയിലെ ഇസ്‌റാഈല്‍ ബോംബുവര്‍ഷം അവസാനിപ്പിക്കണമെന്നുമുള്ള ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്. മാനുഷിക വശം പരിഗണിച്ചാണ് വിട്ടയക്കുന്നതെന്നും ഹമാസ് വ്യക്തമാക്കിയിരുന്നു.
#Breaking| Media coverage: “Al Qassam Brigades publishes a footage for the 2 American captives after releasing them for humanitarian reasons.” pic.twitter.com/XBmpeyJ54S
— Quds News Network (@QudsNen) October 20, 2023
എന്നാല്‍ ഹമാസിന്റെ ആവശ്യം ഇസ്‌റാഈല്‍ വകവെച്ചിട്ടില്ല. തടവുകാരെ മോചിപ്പിച്ചിട്ടും ഇസ്‌റാഈല്‍ ആക്രമണം അതിശക്തമായി തുടരുകയാണ്. ജനവാസ കേന്ദ്രങ്ങള്‍ ഉന്നമിട്ടാണ് ഇപ്പോള്‍ നടത്തുന്ന ആക്രമണങ്ങള്‍. നൂറിലേറെ കേന്ദ്രങ്ങളില്‍ ഇന്നലെ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഇതോടെ മരണ സംഖ്യ നാലായിരം കടന്നു. ആശുപത്രികള്‍ ഭൂരിഭാഗവും അടച്ചിടലിന്റെ വക്കിലാണ്. മരുന്നും വെള്ളവും ഭക്ഷണവും ലഭിക്കാതെ പതിനായിരങ്ങള്‍ ദുരിതത്തിലാണ്. ഗസ്സയിലെ അല്‍ ഖുദ്‌സ് ആശുപത്രിയില്‍ നിന്ന് എല്ലാവരെയും ഉടന്‍ ഒഴിപ്പിക്കാന്‍ സൈന്യം രാത്രി മുന്നറിയിപ്പ് നല്‍കി. രോഗികളും കൂട്ടിരിപ്പുകാരും അഭയം തേടിയെത്തിയവരുമായി ആശുപത്രി കെട്ടിടത്തിലുള്ളത് പന്ത്രണ്ടായിരം പേരാണ്. എന്നാല്‍ അല്‍അഹ്‌ലി ആശുപത്രിയുടെ നടുക്കുന്ന അനുഭവം മുന്നിലുള്ളതിനാല്‍ സൈനിക മുന്നറിയിപ്പ് പാലിക്കുകയല്ലാതെ മറ്റു വഴിയില്ല, അല്‍ ഖുദ്‌സ് ഹോസ്പിറ്റല്‍ അധികൃതര്‍ക്ക്. ഇതായിരുന്നു കഴിഞ്ഞ രാത്രി ഗസ്സയിലെ അവസ്ഥ.
അതിനിടെ മോചനത്തിന് മുന്‍കൈയെടുത്ത ഖത്തറിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നന്ദി അറിയിച്ചു. അവശേഷിച്ച ബന്ദികളുടെ മോചനം ഉറപ്പാക്കാന്‍ എല്ലാ മാര്‍ഗങ്ങളും ആരായുന്നതായി യു.എസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു. 200ഓളം ഇസ്‌റാഈലി ബന്ദികളാണ് ഹമാസിന്റെ നിയന്ത്രണത്തിലുള്ളത്. ഏറെപ്പേരും ജീവനോടെയുണ്ടെന്നാണ് ഇസ്‌റാഈല്‍ പറയുന്നത്.
ഗസ്സയിലേക്ക് ഭക്ഷ്യോല്‍പന്നങ്ങളും മരുന്നുകളുമായി ഇരുപത് ട്രക്കുകള്‍ ഇന്നോ നാളെയോ എത്തുമെന്ന് ഈജിപ്ത് നേതാക്കളുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് ബൈഡന്‍ വെളിപ്പെടുത്തി. ഉപരോധം പിന്‍വലിക്കുകയും വെടിനിര്‍ത്തല്‍ ഉറപ്പാക്കുകയുമാണ് അടിയന്തരമായി വേണ്ടതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറസ് പറഞ്ഞു. ലബനാന്‍ അതിര്‍ത്തില്‍ ഷെല്ലാക്രമണം രൂക്ഷമായിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒന്നാകെ ഒഴിപ്പിക്കുകയാണ്. അതിനിടെ, അടിയന്തര വെടിനിര്‍ത്തലും ഫലസ്തീന്‍ പ്രശ്‌നപരിഹാരവും മുന്‍നിര്‍ത്തി അറബ് മുസ്‌ലിം രാജ്യങ്ങള്‍ നയതന്ത്ര നീക്കം ഊര്‍ജിതമാക്കിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."