കൊവിഡ് പരിശോധനാ രീതിയില്‍ മാറ്റം വരുത്തി കേരളം; രോഗലക്ഷണങ്ങളുള്ള എല്ലാവര്‍ക്കും ഇനി ആര്‍.ടി.പി.സി.ആര്‍ പരിശോധന
തിരുവനന്തപുരം: വാക്‌സിനെടുക്കാന്‍ അര്‍ഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പരിശോധനാ രീതി പുതുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ജില്ലകളിലെ വാക്‌സിനേഷന്‍ നില അടിസ്ഥാനമാക്കി ഗൈഡ് ലൈനും പുറപ്പെടുവിച്ചിട്ടുണ്ട്. സമൂഹത്തിലെ രോഗവ്യാപനത്തിന്റെ കൃത്യമായ അളവ് അറിയുന്നതിന് കൂടുതല്‍ പേരെ പരിശോധിക്കുന്നതാണ്.
സെന്റിനല്‍, റാണ്ടം സാമ്പിളുകളെ അടിസ്ഥാനമാക്കി എല്ലാ ജില്ലകളും പരിശോധനകള്‍ നടത്തി കോവിഡ് സാഹചര്യം വിലയിരുത്തുന്നതാണ്. എല്ലാ ജില്ലകളും റാണ്ടം സാമ്പിളുകള്‍ എടുത്ത് രോഗ ബാധകളുടെ പുതിയ കേന്ദ്രങ്ങളും ക്ലസ്റ്ററുകളും വിലയിരുത്തുന്നതാണ്.
80 ശതമാനത്തിന് മുകളില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത ജില്ലകളില്‍ നേരിയ തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ എല്ലാ രോഗലക്ഷണങ്ങളുള്ള വ്യക്തികള്‍ക്കും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുന്നതാണ്. ഈ സ്ഥലത്ത് സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആന്റിജന്‍ പരിശോധന നടത്തുന്നതാണ്. കടകള്‍, മാളുകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, ട്രാന്‍സിറ്റ് സൈറ്റുകള്‍ തുടങ്ങിയ ഉയര്‍ന്ന സാമൂഹിക സമ്പര്‍ക്കം ഉള്ള ആളുകള്‍ക്കിടയിലാണ് ഈ പരിശോധന നടത്തുന്നത്. ജില്ലയിലെ രോഗത്തിന്റെ സ്ഥിതി വിലയിരുത്താനുള്ള റാണ്ടം പരിശോധനയ്ക്കും ആന്റിജന്‍ മതിയാകും. 80 ശതമാനത്തിന് മുകളില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത തദ്ദേശ സ്ഥാപന പ്രദേശങ്ങളിലും ഈ രീതി പിന്തുടരുന്നതാണ്. 80 ശതമാനത്തിന് താഴെ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയ തദ്ദേശ സ്ഥാപന പ്രദേശങ്ങളില്‍ പഴയ രീതി തുടരുന്നതാണ്.
രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത് രണ്ടാഴ്ച കഴിഞ്ഞവര്‍ക്ക് രോഗലക്ഷണമില്ലെങ്കില്‍ റാണ്ടം പരിശോധനയില്‍ നിന്നും ഒഴിവാക്കുന്നതാണ്. രോഗം സ്ഥിരീകരിച്ച് രണ്ട് മാസത്തിനകം ഉള്ളവരേയും ഇതില്‍ നിന്നും ഒഴിവാക്കുന്നതാണ്.
ശേഖരിക്കുന്ന സാമ്പിളുകള്‍ കാലതാമസം കൂടാതെ ലാബുകളിലയച്ച് പരിശോധിച്ച് പോസിറ്റീവും നെഗറ്റീവുമായ ഫലങ്ങള്‍ എത്രയും വേഗം അപ് ലോഡ് ചെയ്യേണ്ടതാണ്. ഇതിന് വിരുദ്ധമായി ചെയ്യുന്ന ലാബുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് കിറ്റുകളുടെ ഗുണനിലവാര പരിശോധന നടത്തി നടപടി സ്വീകരിക്കുന്നതാണെന്നും അരോഗ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."