അത് പിൻവാതിലല്ല, മുൻവാതിൽ
കേരളത്തിൽ 1967ൽ അധികാരത്തിൽവന്ന സപ്തകക്ഷിമുന്നണി മന്ത്രിസഭയിൽ ഗതാഗതമന്ത്രിയായിരുന്നു അക്കാലത്തെ പ്രമുഖ സി.പി.എം നേതാവ് ഇ.കെ ഇമ്പിച്ചിബാവ. അന്ന് സർക്കാർ അധീനതയിലുള്ള നിരവധി തസ്തികകളിലെ നിയമനം പി.എസ്.സിക്ക് വിട്ടിരുന്നില്ല. കെ.എസ്.ആർ.ടി.സിയിലും മറ്റും നിരവധി പാർട്ടിക്കാർക്ക് അദ്ദേഹത്തിന്റെ കത്തുപ്രകാരം ജോലി നൽകിയതായും അത്തരം കത്തുകളിലധികവും സിഗരറ്റുകൂട് കീറി അതിലാണ് എഴുതിക്കൊടുത്തിരുന്നതെന്നും ആരോപണമുയർന്നിരുന്നു. ഇതൊക്കെ മുൻകാല രാഷ്ട്രീയപ്രവർത്തകർ അടക്കമുള്ള പഴമക്കാർ പറഞ്ഞുകേട്ടതാണ്. പാർട്ടിക്കുവേണ്ടി പോരാടിയും മർദനമേറ്റുമൊക്കെ അവശരും ദരിദ്രരുമായിപ്പോയവരുടെ മക്കൾകൂടിയായ പാർട്ടിക്കാർക്കായിരുന്നത്രെ അദ്ദേഹം ജോലി നൽകിയത്. ഇതിനെതിരേ പ്രതിപക്ഷത്തുനിന്ന് കടുത്ത എതിർപ്പുയർന്നപ്പോൾ 'ഞങ്ങളുടെ ആളുകൾക്ക് ഞങ്ങൾ ഭരിക്കുന്ന സമയത്തല്ലാതെ പിന്നെ നിങ്ങൾ ഭരിക്കുമ്പോൾ ജോലി നൽകുമോ' എന്ന് ഇമ്പിച്ചിബാവ ചോദിച്ചതായി കേട്ടിട്ടുമുണ്ട്. അങ്ങനെ ചോദിക്കാനുള്ള തന്റേടമുള്ളവനായിരുന്നു സമൂഹത്തിന്റെ അടിത്തട്ടിൽനിന്ന് വിപ്ലവപ്രവർത്തനങ്ങളിലൂടെ പാർട്ടിയുടെ കേന്ദ്രസമിതിയിൽ വരെ എത്തിയ ഇമ്പിച്ചിബാവ.
ഇതൊരു ഇമ്പിച്ചിബാവയുടെ മാത്രം കാര്യമല്ല. തുടർന്നുവന്ന ഇരുമുന്നണികളുടെയും ഭരണകാലത്ത് ഇങ്ങനെ നിയമനങ്ങൾ നടന്നിട്ടുണ്ട്. പിൻവാതിൽ നിയമനമെന്ന തലക്കെട്ട് മലയാളപത്രങ്ങളിൽനിന്ന് ഒഴിഞ്ഞുപോയ കാലമുണ്ടായിട്ടില്ല. ഇങ്ങനെ നിയമനം കിട്ടിയെന്നു പറയാൻ മടിക്കാത്ത പല പാർട്ടികളിലുംപെട്ട പലരെയും കണ്ടിട്ടുമുണ്ട്. കാലക്രമേണ ഒരുപാട് സ്ഥിരം തസ്തികകളിലേക്കുള്ള നിയമനം പി.എസ്.സിയുടെ നിയന്ത്രണത്തിലായതിനാൽ ഇത്തരം നിയമനസാധ്യതകളും കുറഞ്ഞുവെന്നു മാത്രം. അന്നൊക്കെ ഓരോരുത്തർക്കും 'ഈ കത്തുമായി വരുന്നയാൾ....' എന്നുതുടങ്ങുന്ന കത്ത് നേതാക്കൾ എഴുതി ജോലി ആവശ്യമുള്ളവരുടെ കൈവശം കൊടുത്തു വിടുകയായിരുന്നു പതിവ്. ഇപ്പോൾ അത് കംപ്യൂട്ടറിൽ ടൈപ്പ് ചെയ്ത് ഇ മെയിൽ വഴിയോ, വാട്‌സ്ആപ്പ് വഴിയോ അയക്കുന്നു എന്നതാണ് പ്രധാന വ്യത്യാസം.
അതായത് ഉത്തമാ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ അവരുടെ അധികാരപരിധിയിൽ വരുന്ന ചില ജോലി ഒഴിവുകളിലേക്ക് സഖാക്കളെ നിർദേശിക്കാനാവശ്യപ്പെട്ട് പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ചതായി പറയപ്പെടുന്ന കത്ത് കേരളചരിത്രത്തിൽ ആദ്യത്തേതൊന്നുമല്ല. കോർപറേഷനിലെ സി.പി.എം പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ അനിൽ അയച്ച മറ്റൊരു കത്തും വിവാദക്കാറ്റിൽ പറന്നുനടക്കുന്നുണ്ട്.
ഇങ്ങനെയൊരു കത്ത് താൻ അയച്ചിട്ടേയില്ലെന്ന് മേയർ പറയുന്നുണ്ട്. അവർ നൽകിയ പരാതിയനുസരിച്ച് കേരള പൊലിസിന്റെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. ആര്യ പറഞ്ഞത് ശരിയായിരിക്കാനാണ് സാധ്യത. കമ്യൂണിസ്റ്റുകാർ കള്ളം പറയാറില്ലെന്ന് ആർക്കാണറിയാത്തത്. സ്വാഭിപ്രായങ്ങളും ലക്ഷ്യങ്ങളും മൂടിവയ്ക്കുന്നതിനെ കമ്യൂണിസ്റ്റുകാർ വെറുക്കുന്നു എന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ അവസാനഭാഗത്ത് പറയുന്നുണ്ടല്ലോ.
ഇതിനെക്കുറിച്ച് പാർട്ടിയും അന്വേഷിക്കുന്നുണ്ട്. കുറ്റമറ്റ അന്വേഷണ സംവിധാനവും കോടതിയുമൊക്കെ സ്വന്തമായുള്ള പാർട്ടിയാണല്ലോ സി.പി.എം. കത്തിന്റെ സ്വീകർത്താവ് റോളിലുള്ള ആനാവൂർ നാഗപ്പന്റെ നേതൃത്വത്തിൽ തന്നെയാണ് അന്വേഷണം. അതുകൊണ്ടുതന്നെ അന്വേഷണം കിറുകൃത്യമായിരിക്കുമെന്നും കുറ്റം ചെയ്തവർക്ക് മാതൃകാശിക്ഷ ലഭിക്കുമെന്നുമുള്ള കാര്യത്തിൽ ഇതെഴുതുന്നയാൾക്ക് ഒട്ടുമില്ല സംശയം. നിങ്ങൾക്കാർക്കെങ്കിലും സംശയമുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ നിങ്ങൾ സംശയരോഗികളാണ്.
പിന്നെ ഇങ്ങനെ നിയമനങ്ങൾ നടത്തുന്നതിൽ ഇന്നത്തെക്കാലത്ത് വലിയ തെറ്റൊന്നുമില്ല. അധികാരരാഷ്ട്രീയം കൈയാളുന്ന ഏതു പാർട്ടിയിലേക്കും ഇപ്പോൾ ആളുകൾ വരുന്നത് വിപ്ലവം നടത്താനോ, രാജ്യത്ത് മതേതരത്വം പുലരാനോ, അല്ലെങ്കിൽ മതാധികാരം വരാനോ ദാഹിച്ചുമോഹിച്ചൊന്നുമല്ല. ജോലിയോ, ഏതെങ്കിലും തരത്തിലുള്ള അധികാരമോ, പദവികളോ മോഹിച്ചുതന്നെയാണ്. അവരെയൊക്കെ കൂടെനിർത്തിക്കൊണ്ട് പാർട്ടി നടത്തിക്കൊണ്ടുപോകാൻ ഇങ്ങനെ പലതും വേണ്ടിവരും. ഇക്കാലത്ത് അതൊരു രഹസ്യമൊന്നുമല്ല. നാട്ടുനടപ്പു മാത്രമാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾക്ക് പിൻവാതിൽ നിയമനമെന്ന തലക്കെട്ട് മാധ്യമങ്ങൾ ഒഴിവാക്കേണ്ട കാലം അതിക്രമിച്ചിട്ടുണ്ട്. ഇപ്പോൾ അതൊക്കെ മുൻവാതിൽ തന്നെയാണ്.
ഇങ്ങനെയൊക്കെ നടന്നിട്ടുണ്ടെങ്കിൽ തന്നെ അക്കാര്യം പുറത്തുവിട്ട് വിഴുപ്പലക്കേണ്ടതുമില്ല. പണ്ട് ഇങ്ങനെയൊക്കെയുള്ള കാര്യങ്ങൾ ചെയ്താൽ പാർട്ടി ചട്ടക്കൂടിനു പുറത്ത് മറ്റൊരു ചെവി അതറിഞ്ഞിരുന്നില്ല. ഇപ്പോൾ അവസ്ഥ അങ്ങനെയല്ല. പാർട്ടിയിലെ വിഭാഗീയത കാരണമാണ് ഈ കത്തുകൾ പുറത്തുവന്നതെന്ന വാർത്ത വരുന്നുണ്ട്. എല്ലാ പാർട്ടികളിലും കുലംകുത്തികൾ വല്ലാതെ പെരുകിയിട്ടുണ്ട്. പാഴ്‌ച്ചെടികൾ പോലെയാണ് കുലംകുത്തികൾ. എത്ര വെട്ടിക്കൊന്നാലും പുറത്താക്കിയാലും അവർക്കു പൂർണനാശം സംഭവിക്കില്ല.
*
തെരഞ്ഞെടുപ്പും ഒരു ജനകീയകാര്യമാണ്
എല്ലാം മാറ്റത്തിനു വിധേയമാണെന്ന കാഴ്ചപ്പാടിലൂടെ നോക്കുമ്പോൾ ഫാസിസവും മാറ്റത്തിനു വിധേയമായിരിക്കും. ഉത്തർപ്രദേശിലെയും ഗുജറാത്തിലെയും ഫാസിസം കേരളത്തിലും പശ്ചിമബംഗാളിലും ഫാസിസമാകണമെന്നില്ല. അതുപോലെ മലബാറിലെ ഫാസിസം ചിലപ്പോൾ കൊച്ചിയിലും തിരുവിതാംകൂറിലും ജനാധിപത്യവും മതേതരത്വവുമൊക്കെയായി മാറിയേക്കും.
ബി.ജെ.പി വർഗീയ ഫാസിസ്റ്റ് കക്ഷിയാണെന്ന കാര്യത്തിൽ കേരളത്തിലെ രാഷ്ട്രീയകക്ഷികളിൽ ആ പാർട്ടിയും ബി.ഡി.ജെ.എസുമൊഴികെ മറ്റൊരു പാർട്ടിക്കുമില്ല സംശയം. ഇവിടുത്തെ പാർട്ടികൾ ഇടക്കിടെ മതേതരത്വം വെളിവാക്കിക്കൊണ്ടിരിക്കുന്നത് ബി.ജെ.പിക്കെതിരേ എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടാണ്. അക്കൂട്ടത്തിൽ ഏറ്റവും മുന്നിലുള്ളത് സി.പി.എമ്മാണ്. ബി.ജെ.പിയെ തൊട്ടവരെ തൊടുന്നവരോടുപോലും ആ പാർട്ടിക്ക് പുച്ഛമാണ്. അങ്ങനെയുള്ള പാർട്ടി കഴിഞ്ഞദിവസം വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിനെതിരേ ബി.ജെ.പിയോടൊപ്പം സമരത്തിനിറങ്ങിയതുകണ്ട് പലരും വിമർശിച്ചു. ഈ കാഴ്ച സത്യമോ, സ്വപ്‌നമോ എന്നറിയാൻ സ്വന്തം ശരീരത്തിൽ നുള്ളിനോക്കിയ ശുദ്ധാത്മാക്കളും ധാരാളമുണ്ട്.
വിമർശന കോലാഹലത്തിനിടയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പാർട്ടിയുടെ നിലപാട് വ്യക്തമാക്കി. ജനകീയകാര്യങ്ങളിൽ ബി.ജെ.പിയുമായും യോജിക്കുമെന്ന്. അദാനിയുടെ ബിസിനസ് സംരംഭങ്ങളെല്ലാം ജനകീയ കാര്യങ്ങളായതിനാൽ അതിനെ സംരക്ഷിക്കേണ്ടതുണ്ടല്ലോ. ഗോവിന്ദൻ ഇപ്പോൾ പാർട്ടിയുടെ വെറും സംസ്ഥാന സെക്രട്ടറി മാത്രമല്ല, പൊളിറ്റ് ബ്യൂറോ അംഗം കൂടിയാണ്. അതായത്, ദേശീയ നേതാവ്. ഒരു പാർട്ടിയുടെ ദേശീയ നേതാവ് പറയുന്നത് പാർട്ടിയുടെ ദേശീയ നയമായിരിക്കുമല്ലോ.
ആ നയം തന്നെയാണ് പശ്ചിമബംഗാളിലും കണ്ടത്. അവിടെ പൂർബ മേദിനിപൂർ ജില്ലയിലെ സഹകരണ സൊസൈറ്റി തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെതിരേ ബി.ജെ.പിയും സി.പി.എമ്മും സഖ്യം ചേർന്ന് മത്സരിച്ച് തകർപ്പൻ വിജയം നേടി. ബംഗാളിൽ ഇതു പുതിയ സംഭവമൊന്നുമല്ല. അവിടെ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഈ പാർട്ടികൾ പരസ്യമായി തന്നെ സഖ്യത്തിലായിരുന്നു. തെരഞ്ഞെടുപ്പും ഒരു ജനകീയ കാര്യമാണല്ലോ.
അത് ഇനിയും സംഭവിക്കും. എന്നുകരുതി വർഗീയ ഫാസിസത്തിനെതിരായ നിലപാടിൽ സി.പി.എം വെള്ളം ചേർത്തെന്നൊന്നും ആരും പറഞ്ഞേക്കരുത്. ബി.ജെ.പി ചിലയിടങ്ങളിൽ ഫാസിസ്റ്റ് കക്ഷിയല്ലാതാകുന്നത് സി.പി.എമ്മിന്റെ കുറ്റമല്ലല്ലോ. ഇക്കാര്യത്തിൽ താത്വികമായ അവലോകനം നടത്താനറിയാത്തവരാണ് വെറുതെ സി.പി.എമ്മിനെ കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."