കത്ത് വിവാദം; നാളെ കോര്പറേഷന് ജീവനക്കാരുടെ മൊഴിയെടുക്കും
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ വിജിലന്‍സ് നാളെ രണ്ട് കോര്പറേഷന് ജീവനക്കാരുടെ മൊഴിയെടുക്കും. ജീവനക്കാരോട് നാളെ വിജിലന്‍സ് ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൗണ്‍സിലര്‍ ഡി ആര് അനില്‍ ഇതേവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടില്ല. നാളെ മൊഴി രേഖപ്പെടുത്താനുളള സമയം ക്രൈംബ്രാഞ്ച് അനിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.മേയറുടെ പേരിലുള്ള കത്ത് സി.പി.എം പ്രവര്‍ത്തകരുടെ ഗ്രൂപിലിട്ടത് ഡി.ആര് അനിലാണെന്നാണ് സംശയിക്കപ്പെടുന്നത്.
ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയതായി സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പറയുന്നുണ്ടെങ്കിലും ഇത് അന്വേഷണ സംഘം തള്ളുകയാണ്. പാര്‍ട്ടി പരിപാടികളുടെ തിരക്ക് പറഞ്ഞ് ആനാവൂര്‍ നേരിട്ട് മൊഴി നല്കാനെത്തിയില്ലെന്നും ഫോണില്‍ ചില കാര്യങ്ങള്‍ പറഞ്ഞതല്ലാതെ മൊഴി നേരിട്ട് രേഖപ്പെടുത്തിയിട്ടില്ലെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. പറയേണ്ടതെല്ലാം മാധ്യമങ്ങള്‍ വഴി അറിഞ്ഞില്ലേ, മേയറും പറഞ്ഞിട്ടുണ്ടല്ലോ, കത്ത് കിട്ടിയിട്ടില്ല, അതിനപ്പുറമൊന്നുമില്ലെന്നായിരുന്നു ഫോണ്‍ വിളിച്ചപ്പോഴും ആനാവൂരിന്റെ പ്രതികരണമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ആനാവൂരും, ഡി.ആര് അനിലും മൊഴി നല്കിയില്ലെങ്കിലും അടുത്തയാഴ്ച തന്നെ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."