സഊദിയിൽ സ്‌കൂളുകള്‍ തുറന്നു; കടുത്ത നിയന്ത്രണത്തിൽ വിദ്യാർത്ഥികൾ ക്ലാസുകളില്‍<br>
റിയാദ്: സഊദിയിൽ കൊവിഡിനെ തുടർന്ന് അടച്ചിട്ട വിദ്യാലയങ്ങളും കലാലയങ്ങളും 18 മാസത്തെ ഇടവേളക്കുശേഷം ഞായറാഴ്ച തുറന്നു. 12 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്കാണ് ഇപ്പോൾ പ്രവേശനം അനുവദിച്ചത്. കൊവിഡിനെ തുടർന്ന് അടച്ചിട്ട രാജ്യത്തെ സർവകലാശാലകളും ഇൻറർമീഡിയറ്റ്, സെക്കൻഡറി സ്കൂളുകളും സാങ്കതിക തൊഴിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ഞായറാഴ്ച തുറന്നത്. പ്രൈമറി സ്കൂളുകൾ തുറക്കാത്തതിനാൽ ഒക്ടോബർ 30 വരെയും നിലവിലുള്ളതുപോലെ ഓൺലൈൻ ക്ലാസ് തുടരും.
ആരോഗ്യമന്ത്രാലയത്തിന്റെ കർശനമായ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാസ്‌ക് ധരിച്ച് അകലം പാലിച്ചായിരുന്നു എല്ലാവരും ക്ലാസുകളില്‍ ഇരുന്നത്. ഏഴാം ക്ലാസിന് മുകളിലുള്ള, രണ്ടു ഡോസ് വാസ്‌കിൻ എടുത്തവര്‍ക്ക് മാത്രമാണ് ഇപ്പോൾ നേരിട്ട് ക്ലാസുകളില്‍ ഹാജരാകാന്‍ അനുമതിയുള്ളത്. കർശന ആരോഗ്യ മുൻകരുതൽ നടപടികൾക്ക് വിധേയമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നത്. ക്ളാസിലെ ഏതെങ്കിലും ഒരു കുട്ടിക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചാൽ ആ ക്ലാസ് 10 ദിവസത്തേക്ക് നിർത്തി വെക്കും. പിന്നീട് പ്രസ്തുത ക്ലാസിലെ കുട്ടികൾക്ക് 10 ദിവസം മദ്രസതി പ്ളാറ്റ്ഫോമിലൂടെ ഓൺലൈൻ ക്ലാസ്സുകൾ ആയിരിക്കും നൽകുക.
എന്നാൽ, വ്യത്യസ്ത ക്ലാസുകളിലായി രണ്ടോ അതിലധികമോ പോസിറ്റീവ് കേസുകൾ കണ്ടെത്തിയാൽ സ്കൂളിലെ മുഴുവൻ ക്ലാസ്സുകളും 10 ദിവസത്തേക്ക് നിർത്തി വെക്കുകയും എല്ലാവർക്കും ഓൺലൈൻ ക്ലാസ് നൽകുകയും ചെയ്യും. മുഴുവൻ വിദ്യാർഥികൾക്കും വാക്സിൻ നൽകുന്ന നടപടികൾ ഏറെക്കുറെ പൂർത്തീകരിച്ചിട്ടുണ്ട്.
നിലവിൽ സഊദി അറേബ്യ കൊവിഡിനെ പിടിച്ചു കെട്ടിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഞായറാഴ്ച പുറത്ത് വന്ന കണക്കുകളിൽ വെറും 208 പുതിയ കേസുകളും ആറ് മരണവും മാത്രമാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 3,346 ആളുകൾ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."